2012-07-30 15:28:46

ഘാനയ്ക്ക് മാര്‍പാപ്പയുടെ അനുശോചനം


30 ജൂലൈ 2012, വത്തിക്കാന്‍
പ്രസിഡന്‍റ് ജോണ്‍ അറ്റാ മില്‍സിന്‍റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന ഘാനയിലെ ജനങ്ങളോട് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. മില്‍സിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് പ്രസിഡന്‍റായി സ്ഥാനമേറ്റ
ജോണ്‍ ദ്രമാനി മഹാമയ്ക്കയച്ച സന്ദേശത്തില്‍, നീണ്ട കാലം പൊതുരംഗത്തു സജീവമായിരുന്ന ജോണ്‍ അറ്റാ മില്‍സ് ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ പാപ്പ അനുസ്മരിച്ചു. വേദനാജനകമായ ഈ സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനമേറ്റ ജോണ്‍ ദ്രമാനി മഹാമിക്കും ഘാനയിലെ ജനങ്ങള്‍ക്കും മാര്‍പാപ്പ അപ്പസ്തോലിക ആശീര്‍വാദവുമേകി.
അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജോണ്‍ അറ്റാ മില്‍സ്(68) ഘാനയുടെ തലസ്ഥാനമായ അക്കാറയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. 2009 ജനുവരിയിലാണ് മില്‍സ് റിപ്പബ്‌ളിക്ക് ഘാനയുടെ മൂന്നാമത്തെ പ്രസിഡന്റായി ചുമതലയേറ്റത്. അതിന് മുമ്പ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് യു. എസില്‍ ചികിത്സ തേടിയ ശേഷം അടുത്തിടെയാണ് അദ്ദേഹം ഘാനയില്‍ തിരിച്ചെത്തിയത്. ഇക്കൊല്ലം ഡിസംബര്‍ മാസത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു വീണ്ടും മത്സരിക്കാനിരിക്കെയാണ് ജൂലൈ 24ാം തിയതി ജോണ്‍ അറ്റാ മില്‍സ് നിര്യാതനായത്.








All the contents on this site are copyrighted ©.