2012-08-08 20:39:32

മോശ – ജലത്തില്‍നിന്നും ജനിച്ചവന്‍ (2)
അത്ഭുതകരമായി രക്ഷപെടുന്ന കുഞ്ഞ്


പുറപ്പാടു ഗ്രന്ഥത്തിന്‍റെ പഠനം തുടരുകയാണ്. ഒരു ജനത്തിന്‍റെ പുറപ്പാടാണിത്.
വിമോചനത്തിന്‍റെ പുറപ്പാട്. ജോസഫിന്‍റെ സംരക്ഷണയി‍ല്‍ ഇസ്രായേല്യര്‍ ഈജിപ്തു ദേശത്ത് വളര്‍ന്നു വലുതായി. എന്നാല്‍ ഇസ്രായേല്യര്‍ തങ്ങള്‍ക്കു ഭീഷണിയായിട്ടാണ് ഫറവോയും ഈജിപ്തുകാരും കണ്ടത്.
പിന്നെ, അവരെ ഇല്ലാതാക്കുവാനുള്ള തന്ത്രമാണ് ഫറവോ മെനഞ്ഞെടുത്തത്. ഇസ്രായേല്‍ മക്കളെ സാവാധാനം അവിടത്തെ ഇഷ്ടികക്കളങ്ങളിലും വന്‍ നിര്‍മ്മാണ സ്ഥലങ്ങളിലും അടിമകളാക്കി. പിന്നെ നവജാതനരായ ഹെബ്രായ ആണ്‍കുഞ്ഞുങ്ങളെ നൈല്‍നദിയില്‍ എറിഞ്ഞു കൊല്ലുവാനും ഫറവോ കല്പനയിട്ടു. എന്നാല്‍ ‘വളഞ്ഞ രേഖകൊണ്ടും ദൈവത്തിന് നേരെ എഴുതാനാകും,’ എന്നു പറഞ്ഞിട്ടുള്ളതുപോലെ, ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളിലൂടെയും ദൈവം തന്‍റെ ജനത്തെ നയിക്കുന്നത് തുടര്‍ന്നുള്ള സംഭവങ്ങളില്‍ നമുക്കു കാണാം.

ദൈവിക പദ്ധതികള്‍ ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഫറവോയുടെ ക്രൂരതയില്‍നിന്നും ഒരു ഹെബ്രായ ബാലന്‍ വളരെ രസകരമായി രക്ഷപ്പെടുന്ന കഥയാണ് നാം ഇന്നു കേള്‍ക്കുവാന്‍ പോകുന്നത്.

ലേവി ഗോത്രത്തില്‍പ്പെട്ട ജൊക്കേബെദ് തന്‍റെതന്നെ കുലത്തില്‍നിന്നും ആമ്റാം എന്നൊരു സ്ത്രീയെ അക്കാലത്ത് വിവാഹം ചെയ്തിരുന്നു. അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള്‍ ഫറവോയുടെ കല്പനയ്ക്കു വിരുദ്ധമായി അവനെ മൂന്നു മാസം രഹസ്യമായി വളര്‍ത്തി. തുടര്‍ന്നും അവനെ വളര്‍ത്തുക ദുഷ്ക്കരമായതിനാല്‍ കുഞ്ഞിനെ നൈല്‍ നദിയില്‍ സുരക്ഷിതമായി ഒഴുക്കി വിടുവാന്‍ ആ അമ്മ തീരുമാനിച്ചു. ഒഴുകിയെത്തുന്ന തൊട്ടി കണ്ട് ആരെങ്കിലും കുഞ്ഞിനെ എടുത്തു വളര്‍ത്തുമല്ലോ, അങ്ങനെ ജീവന്‍ രക്ഷിക്കാമല്ലോ എന്നായിരുന്നു
ആ അമ്മയുടെ പ്രതീക്ഷ.

ഞാങ്കണകൊണ്ടു തൊട്ടി നെയ്തുണ്ടാക്കി. വെള്ളം കയറാതിരിക്കാന്‍ അതില്‍ കളിമണ്ണു പൂശി.
മനോവേദനയോടെയെങ്കിലും അവള്‍ കൈക്കുഞ്ഞിനെ തൊട്ടിയില്‍ കിടത്തി. എന്നിട്ട് നദീതീരത്തുള്ള കണ്ടല്‍ച്ചെടികളുടെ ഇടയില്‍ കൊണ്ടുചെന്നു വച്ചിട്ട്, നീരൊഴുക്കിലേയ്ക്ക് തള്ളിവിട്ടു. എന്തു സംഭവിക്കുമെന്ന് ഉറ്റു നോക്കിക്കൊണ്ട് കുഞ്ഞിന്‍റെ സഹോദരി മിറിയം കുറെ അകലംവരെ തൊട്ടിയില്‍ ഒഴുകി നീങ്ങിയ തന്‍റെ സഹോദരനെ നദിക്കരയിലൂടെ അടുത്തു പിന്‍തുടരുന്നുണ്ടായിരുന്നു.
കരയുന്ന കുഞ്ഞുമായി തൊട്ടി കുറെദൂരം ഒഴുകി നീങ്ങി.


