2012-08-15 18:13:13

ലോകമെമ്പാടും വ്യാപിക്കുന്ന കലാപങ്ങള്‍ ഭീതിജനകമെന്ന്
ബര്‍ത്തലോമിയോ പ്രഥമന്‍


15 ആഗസ്റ്റ് 2012, ഈസ്താംബൂള്‍
ലോകമെമ്പാടും വ്യാപിക്കുന്ന അക്രമങ്ങള്‍ ഭീതിജനകമെന്ന്, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കള്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍ പ്രസ്താവിച്ചു. അമേരിക്കയില്‍നിന്ന് ആഫ്രിക്കയിലേയ്ക്കും, യൂറോപ്പിലും ഏഷ്യയിലും വ്യാപിക്കുന്ന അസഹിഷ്ണുതയുടെ പ്രതിഭാസം ലോക സമാധാനത്തെ ഹനിക്കുകയും മനുഷ്യാന്തസ്സ് ഇല്ലാതാക്കുകയും ചെയ്യുന്നതാണെന്ന്, ആഗസ്റ്റ് 14-ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ വെളിപ്പെടുത്തി.

മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങളിലെ, വിശിഷ്യാ നൈജീരിയയിലെയും സുഡാനിലെയും വര്‍ഗ്ഗീയ കലാപങ്ങളുടെ വേദനിപ്പിക്കുന്ന ചുറ്റുപാടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ അധിക്രമങ്ങള്‍ക്കെതിരെ സന്ദേശമയച്ചത്.
മതത്തിന്‍റെ മുഖംമൂടി അണിഞ്ഞുകൊണ്ടുള്ള വംശീയ കൊലപാതകങ്ങളെയും കൂട്ടക്കൊലകളെയും, പ്രാര്‍ത്ഥനാലയങ്ങളുടെ തകര്‍ക്കലിനെയും നിന്ദ്യവും നീചവുമെന്ന് പാത്രിയര്‍ക്കിസ് സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

പ്രതിസന്ധികള്‍ക്ക് പരിഹാരം സംവാദമാണെന്നും, അനുരഞ്ജനത്തിന്‍റെ സത്തയായ സംവാദത്തിലൂടെ മതനേതാക്കള്‍ വൈവിധ്യങ്ങള്‍ മറന്നും പരസ്പര ധാരണ വളര്‍ത്തിയും സമാധാനത്തിന്‍റെ പാത പുല്‍കണമെന്ന് പാത്രിയാര്‍ക്കിസ് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.