2012-08-14 15:18:26

ജീവന്‍റെ അപ്പത്തില്‍ വിശ്വസിക്കുക


13 ആഗസ്റ്റ് 2012, ക്യാസില്‍ ഗണ്ടോള്‍ഫോ

[ഞായറാഴ്ച ദിവ്യബലിമധ്യേ വായിച്ച സുവിശേഷഭാഗത്തെ കേന്ദ്രീകരിച്ചാണ് മാര്‍പാപ്പ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം നടത്തിയത്. വി. യോഹന്നാന്‍റെ സുവിശേഷം ആറാം അധ്യായം 41 മുതല്‍ 51 വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷ ഭാഗം.
യേശു അഞ്ചപ്പവും രണ്ടുമീനും വര്‍ദ്ധിപ്പിച്ചു അയ്യായിരത്തിലേറെ പേര്‍ക്കായി നല്‍കുന്ന അത്ഭുതമാണ് ഈ അദ്ധ്യായത്തിന്‍റെ ആദ്യഭാഗത്തു പരാമര്‍ശിച്ചിരിക്കുന്നത്. അപ്പം ഭക്ഷിച്ചു തൃപ്തരായ ജനം യേശുവിനെ രാജാവാക്കാന്‍ ശ്രമിച്ചു. അവര്‍ തന്നെ രാജാവാക്കാന്‍ ബലമായി പിടിച്ചുകൊണ്ടുപോകുമെന്ന് മനസിലാക്കിയ യേശു അവിടെ നിന്നും തനിയെ മലമുകളിലേക്കു പിന്‍മാറി. ദൈവത്തോടൊത്ത്, പിതാവിനൊടൊത്തായിരിക്കാന്‍ മലമുകളിലേക്കു പോയ യേശു പിന്നീട് കഫര്‍ണാമിലേക്കു യാത്രയായി. യേശുവിനെ കാണാതായപ്പോള്‍ അന്വേഷിച്ചിറങ്ങിയ ജനം ഒടുവില്‍ കടലിന്‍റെ മറുകരയില്‍ അവിടുത്തെ കണ്ടെത്തി. എന്നാല്‍ യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ്.”(യോഹ. 6 :26) ഭക്ഷണവും വസ്ത്രവും തൊഴിലും ഉറപ്പുവരുത്തുക എന്നതിനേക്കാളുപരിയായി മാനുഷിക അസ്തിത്വത്തിന്‍റെ ഉന്നതമായ തലങ്ങളിലേക്ക് അവരെ നയിക്കുകയാണ് കര്‍ത്താവ് ഇവിടെ ചെയ്യുന്നത്. “നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍.”(യോഹ. 6:27) എന്ന് യേശു അവരോടാവശ്യപ്പെട്ടു. താന്‍ തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ അപ്പം എന്ന ക്രിസ്തുവിന്‍റെ വെളിപ്പെടുത്തലിനോടു ജനത്തിന്‍റെ പ്രതികരണമാണ് ഈ ആഴ്ച്ചയിലെ സുവിശേഷഭാഗം]

12 ആഗസ്റ്റ് 2012 ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്


“വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലെ ആറാം അദ്ധ്യായത്തില്‍ നിന്നുള്ള തിരുവചനങ്ങളാണ് ഇക്കഴിഞ്ഞ ഞായറാഴ്ചകളില്‍ നാം ശ്രവിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചപ്പം അയ്യായിരം പേര്‍ക്കായി യേശു വര്‍ദ്ധിപ്പിച്ചു നല്‍കിയ സംഭവത്തെക്കുറിച്ച് നാം വിചിന്തനം നടത്തിക്കഴിഞ്ഞു. നിത്യജീവന്‍ പ്രദാനം ചെയ്യുന്ന ജീവന്‍റെ അപ്പം ലഭിക്കാന്‍ വേണ്ടി പ്രയത്നിക്കാന്‍ യേശു നല്‍കുന്ന ആഹ്വാനത്തെക്കുറിച്ചും നാം ധ്യാനിച്ചു. താന്‍ പ്രവര്‍ത്തിച്ച അത്ഭുതത്തിന്‍റെ ആന്തരീക അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ജനത്തെ സഹായിക്കുകയാണ് യേശു. അപ്പം വര്‍ദ്ധിപ്പിച്ച് അവരുടെ ശാരീരിക വിശപ്പടക്കിയ ക്രിസ്തു, സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന നിത്യ ജീവന്‍റെ അപ്പമാണ് താനെന്ന് വെളിപ്പെടുത്തുന്നു.
മരുഭൂമിയിലൂടെയുള്ള നീണ്ട യാത്രയില്‍ ഹെബ്രായ ജനത സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അപ്പം ഭക്ഷിച്ചിട്ടുണ്ട്. വാഗ്ദത്ത ദേശത്ത് എത്തുന്നതുവരെ അവര്‍ ജീവന്‍ നിലനിര്‍ത്തിയത് മന്ന ഭക്ഷിച്ചുകൊണ്ടാണ്. എന്നാലിപ്പോള്‍ താന്‍ തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അപ്പമെന്ന് യേശു അവര്‍ക്കു വെളിപ്പെടുത്തുന്നു. ഒരു നിമിഷ നേരത്തേക്കയ്ക്കോ, ഒരു യാത്രയിലോ അല്ല, നിത്യമായി ജീവന്‍ നിലനിര്‍ത്തുന്ന അപ്പമാണ് യേശുക്രിസ്തു. പിതാവായ ദൈവത്തിന്‍റെ എകജാതനായ ക്രിസ്തു ദൈവിക ജീവനില്‍ നമ്മെ പങ്കുകാരാക്കുന്ന നിത്യജീവന്‍റെ അപ്പമാണ്. മനുഷ്യര്‍ക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമായി അവിടുന്ന് സ്വര്‍ഗത്തില്‍ നിന്നാഗതനായി.
ദൈവവചനമായ പത്തു കല്‍പനകളാണ് സ്വര്‍ഗ്ഗത്തില്‍ നിന്നു ലഭിച്ച യഥാര്‍ത്ഥ അപ്പമെന്ന് ഹെബ്രായ ജനത കരുതിയിരുന്നു. ദൈവം മോശവഴി നല്‍കിയ തോറാ ഇസ്രയേല്‍ ജനത്തിന്‍റെ ജീവിത കേന്ദ്രമായിരുന്നു. ദൈവഹിതം തിരിച്ചറിയുവാനും ജീവനിലേക്കുള്ള യഥാര്‍ത്ഥവഴി മനസിലാക്കുവാനും അവര്‍ക്കതു വഴി സാധിച്ചു. അടിസ്ഥാനപരമായി മറ്റു ജനതകളില്‍ നിന്നു അവര്‍ വ്യത്യസ്ഥരായതും അതുകൊണ്ടു തന്നെയാണ്. എന്നാല്‍ ഇപ്പോഴാകട്ടെ, താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ മനുഷ്യാവതാരം ചെയ്ത ദൈവവചനമാണ് താനെന്ന് യേശു സാക്ഷൃം നല്‍കിയിരിക്കുന്നു.

