2012-07-28 15:36:36

രക്തസാക്ഷി ദേവസഹായം പിള്ളയുടെ ജീവിതത്തിലേക്കൊരു തിരനോട്ടം


രക്തസാക്ഷി ദേവസഹായം പിള്ളയുടെ ജീവിതത്തിലേക്കൊരു തിരനോട്ടം
RealAudioMP3

സമകാലിക കത്തോലിക്കര്‍ക്കു മാതൃകയായി മാറിയിരിക്കുന്ന രക്തസാക്ഷി ദേവസഹായം പിള്ളയോടൊത്തു സഞ്ചരിക്കണമെങ്കില്‍ മൂന്നൂറുവര്‍ഷങ്ങള്‍ പിന്നിലേക്കു സഞ്ചരിച്ച്, പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെത്തണം.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്താണ് ദേവസഹായം പിള്ളയുടെ ജനനം. 1712 ഏപ്രില്‍ 23ാം തിയതി നട്ടാലത്തെ ഉന്നതമായ ഒരു നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകി അമ്മയുടേയും ഓമന പുത്രനായി ജനിച്ച അദ്ദേഹത്തിന്‍റെ പേര് നീലകണ്ഠ പിള്ള എന്നായിരുന്നു. അന്നവിടെ നിലവിലുണ്ടായിരുന്ന മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അമ്മാവന്‍റെ സംരക്ഷണത്തിലാണ് നീലകണ്ഠന്‍ വളര്‍ന്നത്. തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകള്‍ക്കൊപ്പം ശാസ്ത്ര കലകളിലും ആയോധന വിദ്യകളിലും മികച്ച അഭ്യസനം നേടിയ നീലകണ്ഠന്‍ എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ ചെറുപ്രായത്തില്‍ തന്നെ നീലകണ്ഠന്‍ രാജകൊട്ടാരത്തില്‍ സേവനമാരംഭിച്ചു. അനിതരസാധാരണമായ കഴിവുകളുണ്ടായിരുന്ന ആ യുവകോമളന്‍റെ സാന്നിദ്ധ്യം കൊട്ടാര വാസികളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കഴിവും സാമര്‍ത്ഥ്യവുമുള്ള ആ യുവാവ് ഉയര്‍ന്ന സ്ഥാനങ്ങളിലേക്കു നിയമിതനാകാന്‍ അധികകാലം വേണ്ടി വന്നില്ല. മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്‍റെ ദിവാനായിരുന്ന രാമയ്യന്‍ ദളവയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായി മാറി നീലകണ്ഠന്‍.

ആയിടയ്ക്കാണ് സുപ്രസിദ്ധമായ കുളച്ചല്‍ യുദ്ധം നടക്കുന്നത്. ഡച്ചുകാര്‍ക്കെതിരേ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് നടത്തിയ ആ യുദ്ധം ഇന്ത്യക്കാന്‍ വിദേശ നാവിക സേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധമാണ്. കേരളത്തില്‍ വിപ്ലവകരമായ രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടുവന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കരുത്തും കഴിവും യുദ്ധ തന്ത്രജ്ഞതയും ഈ യുദ്ധത്തില്‍ പ്രകടമായി. വീരോചിതമായി പോരാടിയ തിരുവിതാംകൂര്‍ സൈന്യത്തിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ അധിനിവേശമോഹികളായ ഡച്ചുകാര്‍ക്കായില്ല. പരാജിതരായ ഡച്ചു സൈന്യത്തിന്‍റെ പീരങ്കികളും യുദ്ധ സാമഗ്രികളും കൈക്കലാക്കിയ തിരുവിതാംകൂര്‍ സൈന്യം നിരവധി ഡച്ചുസൈനികരേയും തടവുകാരായി പിടിച്ചു. ആ തടവുകാരിലൊരാളായ കപ്പിത്താന്‍ ഡെ ലെനോയാണ് നീലകണ്ഠനെ ദേവസഹായമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

