2012-08-03 16:21:48

സമാധാന ദൂതന്‍ കോഫി അന്നന്‍ രാജിവെച്ചു


03 ആഗസ്റ്റ് 2012,
സിറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയും അറബ് ലീഗും സംയുക്തമായി നിയോഗിച്ച പ്രത്യേക ദൂതന്‍ കോഫി അന്നന്‍ തല്‍സ്ഥാനത്തു നിന്ന് രാജിവെച്ചു. പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചതായി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഓഗസ്റ്റ് രണ്ടാം തിയതി വ്യാഴാഴ്ച വെളിപ്പെടുത്തി. അന്നന്‍റെ രാജി ഏറെ ദുഖത്തോടെയെങ്കിലും സ്വീകരിക്കുന്നതായി മൂണ്‍ പറഞ്ഞു. അന്നന്‍റെ പിന്‍ഗാമിയെ കണ്ടെത്താന്‍ അറബ് ലീഗുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സിറിയയിലെ കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ കോഫി അന്നന്‍ ആറിന മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സര്‍വ്വകക്ഷി രാഷ്ട്രീയ ചര്‍ച്ച നടത്തുക, സായുധകലാപം അവസാനിപ്പിക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്‌യുക, കലാപ പ്രദേശങ്ങളില്‍ മനുഷ്യാവകാശ സംഘങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക, തടവുകാരെ മോചിപ്പിക്കുക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക, സമാധാനപരമായ പൊതുജന പ്രകടനങ്ങള്‍ അനുവദിക്കുക എന്നിവയായിരുന്നു അന്നന്‍റെ നിര്‍ദേശങ്ങള്‍. എന്നാല്‍ കോഫി അന്നന്‍റെ പദ്ധതി വിഫലമാകുകയും സിറിയന്‍ കലാപം രൂക്ഷമാകുകയും ചെയ്തു. സമാധാന പദ്ധതിക്കു രാജ്യാന്തര സമൂഹവും യുഎന്‍ രക്ഷാസമിതിയും വേണ്ട പിന്തുണ നല്‍കിയില്ലെന്ന് ജനീവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോഫി അന്നന്‍ ആരോപിച്ചു.

അതേസമയം, സിറിയയില്‍ കലാപം വഷളായിക്കൊണ്ടിരിക്കുകയാണ്. വിമതസേനയും സര്‍ക്കാര്‍ അനുകൂല സൈന്യവും തമ്മിലുള്ള പോരാട്ടത്തില്‍ ഡമാസ്ക്കസിലും അലെപ്പോയിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. ഡമാസ്ക്കസില്‍ വിമതര്‍ക്കെതിരേ സൈന്യം നടത്തിയ ആക്രമണ്ത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി 'ഭീകരരെ' സൈന്യം വധിച്ചുവെന്നാണ് സിറിയയിലെ ഔദ്യോഗിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, അലെപ്പോയില്‍ വിമതരാണ് ആക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. 'വിമോചിത മേഖല'യുടെ ആസ്ഥാനമായി അലെപ്പോയെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഭരണകൂട അനുകൂലികളെന്ന് ആരോപിച്ച് അലെപ്പോയില്‍ ഒട്ടേറെ തടവുകാരെ വിമതഭടന്‍മാര്‍ വെടിവെച്ചുകൊന്ന സംഭവം യുദ്ധക്കുറ്റമാണെന്ന് 'ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്' ആരോപിച്ചു.








All the contents on this site are copyrighted ©.