ഹെബ്രായര്‍ ചെയ്തതുപോലെ യേശുവിന്‍റെ ദൈവികതത്വത്തില്‍ സംശയം പ്രകടിപ്പിക്കുകയെന്നാല്‍ ദൈവിക പ്രവര്‍ത്തികള്‍ നിരസിക്കുകയെന്നാണ് അര്‍ത്ഥം. അന്ന് യഹൂദര്‍ ഇങ്ങനെ ചോദിച്ചു: “ഇവന്‍ ജോസഫിന്‍റെ മകനായ യേശുവല്ലേ? അവന്‍റെ പിതാവിനേയും മാതാവിനേയും നമുക്കറിഞ്ഞുകൂടെ? പിന്നെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിരിക്കുന്നുവെന്ന് ഇവന്‍ പറയുന്നത്?.” (യോഹ 6:42 ). യേശുവിന്‍റെ ഭൗതിക ഉത്ഭവത്തിനതീതമായി ചിന്തിക്കാന്‍ അവര്‍ക്കായില്ല, അതുകൊണ്ടു തന്നെ മാസംധരിച്ച ദൈവവചനം ഉള്‍ക്കൊള്ളാനും അവര്‍ക്കു സാധിച്ചില്ല. വി. യോഹന്നാന്‍റെ ഈ സുവിശേഷ ഭാഗത്തെക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് പറയുന്നതിപ്രകാരമാണ്. “സ്വര്‍ഗ്ഗീയ അപ്പത്തില്‍ നിന്ന് ഏറെ ദൂരെയായിരുന്ന അവര്‍ തങ്ങളുടെ വിശപ്പ് തിരിച്ചറിഞ്ഞിരുന്നുപോലുമില്ല. അവരുടെ ഹൃദയ കവാടങ്ങള്‍ രോഗഗ്രസ്തമായിരുന്നു....... ഈ ഭോജ്യം ശമിപ്പിക്കുന്നത് ആന്തരീക മനുഷ്യന്‍റെ വിശപ്പാണ്.” ഈ വിശപ്പ് നമുക്കനുഭവപ്പെടുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്. ദൈവവചനത്തിനായി ദാഹിക്കുന്നവരാണോ നമ്മള്‍? ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷൃവുമെന്താണെന്നറിയാന്‍ നമുക്കാഗ്രഹമുണ്ടോ? പിതാവായ ദൈവത്താല്‍ ആകര്‍ഷിക്കപ്പെടുകയും ദൈവവചനം ശ്രവിച്ച് ദൈവഹിത പ്രകാരം ജീവിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ യേശുവില്‍ വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയുള്ളവരാണ് യേശുവിനെ കണ്ടെത്തുന്നത്. ക്രിസ്തുവിനാല്‍ പരിപോഷിപ്പിക്കപ്പെടുന്ന അവര്‍ യഥാര്‍ത്ഥ വഴിയും സത്യവും ജീവനും കണ്ടെത്തുകയും ചെയ്യും.
വിശുദ്ധ അഗസ്തീനോസ് തുടര്‍ന്നു പറയുന്നു..... “താന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പമാണെന്നു പ്രഖ്യാപിക്കുന്ന കര്‍ത്താവ് തന്നില്‍ വിശ്വസിക്കാന്‍ നമ്മെ ഉത്ബോധിപ്പിക്കുന്നു. ജീവനുള്ള അപ്പം ഭക്ഷിക്കുക എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയെന്നാണ് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ അവിടുത്തെ തിരു ശരീര രക്തങ്ങള്‍ അനുഭവിച്ച് സംതൃപ്തരാകുന്നു. അന്തരാത്മാവില്‍ വീണ്ടും ജനിക്കുന്ന അവര്‍ പുതിയ മനുഷ്യരായി മാറുന്നു”.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുക്കുമാരനായ യേശുവിനെ കണ്ടുമുട്ടാനും സൗഹൃദത്തില്‍ വളരാനും പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം. നമ്മുടെ ആന്തരീക അസ്തിത്വം ക്രിസ്തുവിനാല്‍ നവീകരിക്കപ്പെടട്ടെ”








All the contents on this site are copyrighted ©.