യുദ്ധത്തടവുകാരനായിരുന്ന കപ്പിത്താന്‍ ഡെ ലെനോയ്, രാജാവിന്‍റെ പ്രതീ സംമ്പാദിച്ച് തിരുവിതാം കൂര്‍ സൈന്യത്തില്‍ അംഗമായി ചേര്‍ന്നു. ക്രമേണ സൈന്യതലവനായി ഉയര്‍ത്തപ്പെട്ട ഡെ ലെനോയ് നിരവധി യുദ്ധങ്ങളില്‍ തിരുവിതാംകൂറിനു വിജയം നേടിക്കൊടുത്തു. ഇക്കാലയളവിലാണ് നീലകണ്ഠനും ഡെ ലെനോയും സൗഹൃദത്തിലാകുന്നത്. ഡെ ലോനോയില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിന്‍റെ ആദ്യ പാഠങ്ങള്‍ നീലകണ്ഠന്‍ ഹൃദ്യസ്ഥമാക്കി. ക്രമേണ ക്രൈസ്തവ വിശ്വാസം ആശ്ലേഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1745 മേയ് മാസത്തില്‍ വടക്കന്‍കുളം എന്ന ഗ്രാമത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഈശോസഭാ വൈദികന്‍ ഫാ.ബുട്ടാരി, ഇത്താലുസ് എസ്.ജെയില്‍ നിന്ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. ഇപ്പോള്‍ തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മാമ്മോദീസാ സ്വീകരണസമയത്ത് ലാസറസ് എന്ന പേരാണ് സ്വീകരിച്ചതെങ്കിലും തമിഴ് നാമമായ ദേവസഹായം എന്ന പേരിലാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടത്. ഭര്‍ത്താവിന്‍റെ മാതൃക പിന്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഭാര്‍ഗവി അമ്മാളും താമസിയാതെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. എന്നാല്‍ ദേവസഹായത്തിന്‍റെ മതപരിവര്‍ത്തനവും വിശ്വാസപ്രഘോഷണവും പലരേയും അസ്വസ്തരാക്കി.

അത്യുത്സാഹത്തോടെ തന്‍റെ സൃഹത്തുക്കളോടും സഹപ്രവര്‍ത്തകരോടും ക്രൈസ്തവ വിശ്വാസം പ്രോഘോഷിച്ച ദേവസഹായത്തിന് ശത്രുക്കളുണ്ടാകാന്‍ വൈകിയില്ല. ദേവസഹായത്തിനെതിരേയുള്ള വ്യാജ ആരോപണങ്ങള്‍ രാജാവിന്‍റെ സന്നിധിയിലെത്തിയതോടെ വിശ്വാസ സാക്ഷൃത്തിന്‍റെ മറ്റൊരു തലത്തിലേക്കു അദ്ദേഹത്തിന് പ്രവേശിക്കേണ്ടിവന്നു. സഹനത്തിന്‍റെ കാല്‍വരിയിലേക്കു വിശ്വാസത്തോടെ അദ്ദേഹം കാലെടുത്തുകുത്തി. ജ്ഞാനസ്നാനം സ്വീകരിച്ച് നാലു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അതായത് 1749 ഫെബ്രുവരി മാസത്തില്‍, അദ്ദേഹം കാരാഗൃഹത്തിലായി. ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയനായതിനു പുറമേ ചങ്ങലകളാല്‍ ബന്ധനസ്ഥനായ അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോയി രാജ്യത്തിന്‍റെ നാനാഭാഗത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

