2012-08-03 09:40:03

തീര്‍ത്ഥാടനം വ്യക്തികളെ നന്മയിലേക്കു നയിക്കണം : ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്


30 ജൂലൈ 2012, കൊച്ചി
വിശുദ്ധ സ്ഥലങ്ങളിലേക്കു നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ വ്യക്തികളേയും സമൂഹത്തേയും നന്മയിലേക്കു നയിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കേരള കത്തോലിക്കാ രൂപതകളില്‍ നിന്ന് വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുന്ന വൈദികരുടെ സമ്മേളനം പി.ഒ.സി.യില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധനാട് തീര്‍ത്ഥാടനങ്ങള്‍ വ്യക്തികള്‍ക്ക് ആത്മീയ നവീകരണം പ്രദാനം ചെയ്യുന്ന വിധത്തില്‍ പരിശുദ്ധമായി സംഘടിപ്പിക്കാന്‍ സാധി്ക്കണം. തീര്‍ത്ഥാടനങ്ങള്‍ വെറും ഉല്ലാസയാത്രകളായി തരം താഴരുതെന്നും ആര്‍ച്ചുബിഷപ്പ് ഉത്ബോധിപ്പിച്ചു.

2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ സാര്‍വ്വത്രിക സഭ വിശ്വാസ വത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ വിശുദ്ധനാട്ടിലേക്കുള്ള തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. യേശു ജീവിക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത വിശുദ്ധ നാട് അഞ്ചാമത്തെ സുവിശേഷമായി കരുതണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശുദ്ധനാട്ടിലേക്കുള്ള തീര്‍ത്ഥാടനം സംഘടിപ്പിക്കുന്ന രൂപതാവൈദികരുടെ സമ്മേളനം കെ.സി.ബി.സി വിളിച്ചുചേര്‍ത്തത്. വിശുദ്ധനാട്ടിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സമിതിയുടെ ഡയറക്ടര്‍ ഡോ.ആല്‍ബര്‍ട്ട് ബെനാബോവ്, പ്രസ്തുത സമിതിയില്‍ അംഗമായ ശ്രീ. ജൂഡ് സാമുവല്‍, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, പി.ഒ.സിയുടെ പാസ്റ്ററല്‍ ട്രെയിനിംങ്ങ് ഇന്‍സ്റ്റിറ്റൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് റവ.ഫാ.ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.








All the contents on this site are copyrighted ©.