2012-07-31 16:29:15

അസമിലെ കലാപം ഇന്ത്യയ്ക്കു കളങ്കം : പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്


അസമിലെ വംശീയകലാപം ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. സംസ്ഥാനത്തു നടന്ന അക്രമം രാഷ്ട്രത്തിന് അസ്വീകാര്യമാണെന്നും വംശീയകലാപത്തിന് അറുതി വരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 28ാം തിയതി ശനിയാഴ്ച്ച സംഘര്‍ഷ മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി കൊക്രാജാര്‍ ജില്ലയില്‍ ആക്രമണത്തിനിരയായവരെ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. കലാപം നിര്‍ഭാഗ്യകരവും ഖേദഃകരവുമാണെന്നു പറഞ്ഞ അദ്ദേഹം ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന് 300 കോടി രൂപ സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 100 കോടി, ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള അടിയന്തര സഹായമായാണ് അനുവദിച്ചിരിക്കുന്നത്.
വംശീയസംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തുമെന്നും കലാപം ബോധപൂര്‍വം സൃഷ്ടിച്ചതാണോ എന്നു അന്വേഷിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. അക്രമം ആളിക്കത്തിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. നാമൊരു ജനതയും ഒരു രാഷ്ട്രവുമാണെന്നും ഒരുമിച്ചുതന്നെ ജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപം പടര്‍ന്ന മേഖല മുഴുക്കെയും ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരണമെന്നും ഇതിനായി സര്‍ക്കാറിനൊപ്പം പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി അസം ജനതയെ ആഹ്വാനം ചെയ്തു.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനമായി നല്‍കുമെന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു. പൂര്‍ണമായി തകര്‍ക്കപ്പെട്ട ഭവനങ്ങള്‍ക്ക് 30,000 രൂപയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 20,000 രൂപയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ബോഡോ മേഖലയിലെ ആദിവാസികളും ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് രാജ്യത്തെ നടുക്കിയ കലാപത്തില്‍ കലാശിച്ചത്. കൊക്രജാറിന് പുറമെ ചിരാംഗ്, ധുബ്രി, ബൊംഗായ് ഗാവ്, ബക്‌സ ജില്ലകളിലേക്കും കലാപം വ്യാപിച്ചിരുന്നു. ആക്രമണത്തില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു ലക്ഷത്തിലേറെപ്പേരാണ് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അസമിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അദ്ദേഹം രണ്ടുദിവസം സംസ്ഥാനത്തു ചിലവഴിച്ച് സുരക്ഷാക്രമീകരണങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും വിലയിരുത്തും.

അതേസമയം, അസമില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അറിയിച്ചു. കൊക്രജാര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിത കാല കര്‍ഫ്യൂ ഇളവു ചെയ്തിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും പട്ടാളം ഏറ്റെടുത്തതോടെയാണ് ആക്രമണം നിയന്ത്രണവിധേയമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കൊക്രജാര്‍, ചിരാംഗ്, ധുബ്രി, ബൊംഗായ് ഗാവ്, ബക്‌സ എന്നീ ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നില ശാന്തമാകാന്‍ തുടങ്ങിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിറുത്തിവച്ചിരുന്ന അസമിലേക്കുള്ള ട്രെയിൻ സര്‍വീസുകളും പുനരാരംഭിച്ചു.








All the contents on this site are copyrighted ©.