അപ്പോള്‍ മറുകരയില്‍ ഫറവോയുടെ പുത്രി ആ സമയത്ത് കുളിക്കാന്‍ തോഴിമാര്‍ക്കൊപ്പം നദിയിലേയ്ക്ക് ഇറങ്ങുന്നുണ്ടായിരുന്നു. പുഴയോരത്ത് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട രാജകുമാരി, ഞാങ്ങണച്ചെടികളെ തൊട്ടുരുമ്മി ഒഴുകി വരുന്ന ഒരു തൊട്ടി കണ്ടു. ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു. അവര്‍ അത് തുറന്നു നോക്കിയപ്പോള്‍, ദാ മിടുക്കനായ ഒരാണ്‍കുഞ്ഞ്! അവന്‍ കരയുകയായിരുന്നു. രാജകുമാരിക്ക് അനുകമ്പ തോന്നി. കുഞ്ഞിന്‍റെ ദേഹത്തു ചുറ്റിയിരുന്ന പിള്ളക്കച്ചയില്‍നിന്നും അവനൊരു ഹെബ്രായ ശിശുവാണെന്ന് രാജകുമാരിക്കു മനസ്സിലായി.

തന്‍റെ കുഞ്ഞു സഹോദരനെ നദിക്കരയിലൂടെ അടുത്ത് അനുധാവനംചെയ്ത സഹോദരി മിറിയം, ഓടിച്ചെന്ന് രാജകുമാരിയോടു വിനയപുരസ്സരം ചോദിച്ചു.
“സ്വാമിന്‍, അങ്ങേയ്ക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന്
ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചു കൊണ്ടുവരട്ടെയോ?”
ഫറവോയുടെ പുത്രി അതിനു സമ്മതിച്ചു.
അപ്പോള്‍ മിറിയം ഓടി തന്‍റെ അമ്മയുടെ പക്കല്‍ചെന്ന് നടന്നതെല്ലാം അറിയിച്ചു. എന്നിട്ട് അമ്മയെ കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു ചെന്നു. അങ്ങനെ കുഞ്ഞിന്‍റെ അമ്മയെത്തന്നെയാണ് നദിയില്‍നിന്നും കണ്ടുകിട്ടിയ ശിശുവിനെ വളര്‍ത്തുവാന്‍ ഫറവോയുടെ പുത്രി ഏല്പിച്ചത്.

ശിശുവിനെ അവള്‍ വീട്ടില്‍ കൊണ്ടുപോയി പരിലാളിച്ചു വളര്‍ത്തി.
അവന് പൂര്‍വ്വീകരുടെ വിശ്വാസപാഠങ്ങളും ആ അമ്മ പകര്‍ന്നുകൊടുത്തു.
കുട്ടി വളര്‍ന്നു വലുതായി സ്വന്തമായി കാര്യങ്ങള്‍ ചെയ്യാറായപ്പോള്‍ അവനെ തിരികെ കൊട്ടാരത്തില്‍ കൊണ്ടുചെന്നാക്കി. രാജകുമാരി അവനെ പുത്രനായി സ്വീകരിച്ചു.
“ഞാന്‍ ഇവനെ ജലത്തില്‍ നിന്നെടുത്തു” എന്നു പറഞ്ഞുകൊണ്ട് അവര്‍ അവനെ ഹെബ്രായ
ഭാഷയില്‍ മോസസ്, ‘മോശ’ എന്നു പേരിട്ടു. മോസെ (moseh) എന്ന വാക്കിന് ഹീബ്രുവില്‍ ജലത്തില്‍നിന്നും എടുക്കപ്പെട്ടവന്‍, ജലത്തില്‍ ജനിച്ചവന്‍ എന്നാണര്‍ത്ഥം. അതേ, അങ്ങനെ ദൈവിക പദ്ധതിയില്‍ ആ ഹീബ്രൂ ബാലന്‍ ജയിക്കാനായി ജനിച്ചവനായി....