വിശ്വാസത്തെ പ്രതി അവമതിയും പരിഹാസവും നിന്ദനങ്ങളും ഏറ്റുവാങ്ങിയ തന്‍റെ എളിയ ദാസനിലൂടെ അത്ഭുതകരമായ പല കാര്യങ്ങളും ദൈവം പ്രവര്‍ത്തിച്ചു. അതിലൊന്നാണ് പുളിയൂര്‍കുറിച്ചിയില്‍ നടന്ന അത്ഭുതം. ദാഹാര്‍ത്തനായ ദേവസഹായം ഒരു തുള്ളി വെള്ളത്തിനായി കെഞ്ചിയെങ്കിലും ആരും അദ്ദേഹത്തിനു വെള്ളം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ബന്ധസ്ഥനായിരുന്ന അദ്ദേഹം തന്‍റെ സമീപത്തുണ്ടായിരുന്ന പാറമേല്‍ കൈമുട്ടുകൊണ്ട് അടിക്കുകയും ഉടന്‍തന്നെ അതില്‍ നിന്നു ജലം പുറപ്പെട്ട് അദ്ദേഹത്തിന്‍റെ ദാഹം ശമിപ്പിക്കുകയും ചെയ്തു. ഈ അത്ഭുതത്തിന്‍റെ സാക്ഷിയായി മുട്ടടിച്ചാന്‍ പാറയെന്ന പേരില്‍ ഈ പാറ ഇന്നും പുളിയൂര്‍കുറിച്ചിയില്‍ നിലകൊള്ളുന്നു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന സഹന യാത്രയുടെ ഒടുവില്‍ 1752ല്‍ അദ്ദേഹം വധിക്കപ്പെട്ടു. അദ്ദേഹത്തെ വെടിവച്ചു കൊല്ലാന്‍ നിയുക്തനായ സൈനികന്‍റെ തോക്ക് പ്രവര്‍ത്തനരഹിതമായെന്നും പിന്നീട് ദേവസഹായം ആശീര്‍വദിച്ചു കൊടുത്തപ്പോള്‍ മാത്രമാണ് അയാള്‍ക്ക് അദ്ദേഹത്തെ കൊല്ലാന്‍ കഴിഞ്ഞതെന്നുമാണ് ജന വിശ്വാസം.

ആറല്‍വായ്മൊഴിയിലെ ഒരു വിജനസ്ഥലത്തുവച്ചു കൊല്ലപ്പെട്ട അദ്ദേഹത്തിന്‍റെ മൃതശരീരം വിശ്വാസികള്‍ കണ്ടെത്തിയതും അത്ഭുകരമായാണ്. ദേവസഹായം പിള്ള കൊല്ലപ്പെട്ട സ്ഥലത്തിനു സമീപത്ത് കല്ലെറിഞ്ഞു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരു കുട്ടി. അവനെറിഞ്ഞ കല്ല് അടുത്തുള്ള പാറയില്‍ ചെന്നു തട്ടി, എന്നാല്‍ പാറയില്‍ കല്ലുതട്ടുന്ന സ്വരമല്ല ഉണ്ടായത്, പള്ളി മണിമുഴങ്ങുന്നതുപോലെയുള്ള ഒരു സ്വരമാണ് കേട്ടത്. കൗതുകംപൂണ്ട് ആ പാറക്കെട്ടിനു സമീപമെത്തിയ ആളുകള്‍ ദേവസഹായത്തിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തി. തമിഴില്‍ മണിഅടിച്ചാന്‍ പാറൈ എന്നാണിവിടം ഇപ്പോഴും അറിയപ്പെടുന്നത്.

ദേവസഹായം പിള്ള വധിക്കപ്പെടുമ്പോള്‍ ആറല്‍വായ്മൊഴി കൊച്ചി രൂപതയുടെ അധികാരത്തില്‍ കീഴിലായിരുന്നു. ദേവസഹായം പിള്ളകൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍, ദേവസഹായത്തിന്‍റെ രക്ഷസാക്ഷിത്വം പ്രഖ്യാപിച്ചുകൊണ്ട് രൂപതയിലെ എല്ലാ ദേവലയങ്ങളും ദേവാലയ മണി മുഴക്കാനും തെദേയും ഗാനത്തിലൂടെ ദൈവത്തിനു സ്തോത്രഗീതം ആലപിക്കാനും കൊച്ചി രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ക്ലെമന്‍റ് ജോസഫ് നിര്‍ദേശിച്ചു. അദ്ദേഹം തന്നെയാണ് ദേവസഹായത്തിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തെ അറിയിച്ചതും.

