2012-07-25 10:58:09

വിനോദ സഞ്ചാരവും സുസ്ഥിര വികസനവും


24 ജൂലൈ 2012, വത്തിക്കാന്‍
സുസ്ഥിര വികസനത്തിനു ശക്തിപകരാന്‍ വിനോദ സഞ്ചാര മേഖലയ്ക്കു കഴിയണമെന്ന് കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. ഇക്കൊല്ലത്തെ ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സന്ദേശത്തിലാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഇപ്രകാരം പ്രസ്താവിച്ചത്. ലോക വിനോദ സഞ്ചാര സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം സെപ്തംബര്‍ 27ാം തിയതിയാണ് ലോക വിനോദ സഞ്ചാര ദിനം ആചരിക്കുന്നത്. ‘സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്ന വിനോദ സഞ്ചാരവും ഊര്‍ജ്ജ സംരക്ഷണവും’ എന്നതാണ് ഇക്കൊല്ലത്തെ ലോക വിനോദ സഞ്ചാര ദിനത്തിന്‍റെ പ്രമേയം.
ആഗോളതലത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഗുണകരമായ ഫലങ്ങള്‍ക്കൊപ്പം പ്രകൃതി സംരക്ഷണത്തേയും ഊര്‍ജ്ജ വിനിയോഗത്തെയും സംബന്ധിച്ച ഗുരുതരമായ വീഴ്ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. ഊര്‍ജ്ജവിഭവങ്ങളുടെ അനിയന്ത്രിതമായ വിനിയോഗവും പാഴ്വസ്തുക്കള്‍ മൂലമുള്ള പരിസ്ഥിതി മലിനീകരണവുമാണ് അതില്‍ മുഖ്യമെന്നും കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

പ്രകൃതി സംരക്ഷണം മാനവ സമൂഹത്തിന്‍റെ മുഴുവന്‍ കടമയാണെന്ന് കത്തോലിക്കാസഭയുടെ സാമൂഹ്യ പ്രബോധന സംഹിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പ്രപഞ്ചത്തിന്‍റെ സംരക്ഷണ ചുമതല ദൈവം മനുഷ്യനെ ഏല്‍പ്പിച്ചിരിക്കുകയാണ്. വെറും മാനുഷികമായ ഉത്തരവാദിത്വമല്ല, ദൈവത്തിന്‍റെ കാര്യസ്ഥനായി ഉത്തരവാദിത്വത്തോടെ നിറവേറ്റേണ്ട ചുമതലയാണത്. പ്രകൃതിയോടുള്ള മനുഷ്യന്‍റെ പെരുമാറ്റം മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റത്തെ സ്വാധീനിക്കുന്നു. അതുപോലെ അന്യരോടുള്ള സമീപനം മനുഷ്യന് പ്രകൃതിയോടുള്ള സമീപനത്തേയും സ്വാധീനിക്കുന്നു, ഇത് സമകാലിക സമൂഹത്തെ അതിന്‍റെ ജീവിത ശൈലിയെക്കുറിച്ചുള്ള ഗൗരവമായ ഒരു പുനര്‍വിചിന്തനത്തിലേക്കു ക്ഷണിക്കുന്നു. നമ്മുടെ ജീവിത ശൈലിയിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സമകാലിക സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും ഉല്ലാസ യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമൊക്കെ പോകുമ്പോള്‍ ഈ ഉത്തരവാദിത്വം വിസ്മരിക്കുകയാണ് പതിവ്. തങ്ങളുടെ പ്രവര്‍ത്തികളുടെ ഫലങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ സംരംഭകരും വിനോദ സഞ്ചാരികളും തയ്യാറാകണം.
പരിസ്ഥിതി സംരക്ഷണമെന്ന സഹസ്രാബ്ദ വികസന ലക്ഷൃം കൈവരിക്കുന്നതിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ വിനോദ സഞ്ചാരമേഖയ്ക്കു സാധിക്കണമെങ്കില്‍ എല്ലാവരുടേയും കൂട്ടായ സഹകരണം കൂടിയേ തീരൂ. സംരംഭകരും, വ്യവസായികളും, തദ്ദേശീയ സമൂഹങ്ങളും, ഭരണാധികാരികളും, വിനോദസഞ്ചാരികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. തങ്ങളുടെ കടമകളും ഉത്തരവാദിത്വങ്ങളും തിരിച്ചറിഞ്ഞ് അവ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും തയ്യാറാകണം.

വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രകൃതിക്ക് ഹാനികരമാകാത്ത വിധത്തില്‍ ഊര്‍ജ്ജവിഭവങ്ങള്‍ കാര്യക്ഷമായി വിനിയോഗിക്കുകയും പരിസ്ഥിതി മലിനീകരണം ഒഴിവാക്കുകയും ചെയ്യുന്ന ഇടങ്ങളായി മാറ്റാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രോത്സാഹനവും പിന്തുണയും നല്‍കണം. കത്തോലിക്കാ സഭയുടെ കീഴിലുള്ള അവധിക്കാല ഉല്ലാസ കേന്ദ്രങ്ങള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊന്തിഫിക്കല്‍ കൗണ്‍സില്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.