സുമുഖനും സുന്ദരനുമായ മോശ ഫറവോയുടെ കുടുംബത്തിന്‍റെ കണ്ണിലുണ്ണിയായി വളര്‍ന്നു വന്നു.. വിദ്യാഭ്യാസവും കായികാഭ്യാസവും, പിന്നെ, നല്ല ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം യുവാവായ മോശയ്ക്ക് ലഭിച്ചു. എന്നാല്‍ അമ്മ ചെറുപ്രായത്തിലെ പകര്‍ന്നുകൊടുത്ത പൂര്‍വ്വീകരുടെ വിശ്വാസം മോശയെ കൊട്ടാരക്കെട്ടിലെ മറ്റു വ്യക്തികളില്‍നിന്നും വ്യത്യസ്തനാക്കി. ഇതിനിടെ, സമൃദ്ധിയുടെ ആ സാമൂഹ്യാന്തരീക്ഷത്തില്‍ തന്‍റെ ജനങ്ങളോട് എത്രത്തോളം മോശമായിട്ടാണ് ഈജിപ്തുകാര്‍ പെരുമാറുന്നതെന്ന് മോശ ശ്രദ്ധിക്കുവാന്‍ തുടങ്ങി.

യുവാവായ മോശ ഒരിക്കല്‍ തന്‍റെ ജനമായ ഇസ്രായേലിനെ സന്ദര്‍ശിക്കുവാന്‍ പോയി. ജോലിചെയ്തു ക്ഷീണിതനായ ഒരു ഹെബ്രായനോട് ഇസ്രായേല്‍ക്കാരന്‍ കാര്യസ്ഥന്‍ വളരെ ക്രൂരമായി പെരുമാറുന്നത് മോശ നേരില്‍ കാണുവാന്‍ ഇടയായി. മര്‍ദ്ദനം മൃഗീയമായപ്പോള്‍, നോക്കി നില്ക്കാന്‍ അവനായില്ല. ഞൊടിയിടയില്‍ യുവാവായ മോശ പ്രതികരിച്ചു. വൃദ്ധനായ ഹെബ്രായ തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച ഈജിപ്ഷ്യന്‍ കാര്യസ്ഥനെ മോശ നിഷ്പ്രയാസം വകവരുത്തി.

തന്‍റെ ജനത്തിന്‍റെ കൈപ്പേറിയ ജീവിത സാഹചര്യങ്ങളില്‍ വിരിഞ്ഞ വികാരവും നീതിബോധവും മോശയെ ആ നിമിഷം മുതല്‍ ഒരു വിപ്ലവകാരിയാക്കി. ഫറവോയോടും കൊട്ടാരത്തോടുമുള്ള കൂറ് അന്നു മുതല്‍ മോശയില്‍ ഇല്ലാതായി. പകരം തന്‍റെ ജനത്തോടുള്ള സ്നേഹവും സമര്‍പ്പണവും അപ്പോള്‍ മുതല്‍ മോശ ആത്മനാ പ്രഖ്യാപിച്ചു.
“പാപത്തിന്‍റെ നൈമിഷിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്‍റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുവാണ്” (ഹെബ്രാ. 11, 15) മോശ ആഗ്രഹിച്ചത്.

തന്‍റെ പ്രവൃത്തിയില്‍ പിന്നീട് മോശ ഖേദിച്ചുവെങ്കിലും, ഇസ്രായേല്യരോടു ഫറവോ കാണിച്ച വിവേചനവും ക്രൂരതയും മോശയ്ക്ക് അക്ഷന്തവ്യമായി തോന്നി. താന്‍ നടത്തിയ കൊലപാതകം
ആരും അറിയില്ലെന്നു വിചാരിച്ച് മോശ കൊല്ലപ്പെട്ട ഈജിപ്ഷ്യന്‍റെ ശരീരം രഹസ്യമായി മൂടിക്കളഞ്ഞു. (പുറപ്പാട് 2, 11-13).

