2012-08-14 15:58:46

അസമില്‍ സമാധാന പദ്ധതികളുമായി ക്രൈസ്തവ നേതാക്കള്‍


14 ആഗസ്റ്റ് 2012, അസം

വംശീയ സംഘര്‍ഷത്തിനിരയായ അസമില്‍ സമുദായ ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന സമാധാനപദ്ധതിക്ക് ക്രൈസ്തവ നേതാക്കള്‍ (The Inter Church Peace Mission –ICPM) രൂപം നല്‍കി. പദ്ധതിയുടെ കര്‍മ്മരേഖ സര്‍ക്കാരിന്‍റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഐ.സി.പി.എം വക്താക്കള്‍ അറിയിച്ചു. ബൊന്‍ഗായിഗാവ് കത്തോലിക്കാ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് പുല്ലോപ്പിളില്‍, ലൂഥറന്‍ സഭയിലെ ബിഷപ്പുമാരായ നിത്യാനന്ദ് ബൊര്‍ഹോയാരി, ആനന്ദോ മോഷഹരി, എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍മ്മസമിതിയാണ് പ്രവര്‍ത്തന രേഖയ്ക്കു രൂപം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന കര്‍മ്മ പദ്ധതി പ്രകാരം പുനരധിവാസ - പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായിരിക്കും സമിതി ആദ്യം ശ്രദ്ധിക്കുക. ക്രമേണ വിവിധ ഗോത്രങ്ങളും സമുദായങ്ങളും തമ്മില്‍ പരസ്പര വിശ്വാസവും സഹകരണവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സമിതി വിശദീകരിച്ചു.
ബോഡോ മേഖലയിലെ ആദിവാസികളും ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ കലാപത്തില്‍ 65 പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ക്രൈസ്തവ സഭാ പ്രതിനിധികളും കത്തോലിക്കാ സന്നദ്ധ സംഘടകളും ദുരിതാശ്വാസ പ്രവര്‍‍‍‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു.
കലാപത്തില്‍ മാനസികാഘാതത്തിന് ഇരയായവര്‍ക്ക് കൗണ്‍സിലിംങ്ങ് നല്‍കി സമൂഹ ജീവിതത്തിലേക്ക് പുനഃപ്രവേശിക്കാന്‍ അവരെ സഹായിക്കണമെന്ന് കൊക്രജാര്‍ ജില്ലാ കമ്മീഷണര്‍ പുരു ഗുപ്ത ക്രൈസ്തവ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. വംശീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ക്രൈസ്തവ സമിതിക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ, വീടുകളിലേക്കു മടങ്ങിപ്പോകാന്‍ തിടുക്കം കൂട്ടരുതെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരോട് അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്കൊപ്പം ആഗസ്റ്റ് 13ാം തിയതി തിങ്കളാഴ്ച അസമിലെ സംഘര്‍ഷ മേഖലകളും ദുരിതാശ്വാസക്യാമ്പുകളും സന്ദര്‍ശിക്കുകയായിരുന്നു യു.പി.എ. അധ്യക്ഷ. കലാപമേഖല ശാന്തമാകാന്‍ സമയമെടുക്കും. വൈകാരികപരമായ അന്തരീക്ഷത്തിന് അയവു വന്നാല്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും സോണിയ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാവരെയും തിരികെ വീടുകളിലെത്തിക്കാനും വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്താനും യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ ഉറപ്പുനല്‍കി. കൃത്യമായി റേഷന്‍ ലഭിക്കുന്നുണ്ടെങ്കിലും ഡോക്റ്റര്‍മാരുടെ അഭാവം തങ്ങളെ വലയ്ക്കുന്നുണ്ടെന്ന് ക്യാംപിലുള്ളവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് എല്ലാ ക്യാംപുകളിലും ആവശ്യമായ വൈദ്യസഹായം എത്തിക്കണമെന്ന് സോണിയ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കലാപം നടന്ന കൊക്രജാര്‍ ധുബ്രി ജില്ലകള്‍ സന്ദര്‍ശിച്ച സോണിയയും ഷിന്‍ഡെയും കലാപബാധിതപ്രദേശങ്ങളില്‍ സാധാരണനില പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുമായും ചര്‍ച്ച നടത്തി. കലാപം അവസാനിപ്പിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഗൊഗോയ് ഉറപ്പുനല്‍കി.








All the contents on this site are copyrighted ©.