2012-08-07 17:04:01

കൊളംബസിന്‍റെ യോദ്ധാക്കള്‍ക്ക് മാര്‍പാപ്പയുടെ ആശംസകള്‍


07 ആഗസ്റ്റ് 2012, കാലിഫോര്‍ണിയ
ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സന്നദ്ധസംഘടനയായ കൊളംബസിന്‍റെ യോദ്ധാക്കള്‍ എന്ന അല്‍മായ സംഘടന മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. സംഘടനയുടെ 130ാം ഉന്നതതല സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. കാലിഫോര്‍ണിയയില്‍ ആഗസ്റ്റ് 7ാം തിയതി ആരംഭിച്ച സമ്മേളനം 9ാം തിയതി സമാപിക്കും. അമേരിക്കയില്‍ കത്തോലിക്കാ സഭയുടെ സ്വാതന്ത്ര്യത്തെയും പരസ്യസാക്ഷൃം നല്‍കാനുള്ള അവകാശത്തേയും പ്രതകൂലമായി ബാധിക്കുന്ന ചിന്താധാരകള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കൊളംബസിന്‍റെ യോദ്ധാക്കളെന്ന അല്‍മായ സംഘടന മതസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ അതിപ്രസക്തമാണ്. സ്വദേശാഭിമാനികളായ പൗരന്‍മാരും കത്തോലിക്കാ വിശ്വാസികളുമെന്ന നിലയില്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഉത്തരവാദിത്വപൂര്‍ണ്ണമായ ഒരു ജനാധിപത്യ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും പാപ്പ അഭിപ്രായപ്പെട്ടു. ആനുകാലിക സാംസ്ക്കാരിക വെല്ലുവിളികള്‍ അല്‍മായരുടെ പ്രേഷിത ദൗത്യം കൂടുതല്‍ പ്രസക്തമാകുന്നുവെന്നതിന്‍റെ സൂചനയാണ്. സാംസ്ക്കാരിക പ്രതിസന്ധികള്‍ക്കു മധ്യേ കത്തോലിക്കാ വിശ്വാസത്തിനു ധൈര്യപൂര്‍വ്വം സാക്ഷൃം നല്‍കാന്‍ മാര്‍പാപ്പ അല്‍മായ കത്തോലിക്കരെ ഉത്ബോധിപ്പിച്ചു. തങ്ങള്‍ നേതൃത്വം നല്‍കുന്ന കത്തോലിക്കാ സാമൂഹ്യപ്രവര്‍ത്തനങ്ങളും മതബോധനവും ആത്മീയ ജീവിത പരിശീലനവും തുടരാന്‍ കൊളംബസിന്‍റെ യോദ്ധാക്കള്‍ക്ക് മാര്‍പാപ്പ പ്രോത്സാഹനം പകര്‍ന്നു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് കൊളംബസിന്‍റെ യോദ്ധാക്കള്‍ എന്ന അല്‍മായ സംഘടനയുടെ മേലധികാരി കാള്‍ ആന്‍ഡേഴ്സണ് മാര്‍പാപ്പയുടെ സന്ദേശം അയച്ചത്.








All the contents on this site are copyrighted ©.