പുറപ്പാട് 2, 13-15
പിന്നീടൊരിക്കല്‍ മോശ വീണ്ടും തന്‍റെ ജനങ്ങളുടെ മദ്ധ്യേ ആയിരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ട്
തെറ്റുചെയ്തവനോടു മോശ ചോദിച്ചു.
“നീ എന്തിനാണ് സ്നേഹിതനെ പ്രഹരിച്ചത്.”
അപ്പോള്‍ അവന്‍ പരിഹസിച്ചുകൊണ്ടു ചോദിച്ചു.
“ആരാണു നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയോഗിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്?”
ഇതു കേട്ടപ്പോള്‍ മോശ ഭയപ്പെട്ടു. ഈജിപ്ഷ്യന്‍ കാര്യസ്ഥനെ താന്‍ വകവരുത്തിയ സംഭവം പരസ്യമായെന്ന് മോശയ്ക്കപ്പോള്‍ മനസ്സിലായി.
കൊലപാതക വാര്‍ത്ത കൊട്ടാരത്തിലെത്തി. ഫറവോ കുപിതനായി. മോശയെ വധിക്കുവാന്‍ തീരുമാനിച്ചു.

ഫറവോയുടെ പിടിയില്‍പ്പെടാതെ മോശ ഒളിച്ചോടി. സീനായ് മരുപ്രദേശം കടന്ന് മോശ മേദിയാനിലെ മരുപ്പച്ചിയിലെത്തി. ക്ഷീണിതനായ ആയാള്‍ അവിടെ ഒരുകിണറ്റിന്‍ കരിയിലെ വൃക്ഷച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. പെട്ടന്ന് ആരുടേയോ കരച്ചില്‍ കേട്ട് മോശ ഉറക്കത്തില്‍നിന്നും ചാടി എഴുന്നേറ്റു.
വെള്ളം കോരാന്‍ വന്ന പെണ്‍കുട്ടികളെ മരുപ്രദേശത്തെ ഇടയാന്മാര്‍ ശല്യപ്പെടുത്തുന്നതാണ് അയാള്‍ കണ്ടത്. അതിവേഗം മോശ അവരുടെ സഹായത്തിനെത്തി. മോശയെ കണ്ട മാത്രയില്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പിന്നെ ആ പെണ്‍കുട്ടികള്‍ക്കും അവരുടെ ആടുകള്‍ക്കും മോശ വെള്ളം കോരിക്കൊടുത്തു. ആരോഗ്യ ദൃഢഗാത്രനും ഉയരമുള്ളവനും സുമുഖനുമായ മോശയെക്കണ്ട് പെണ്‍കുട്ടികള്‍ അമ്പരന്നു പോയി. അവരില്‍ മുതിര്‍ന്നവള്‍ പറഞ്ഞു,
“പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ ഗോത്രത്തില്‍പ്പെട്ട, ജെത്രോയുടെ മക്കളാണ് ഞങ്ങള്‍. ഏഴു പേരാണ് ഞങ്ങള്‍. ഞങ്ങളുടെ പിതാവ് കൂടാരത്തിലുണ്ട്.” സ്നേഹമുള്ളവരെ കണ്ടപ്പോള്‍ മോശയ്ക്കും സന്തോഷമായി. തക്ക സമയത്തു ചെയ്ത സഹായത്തിന് ചെറുപുഞ്ചിരിയോടെ നന്ദിപറഞ്ഞ പെണ്‍കുട്ടികള്‍ പരിഭ്രമത്തോടെ പിതാവിന്‍റെ പക്കലേയ്ക്ക് ഓടി.

സീനായ് മരുപ്രദേശത്തെ മേദിയാന്‍ മരുപ്പച്ചയില്‍ തന്‍റെ ജീവിതസ്വപ്നങ്ങള്‍ പൂവണിയുന്നതുപോലെ മോശയ്കു തോന്നി. എന്നാല്‍ ചെറുതും വലുതുമായ വിചിത്ര സംഭവങ്ങളിലൂടെ ദൈവം മോശയെ വീണ്ടും വിളിക്കുന്നു. നമ്മുടെയും ജീവിതത്തില്‍ ഈ കരുതല്‍ ആവശ്യമാണ്. ജീവിതവ്യഥകളിലും ജയങ്ങളിലും അപജയങ്ങളിലും ദൈവം നമ്മെ വിളിക്കും.. ദൈവം നമ്മെ നയിക്കും.. അവിടുത്തേയ്ക്ക് നമുക്കായി ഒരു പദ്ധതിയുണ്ട്.

ദൈവം തന്‍റെ ഉടമ്പടി മറന്നില്ല. ഇസ്രായേലിനെ ഈജിപ്റ്റില്‍നിന്നു രക്ഷിക്കുവാന്‍ മോശയെ തിരികെ വിളിക്കുന്ന ഭാഗം അടുത്ത പ്രക്ഷേപണത്തില്‍ തുടരും.
RealAudioMP3







All the contents on this site are copyrighted ©.