2012-08-12 12:43:58

റിയോ യുവജനമേളയ്ക്ക്
ഒരുങ്ങുന്നു


ആഗോള യുവജനദിനത്തിന് ഒരുക്കമായ പ്രാര്‍ത്ഥന പ്രകാശനംചെയ്യാന്‍ ആയിരങ്ങള്‍ ഒത്തുകൂടി. 2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന ആഗോള യുവജന ദിനത്തിന് ഒരുക്കമായിട്ടാണ് പ്രാര്‍ത്ഥന പ്രകാശനംചെയ്തത്. വിശ്വാസം, സ്നേഹം, ഉപവി എന്നീ പുണ്യങ്ങള്‍ ഇന്നത്തെ യുവജനങ്ങളില്‍ വളര്‍ത്തിക്കൊണ്ട് അവരെ ജീവന്‍റെയും സമാധാനത്തിന്‍റെയും പ്രായോക്താക്കളാക്കണമേ – എന്നാണ് പ്രകാശനംചെയ്ത പ്രാര്‍ത്ഥനയുടെ സംഗ്രഹം.

റിയോ ദി ജന്നായോ അതിരൂപതാദ്ധ്യക്ഷനും ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ജോ ടെമ്പെസ്തയാണ് പ്രാര്‍ത്ഥന പ്രകാശനംചെയ്തത്. ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിള്‍ പ്രകാശനംചെയ്ത ഈ പ്രാര്‍ത്ഥന, ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള യുവജനങ്ങള്‍ ഇനിയുള്ള ദിനങ്ങളില്‍ ഉരുവിട്ടുകൊണ്ട് ലോകയുവതയുമായി ആത്മീയ ഐക്യം പ്രാപിക്കുകയും യുവജനസമ്മേളനത്തിന്‍റെ വിജയത്തിനായി അനുദിനം പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ചുബിഷപ്പ് തെമ്പെസ്താ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ജൂലൈ 23-ാം തിയതി റിയോ നഗരത്തിലുള്ള കോപ്പര്‍കബാനാ ബീച്ചില്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ നയിക്കുന്ന പ്രാര്‍ത്ഥനയോടെ തിരിതെളിയുന്ന ലോക യുവജനദിന സമ്മേളനത്തിന്‍റെ മറ്റു പ്രധാന സംഭവങ്ങള്‍ക്ക് സാന്താക്രൂസ് വിമാനത്താവളവും പാപ്പായുടെ ദിവ്യബലിക്ക് വേദിയാകുമെന്ന്, സംഘാടകര്‍ക്കുവേണ്ടി, ഫാദര്‍ ലിയാന്ത്രോ ലെനിന്‍ അറിയിച്ചു.








All the contents on this site are copyrighted ©.