2012-08-08 20:03:14

ദൈവം പ്രതിരോധിക്കപ്പെടേണ്ടവനല്ല
സ്നേഹിക്കപ്പെടേണ്ടവനാണ്


8 ആഗസ്റ്റ് 2012, റോം
പ്രതിരോധിക്കപ്പെടേണ്ടവനല്ല ദൈവം, സ്നേഹിക്കപ്പെടേണ്ടവനാണെന്ന്, നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെക്കുറിച്ച് ആഗസ്റ്റ്
7-ാം തിയതി ചൊവ്വാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇപ്രകാരം പ്രതികരിച്ചത്. ദൈവം സ്നേഹിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യേണ്ടവനാണ്. എന്നാല്‍ ‘ഞങ്ങടെ ദൈവം പ്രതിരോധിക്കപ്പെടേണ്ടവനാണ്’ എന്ന ചിന്തയാണ് മതങ്ങളെ മൗലികവാദത്തിലേയ്ക്ക് നയിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ് ചൂണ്ടിക്കാട്ടി.

എന്‍റെ മതമാണ് ശരിയെന്നും, മറ്റുള്ളവരുടേതെല്ലാം തെറ്റാണെന്നുമുള്ള മൗലികവാദം അടിസ്ഥാന മതസ്വാതന്ത്ര്യത്തിനു വിരുദ്ധമായ ചിന്തയാണെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. മൗലികവാദമാണ് തുടര്‍ന്ന് പ്രതിരോധ ചിന്തയിലേയ്ക്കും അക്രമ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഇന്നും മതങ്ങളെ നയിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.
ക്രിസ്തുവും ക്രൈസ്തവീകതയും സ്നേഹത്തിന്‍റെ സുവിശേഷമാണെന്നും അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ക്രൈസ്തവര്‍ പ്രതിരോധിക്കാനാവാതെ, പീഡനങ്ങള്‍ക്ക് ഇരയാകുകയും സഹിക്കുകയും ചെയ്യേണ്ടി വരുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.
ക്രൈസ്തവരെ വിദേശികളായിട്ടാണ് ഇന്ത്യയില്‍ കാണുന്നതെന്നും, അതിനാല്‍ ഒറീസ്സ, കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ അന്യവത്ക്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.