2012-07-31 16:30:44

നവസുവിശേഷവല്‍ക്കരണം ആദ്യ സ്നേഹത്തിലേക്കുള്ള മടക്കയാത്ര : ആര്‍ച്ചുബിഷപ്പ് റൂയിസ്


31 ജൂലൈ 2012, റോം
വെളിപാടിന്‍റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആദ്യസ്നേഹത്തിലേക്കുള്ള മടക്കയാത്രയാണ് നവസുവിശേഷവല്‍ക്കരണം അര്‍ത്ഥമാക്കുന്നതെന്ന് നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഹോസെ ഒക്ടാവിയോ റൂയീസ്. പുതിയൊരു സന്ദേശം നല്‍കുന്നതോ ജനങ്ങളെ ആകര്‍ഷിക്കാന്‍ നവീന പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതോ അല്ല നവസുവിശേഷവല്‍ക്കരണമെന്നും അദ്ദേഹം പ്രസ്താവിച്ചു. വെളിപാടിന്‍റെ പുസ്തകത്തില്‍ എഫോസോസിലെ സഭയ്ക്കുള്ള കത്തിലാണ് ആദ്യ സ്നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. “നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്ന് ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക.” (വെളിപാട് 2:5)
മതനിരപേക്ഷകമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ദൈവിക സാന്നിദ്ധ്യത്തിലും സ്നേഹത്തിലും ആനന്ദത്തോടെ ജീവിക്കാന്‍ വ്യക്തികളെ സഹായിക്കുകയാണ് നവസുവിശേഷവല്‍ക്കരണത്തിന്‍റെ ലക്ഷൃം. സുവിശേഷാത്മക ജീവിതത്തിലേക്കുള്ള മടക്കയാത്രയാണതെന്നും ആര്‍ച്ചുബിഷപ്പ് റൂയീസ് വിശദീകരിച്ചു. ക്രിസ്തുവിന്‍റെ ജീവിതവും പ്രബോധനവും ഏവരേയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അവിടുത്തെ വാക്കുകള്‍ ആകര്‍ഷകവും ഫലദായകവുമായിരുന്നു. ക്രിസ്തു തന്നെയാണ് ലോകത്തിനു നല്‍കപ്പെട്ട സദ്വാര്‍ത്ത. ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യങ്ങളുടെ പ്രഘോഷണമാണ് സുവിശേഷം. അപ്പസ്തോലന്‍മാരുടെ കാലം മുതല്‍ക്കേ സഭ വിശ്വസ്തതയോടെ ലോകം മുഴുവനും സുവിശേഷ പ്രഘോഷണം നടത്തിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഹോസെ ഒക്ടാവിയോ റൂയീസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.