2012-07-26 20:41:06

ബൗദ്ധികമായ തുറവിലൂടെ ഊട്ടിയുറപ്പിക്കുന്ന
ദൈവമനുഷ്യ ബന്ധമാണ് വിശ്വാസം


26 ജൂലൈ 2012, റോം
പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല, വിശ്വാസ പ്രചരണമാണ് പ്രവര്‍ത്തന ലക്ഷൃമെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ജെരാര്‍ഡ് മുള്ളര്‍ പ്രസ്താവിച്ചു. ജൂലൈ 27-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് മുള്ളര്‍ ഇപ്രകാരം പ്രസ്താവിച്ചത്. ലോകത്ത് വേണ്ടുവോളം പ്രശ്നങ്ങള്‍ തിങ്ങി നില്കുന്ന ഇക്കാലത്ത് ക്രിയാത്മകമായ സുവിശേഷ പ്രഘോഷണവും സഭാ പ്രബോധനങ്ങളുടെ പങ്കുവയ്ക്കലുമായിരിക്കും തന്‍റെ പ്രവര്‍ത്തന ലക്ഷൃമെന്ന് ഈ മാസാരംഭത്തില്‍ സ്ഥാനമേറ്റ ആര്‍ച്ചുബിഷപ്പ് മുള്ളര്‍ വ്യക്തമാക്കി.

വളരെ ഉയര്‍ന്ന ബൗദ്ധികതലമാണ് വിശ്വാസമെന്നും, അതുകൊണ്ടുതന്നെ സാംസ്ക്കാരിക മേഖലയില്‍ ധാരാളം പണ്ഡിതന്മാരെയും ഗുരുക്കമാരെയും ലോകത്തിന് നല്കുവാന്‍ സഭയ്ക്ക് ആയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് മുള്ളര്‍ ചൂണ്ടിക്കാട്ടി. ബൗദ്ധികമായ തുറവിലൂടെ ദൈവവുമായി വ്യക്തികള്‍ ഊട്ടിയുറപ്പിക്കുന്ന ആത്മീയ ബന്ധമാണ് വിശ്വാസമെന്നും, യഥാര്‍ത്ഥമായ വിജ്ഞാനത്തിന്‍റെ അമൂല്യശേഖരം അതിലുണ്ടെന്നും ആര്‍ച്ചുബിഷപ്പ് മുള്ളര്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

സുവിശേഷം പ്രഘോഷിക്കുക, സഹോദരങ്ങളെ വിശ്വാസത്തില്‍ ബലപ്പെടുത്തുക എന്നതാണ് തന്നില്‍ സഭ നിക്ഷേപിച്ചിരിക്കുന്ന കര്‍ത്തവ്യമെന്നും ബനഡിക്‍ട് 16-ാമന്‍ പാപ്പായുടെ വിദ്യാര്‍ത്ഥികൂടിയായ മ്യൂനിക്ക് സ്വദേശി ആര്‍ച്ചുബിഷപ്പ് മുള്ളര്‍ വെളിപ്പെടുത്തി. കര്‍ദ്ദിനാള്‍ വില്യം ലവാദാ തന്‍റെ പ്രവര്‍ത്തനത്തിന്‍റെ പ്രായപരിധി, 75 വയസ്സ് എത്തിയതിനെ തുടര്‍ന്ന് വിരമിച്ച തസ്തികയിലാണ് ജെര്‍മ്മനിയിലെ റിജെന്‍സ്ബര്‍ഗ് അതിരൂപതാ അദ്ധ്യക്ഷനായി സേവനംചെയ്തിരുന്ന ആര്‍ച്ചുബിഷപ്പ് മുള്ളറെ ജൂലൈ 2-ാം തിയതി ബനഡിക്ട് 16- ാമന്‍ പാപ്പാ വത്തിക്കാന്‍റെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ തലവാനായി നിയമിച്ചത്.









All the contents on this site are copyrighted ©.