2012-07-25 10:57:35

ലോകത്തിന്‍റേയും സഭയുടേയും മുറിവുകള്‍ സ്നേഹത്തോടെ ആശ്ലേഷിക്കാന്‍ അല്‍മായ സമര്‍പ്പിതരോട് മാര്‍പാപ്പ


24 ജൂലൈ 2012, വത്തിക്കാന്‍
ലോകത്തിന്‍റേയും സഭയുടേയും മുറിവുകള്‍ സ്നേഹത്തോടെ ആശ്ലേഷിക്കാന്‍ മാര്‍പാപ്പ അല്‍മായ സമര്‍പ്പിതരെ ആഹ്വാനം ചെയ്യുന്നു. അല്‍മായ സമര്‍പ്പിതസമൂഹങ്ങളുടെ ആഗോള സമ്മേനത്തിന് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് ