2012-08-01 19:38:29

വിശ്വാസ ശുശ്രൂഷയാണ് വിദ്യാഭ്യാസം
ഫാദര്‍ ലൊമ്പാര്‍ഡി ബോസ്റ്റണില്‍


1 ആഗസ്റ്റ് 2012, ബോസ്റ്റണ്‍
വിശ്വാസത്തിന്‍റെ ശുശ്രൂഷയാണ് വിദ്യാഭ്യാസമെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി ബോസ്റ്റണിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ജൂലൈ 31-ാം തിയതി ബോസ്റ്റണില്‍ സമ്മേളിച്ച ഈശോ സഭയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പ്രഥമ ആഗോള സമ്മേളനത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് സഭ നേരിടുന്ന നവമായ വെല്ലുവിളികളെക്കുറിച്ചും, കത്തോലിക്കാ വിദ്യാഭ്യാസത്തിന്‍റെ തനിമയെയും ലക്ഷൃത്തെയും കുറിച്ച് പരാമര്‍ശിക്കവേയാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

വിശ്വാസത്തെയും യുക്തിയെയും കുറിച്ച് പ്രത്യേകമായി പ്രതിപാദിച്ച തന്‍റെ മുഖ്യപ്രഭാഷണത്തില്‍, ആധുനിക ശാസ്ത്രത്തിലും കലയിലും സംസ്ക്കാരത്തിലും, അവയുടെ നവമായ ആവിഷ്ക്കാരങ്ങളിലും വിശ്വാസ ജീവിതത്തിനുള്ള പങ്ക് പുതിയ തലമുറയ്ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുകയും, ശരിയായ ധാരണയും ബോധ്യവും യുവതലമുറയ്ക്ക് നല്കുകയും ചെയ്യേണ്ടത് കാലികമായ ആവശ്യമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് പ്രസ്താവിച്ചു. ആധുനിക യുഗത്തിന് വിശ്വാസം പകര്‍ന്നുകൊടുക്കുവാനുള്ള ലക്ഷൃവുമായി ബനഡിക്ട് 16-ാമന്‍ പാപ്പാ ആവിഷ്ക്കരിച്ചിരിക്കുന്ന നവസുശേഷവത്ക്കരണ പദ്ധതി ശ്ലാഘനീയമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ അത് പ്രായോഗികമാക്കേണ്ടതാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.