2012-08-01 19:56:12

മൊന്തീനിയുടെ അവിസ്മരണീയമായ
പ്രബോധന പൈതൃകം


1 ആഗസ്റ്റ് 2012, നൈറോബി
പോള്‍ ആറാമന്‍ പാപ്പായുടെ പ്രബോധന പൈതൃകം അവിസ്മരണീയമെന്ന്, കിഴക്കെ ആഫ്രിക്കയിലെ കാത്തലിക്ക് യൂണിവേഴ്സിറ്റി പ്രഫസര്‍, യൂജീന്‍ ഡി കാരോ പ്രസ്താവിച്ചു. ‘പോള്‍ ആറാമന്‍ പാപ്പായും ആഫ്രിക്കയും’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള സാംസ്ക്കാരിക സമ്മേളനത്തെക്കുറിച്ച് ജൂലൈ 31-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പ്രഫസര്‍ കോരോ ഇപ്രകാരം പ്രസ്താവിച്ചത്. നൈറോബിയിലെ കാത്തിലിക്ക് യൂണിവേഴ്സിറ്റിയിലാണ് ആഫ്രിക്കയിലെ സഭാ-സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനം ആഗസ്റ്റ് 1-ാം തിയതി ബുധനാഴ്ച ആരംഭിച്ചത്. ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ 1962-ല്‍ ആദ്യമായെത്തിയ പത്രോസിന്‍റെ പിന്‍ഗാമി, പോള്‍ ആറാമന്‍ പാപ്പായുടെ നവമായ പ്രബോധനങ്ങള്‍ ആഴമായ സുവിശേഷ ദര്‍ശനം ആഫ്രിക്കയിലെ ജനങ്ങള്‍ക്കു നല്കിയിട്ടുണ്ടെന്ന് പ്രഫസര്‍ കാരോ പ്രസ്താവിച്ചു.

1. സുവിശേഷ പ്രഘോഷണത്തിന്‍റെ ദൈവശാസ്ത്രപരമായ ദര്‍ശനം, 2. വിശ്വാസത്തിന്‍റെ സാംസ്ക്കാരിക അനുരൂപണം, 3. സമൂഹത്തില്‍ നീതിയും സമാധാനവും വളര്‍ത്തുന്നതില്‍ സഭയ്ക്കുള്ള ഉത്തരവാദിത്തവും പങ്കും, 4. ഗാര്‍ഹികവും വിദ്യാഭ്യാസപരവുമായ സഭയുടെ സാമൂഹ്യ കാഴ്ചപ്പാട് എന്നീ മേഖലകളില്‍ പാപ്പാ നല്കിയിട്ടുള്ള ക്രൈസ്തവ വീക്ഷണം ആഫ്രിക്ക ഭൂഖണ്ഡത്തിന് ഇന്നും മാര്‍ഗ്ഗദീപമാണെന്ന് പ്രഫസര്‍ കാരോ അനുസ്മരിച്ചു.

പാപ്പാ മൊന്തീനിക്ക് ആഫ്രിക്കാ ഭൂഖണ്ഡത്തോടുള്ള പ്രത്യേക വാത്സല്യത്തിന്‍റെ പ്രതീകമാണ് 1967-ല്‍ പ്രസിദ്ധീകരിച്ച Africae Terrarum എന്ന അപ്പസ്തോലിക പ്രബോധനം. 2011-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പ പുറപ്പെടുവിച്ച ആഫ്രിക്കയിലെ മെത്രാന്മാരുടെ സിനഡു സമ്മേളത്തിന്‍റെ പ്രബോധനം Africae Munus വിശ്വാസത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും സാമൂഹ്യ ജീവിതത്തിന്‍റെയും മേഖലകളില്‍ ആഫ്രിക്കയെക്കുറിച്ച് പോള്‍ ആറാമന്‍ പാപ്പാ നല്കിയിട്ടുള്ള സ്വപ്നദര്‍ശനങ്ങളെയും പ്രബോധനങ്ങളെയും ആധാരമാക്കിയുള്ളതാണ്.









All the contents on this site are copyrighted ©.