കൊച്ചി രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ക്ലെമന്‍റ് ജോസഫ് എസ്.ജെ 1756ല്‍ ആദ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയപ്പോള്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച രൂപതാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം പരാമര്‍ശിച്ചിരുന്നു.
ആര്‍ച്ചുബിഷപ്പ് ജോസഫ് കരിയാറ്റിയും പാറേമാക്കല്‍ തോമാ കത്തനാരും, 1780ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ ദേവസഹായം പിള്ളയുടെ നാമകരണ നടപടികള്‍ ആരംഭിക്കാനുള്ള അനുമതിക്കായി രേഖാമൂലം അപേക്ഷ സമര്‍പ്പിച്ചുവെന്ന് വര്‍ത്തമാന പുസ്തകമെന്ന വിഖ്യാത യാത്രാവിവരണ ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ദേവസഹായം പിള്ള മരിച്ച സ്ഥലം ഇന്ന് കോട്ടാര്‍ രൂപതയുടെ അധികാരപരിധിയിലാണ്. പിള്ളയുടെ ഭൗതികാവശിഷ്ടങ്ങള്‍ നാഗര്‍കോവില്‍ സെന്റ് സേവ്യേഴ്‌സ് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ച ഈ പുണ്യാത്മാവിന്‍റെ ഖ്യാതി കാട്ടുതീ പോലെ തെക്കേ ഇന്ത്യയിലെങ്ങും വ്യാപിച്ചു. അദ്ദേഹത്തിന്‍റെ മാധ്യസ്ഥം തേടി നിരവധിപേരെത്തി തുടങ്ങി.

എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറില്‍ മതപരമായ പീഡനം ഇല്ലെന്ന വാദമുയര്‍ത്തിയ ചിലര്‍ ദേവസഹായം പിള്ളയ്ക്ക് രക്തസാക്ഷി പദവി നല്‍കുന്നതിനെതിരേ രംഗത്തു വന്നു. ഒടുവില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം, വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ഹോസെ സറൈവ മാര്‍ട്ടിനെസ് ദേവസഹായം പിള്ളയുടെ നാമകരണ നടപടികള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള നിഹില്‍ ഒബ്സ്റ്റാറ്റ് 2003 ല്‍ പുറപ്പെടുവിച്ചു. അതോടെ, നടപടികളുടെ ഗതിവേഗം വര്‍ദ്ധിച്ചു. അക്കാലത്തു കോട്ടാര്‍ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ലെയോണ്‍ എ. ധര്‍മ്മരാജ് ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ ഔദ്യോഗിക ഉത്ഘാടനം നടത്തി. 2004ല്‍ ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍റെ ഔപചാരിക പ്രവര്‍ത്തനമാരംഭിച്ചു. ദേവസഹായം പിള്ളയുടെ ജീവിതത്തേയും രക്തസാക്ഷിത്വത്തേയും സംബന്ധിച്ച രേഖകളുടേയും തെളിവുകളുടേയും വന്‍ശേഖരമാണ് 2008ല്‍ കമ്മീഷന്‍ റോമിലേക്കയച്ചത്. തത്ഫലമായി, നവംബര്‍ 12ാം തിയതി നാമകരണ നടപടികളുടെ രണ്ടാം ഘട്ടം റോമില്‍ ആരംഭിച്ചു. 2012 ജൂണ്‍ 28ാം തിയതി ദേവസഹായം പിള്ളയുടെ രക്ത സാക്ഷിത്വം അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു.

പീഡനങ്ങള്‍ക്കു വിധേയമാകുന്നുണ്ടെങ്കിലും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്ന ഭാരതസഭയ്ക്ക് മഹത്തരമായൊരു മാതൃകയാണ് പിള്ള നല്‍കുന്നത്. തടവില്‍ ക്രൂര പീഡനങ്ങള്‍ക്കു വിധേയനായപ്പോഴും കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന ദേവസഹായം പിള്ളയുടെ വിശ്വാസ സാക്ഷൃം അത്ഭുതകരമാണ്. ഏതു ജീവിത സാഹചര്യത്തിലും ക്രൈസ്തവ വിശ്വാസത്തിനു സ്വജീവിതത്തിലൂടെ സാക്ഷൃം നല്‍കാന്‍ ദേവസഹായം പിള്ളയുടെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം

*********

ഇന്ത്യന്‍ സ്വദേശിയായ പ്രഥമ കത്തോലിക്കാ രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങ് ഡിസംബര്‍ 2ാം തിയതി കന്യാകുമാരി ജില്ലയില്‍ നടക്കും. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയും ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള നിരവധി സഭാ മേലധ്യക്ഷന്‍മാരും വൈദികരും സന്ന്യസ്തരും അല്‍മായരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോട്ടാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ റെജിമിയൂസ് അറിയിച്ചു.








All the contents on this site are copyrighted ©.