2012-08-03 09:21:40

സ്പദാരോയുടെ സൈബര്‍ ദൈവശാസ്ത്രം
സൈബര്‍ ലോകത്തെ സുവിശേഷവത്ക്കരണം


2 ആഗസ്റ്റ് 2012, റോം
ആനുകാലിക ലോകത്ത് സഭ നിറഞ്ഞ സാന്നിദ്ധ്യമാവണമെന്ന്, സൈബര്‍ ദൈവശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ്, ഫാദര്‍ അന്തോണിയോ സ്പദാരോ അഭിപ്രായപ്പെട്ടു. ‘ആധുനിക മാധ്യമ ശൃംഖലയിലെ ക്രൈസ്തവീകത’ എന്ന തന്‍റെ പുസ്തകത്തെക്കുറിച്ച് ആഗസ്ററ് ഒന്നാം തിയതി റോമില്‍ നല്കിയ അഭിമുഖത്തിലാണ് ഈശോ സഭാ വൈദികന്‍ ഫാദര്‍ സ്പദാരോ ഇപ്രകാരം പ്രസ്താവിച്ചത്. ഇന്നത്തെ ലോകവും അതിന്‍റെ ബലതന്ത്രവും മനസ്സിലാക്കിക്കൊണ്ട് എങ്ങനെ സൈബര്‍ ലോകത്ത് സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കാം എന്നതാണ് തന്‍റെ ചിന്തയെന്ന്, പ്രശസ്തമായ la civilta catholica മാസികയുടെ പത്രാധിപരും, റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര വിഭാഗം പ്രഫസറുമായ ഫാദര്‍ സ്പദാരോ വ്യക്തമാക്കി.

അറിവ് കൈമാറാന്‍ ക്ലേശകരമായിരുന്നൊരു കാലഘട്ടം മാറിയെന്നും, വിവരസാങ്കേതികതയുടെ കുത്തൊഴുക്കില്‍ നാം ജീവിക്കുകയാണെന്നും, ദൈവം പ്രാര്‍ത്ഥനാലയങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ലെന്നും, ദൈവിക ചിന്ത സൈബര്‍ ലോകത്തേയ്ക്കും വ്യാപിച്ചിരിക്കുന്നതിനാല്‍
ഒരു ‘സൈബര്‍ ദൈവശാസ്ത്രം’ വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും ഫാദര്‍ സ്പദാരോ അഭിപ്രായപ്പെട്ടു. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ ഡോക്ടര്‍ ബുരുദധാരിയായ ഫാദര്‍ സ്പദാരോ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആധുനിക മാധ്യമ ശൃംഖലകളിലൂടെയും www.cyberteologia.it എന്ന ലിങ്കിലൂടെയും സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുന്നുണ്ടെന്നും ഫാദര്‍ സ്പദോരോ മാധ്യമങ്ങളെ അറിയിച്ചു.










All the contents on this site are copyrighted ©.