2012-08-07 17:36:02

അസം : കുട്ടികള്‍ക്കു പകര്‍ച്ചവ്യാധിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം


07 ആഗസ്റ്റ് 2012, ഗുവഹാത്തി
അസമിലെ സംഘര്‍ഷ മേഖലകളിലെ ദുരിതാശ്വാസ കേന്ദങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ സംഘം പ്രസ്താവിച്ചു. സംസ്ഥാനത്തെ 235 ദുരിതാശ്വാസ കേന്ദങ്ങളില്‍ കഴിയുന്ന എണ്ണായിരത്തോളം കുട്ടികളില്‍ ആറായിരത്തോളം പേര്‍ രോഗബാധിതരാണെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എവിടെ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നതെന്ന് അറിയില്ലെന്ന് കൊക്രജാര്‍ ജില്ലയിലെ ആരോഗ്യ സേവനവിഭാഗം മേധാവി അനന്ത മോഹന്‍ റബ്ബാ പറഞ്ഞു. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും റബ്ബാ യൂക്കാന്‍ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു.
കുട്ടികളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ബൊന്‍ഗായിഗാവ് രൂപതാവക്താവ് ഫാ. തോമസ്‍ ഡിസില്‍വയും പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാരും അങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സ്ഥിതിഗതികള്‍ ശാന്തമായിക്കൊണ്ടിരിക്കുന്ന അസം ജില്ലകളില്‍ വീണ്ടും ചെറിയതോതില്‍ സംഘര്‍ഷമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബസ്ക്കാ ജില്ലയിലാണ് തിങ്കളാഴ്ച രാത്രി ആക്രമണം ഉണ്ടായത്. ബസ്ക്കായിലും സമീപത്തുള്ള ചിരാങ്ങ് ജില്ലയിലും അനിശ്ചികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബോഡോ മേഖലയിലും സംഘര്‍ഷസാധ്യത ഉണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പൊലീസും അര്‍ദ്ധ സൈനികരും സ്ഥലത്തെത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.