2012-08-03 16:44:27

മതനേതാക്കളുടെ സമാധാനശ്രമങ്ങള്‍ സുപ്രധാനമെന്ന് മാര്‍പാപ്പ


03 ആഗസ്റ്റ് 2012, ക്യോടോ
മതനേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനസ്ഥാപന ശ്രമങ്ങള്‍ സമകാലിക സമൂഹത്തില്‍ സുപ്രധാനമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ലോകസമാധാനത്തിനുവേണ്ടി ജപ്പാനിലെ ഹിയി മലയില്‍ നടക്കുന്ന 25ാമതു അന്താരാഷ്ട്ര പ്രാര്‍ത്ഥനാ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ 1986ല്‍ അസ്സീസിയില്‍ നടന്ന ലോകമതനേതാക്കളുടെ സമ്മേളനത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ജപ്പാനിലെ ഹി ഇ ഹെയ്സാന്‍ മലയിലെ പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിച്ചതെന്ന് സന്ദേശത്തില്‍ മാര്‍പാപ്പ അനുസ്മരിച്ചു. വ്യത്യസ്ത മതസമൂഹങ്ങള്‍ തമ്മിലുള്ള സംവാദവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ മതനേതാക്കള്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തിയ മാര്‍പാപ്പ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയുമേകി. ക്രൈസ്തവ ദര്‍ശനപ്രകാരം, തന്‍റെ ഏകപുത്രനായ യേശുക്രിസ്തുവിനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച ദൈവിക സ്നേഹമാണ് ഉപവിപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും മാര്‍പാപ്പ വിശദീകരിച്ചു.
കഴിഞ്ഞവര്‍ഷം വടക്കുകിഴക്കന്‍ ജപ്പാനെ പിടിച്ചു കുലുക്കിയ ഭൂകമ്പ – സുനാമി ദുരന്തവും മാര്‍പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ദുരിതബാധിതര്‍ക്ക് സാന്ത്വനവും സഹായവുമേകാന്‍ മതനേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ അത്യന്തം ഹൃദയസ്പര്‍ശമായിരുന്നു. വേദനിക്കുന്ന ജനങ്ങള്‍ക്ക് സമാശ്വമായി അവര്‍ നിലകൊണ്ടു. ജാതിമതഭേദമന്യേ മനുഷ്യനന്മയ്ക്കുവേണ്ടി ഏവരും അണിനിരക്കുന്നതിനും ദുരന്തം വഴിയൊരുക്കി. മതനേതാക്കള്‍ക്ക് ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ഹിയി മലയിലുള്ള ബുദ്ധാശ്രമത്തിലെ പുരോഹിത ശ്രേഷ്ഠന് മാര്‍പാപ്പയുടെ സന്ദശമയച്ചത്.









All the contents on this site are copyrighted ©.