2012-08-10 15:26:06

ബൊക്കൊ ഹറാം ക്രൈസ്തവര്‍ക്കും മുസ്ലീമുകള്‍ക്കും ഒരുപോലെ ഭീഷണി: നൈജീരിയായിലെ മെത്രാപ്പോലീത്ത


10 ആഗസ്റ്റ് 2012, അബൂജ
ബൊക്കൊ ഹറാം തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കും മുസ്ലീമുകള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് നൈജീരിയായിലെ അബൂജ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലോരുംഫെമി ഒനായിയെക്കന്‍. കോഗി സംസ്ഥാനത്തെ ഒക്കേനെ മോസ്ക്കില്‍ ബൊക്കൊ ഹറാം സംഘം ആക്രമണം നടത്തിയതിനെക്കുറിച്ച് ഫീദെസ് വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓത്തീത്തെയിലെ ഒരു ക്രൈസ്തവ ദേവാലയത്തിനു നേരെ നടന്ന വെടിവെയ്പ്പില്‍ 20 പേര്‍ കൊലപ്പെട്ട സംഭവത്തിനു ശേഷമാണ് മോസ്ക്കിനു നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ടു സുരക്ഷാ സൈനീകരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ആദ്യമായിട്ടല്ല ബൊക്കൊ ഹറാം തീവ്രവാദികള്‍ മോസ്ക്ക് ആക്രമിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലോരുംഫെമി ഒനായിയെക്കന്‍ ചൂണ്ടിക്കാട്ടി. ഈ കുറ്റവാളി സംഘത്തിനെതിരേ ക്രൈസ്തവരും മുസ്ലീമുകളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ ന്യൂനപക്ഷത്തോട് വളരെ സൗഹൃദത്തില്‍ കഴിയുന്ന മുസ്ലീം സമൂഹമാണ് ഒക്കേനയിലേത്. അവിടെ ക്രൈസ്തവ – മുസ്ലീം വിഭാഗീയത സൃഷ്ടിക്കാന്‍ സാധ്യമല്ല. ബൊക്കൊ ഹറാം തീവ്രവാദികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇസ്ലാം – ക്രൈസ്തവ നേതാക്കള്‍ കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.