2012-07-30 15:31:30

ട്രെയിന്‍ ദുരന്തം : രക്ഷാപ്രവര്‍ത്തനം തുടരുന്നു


30 ജൂലൈ 2012, നെല്ലൂര്‍
ആന്ധ്രയില്‍ തമിഴ് നാട് എക്സ്പ്രസ് ട്രെയിന് തീപിടിച്ചുണ്ടായ ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മുന്നേറുന്നു. അഗ്നിശമന സേനയും റയില്‍വേസുരക്ഷാ സേനയുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പരുക്കേറ്റവര്‍ക്കു ചികിത്സ നല്‍കുന്നതിനു ബിത്രഗുന്‍ഡ സ്റ്റേഷനില്‍ നിന്ന് ആക്സിഡന്‍റ് റിലീഫ് മെഡിക്കല്‍ ട്രയിന്‍ പുറപ്പെട്ടതായി റെയ്ല്‍വേ വക്താവ് അനില്‍ സക്സേന അറിയിച്ചു. യാത്രക്കാരുടെ ബന്ധുക്കളുമായി ചെന്നൈയില്‍ നിന്ന് നെല്ലൂരിലേക്ക് പ്രത്യേക തീവണ്ടിയും പുറപ്പെട്ടിട്ടുണ്ട്.

ന്യുഡല്‍ഹിയില്‍നിന്ന് ചെന്നൈക്ക് വരികയായിരുന്ന തമിഴ് നാട് എക്സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രയിലെ നെല്ലൂര്‍ സ്റ്റേഷന്‍ കടന്നുപോകുമ്പോഴാണ് അഗ്നിബാധയുണ്ടായത്. 45 യാത്രക്കാര്‍ ദുരന്തത്തില്‍ മരണടഞ്ഞുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ആദ്യം തീപിടിച്ച എസ് -11 കംപാര്‍ട്ടുമെന്‍റില്‍ എഴുപതിലധികം യാത്രക്കാരുണ്ടായിരുന്നു. പൊള്ളലേറ്റ ഇരുപതോളം പേരെ നെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒരു കോച്ചില്‍ നിന്ന് അഗ്നിനാളങ്ങള്‍ ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ അപായ സന്ദേശം നല്‍കി ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീപിടിച്ച കോച്ചിന്‍റെ സമീപത്തെ കോച്ചുകളില്‍ നിന്ന് യാത്രക്കാരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു. പുലര്‍ച്ചെയായതിനാല്‍ തീപിടുത്തമുണ്ടാകുമ്പോള്‍ ഭൂരിഭാഗം യാത്രക്കാരും ഉറക്കമായിരുന്നു. തീപടര്‍ന്നതോടെ ബോഗിക്കുള്ളില്‍ വളരെ പെട്ടെന്ന് തന്നെ പുക നിറഞ്ഞതോടെ പുറത്തുകടക്കാനാകാതെ പലരും കുടുങ്ങി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് റെയില്‍വെ മന്ത്രി മുകുള്‍ റോയ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാരപരിക്കുള്ളവര്‍ക്ക് 25,000 രൂപയും സഹായധനം നല്‍കും. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ ഡി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. അപകട കാരണം ട്രെയിനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.








All the contents on this site are copyrighted ©.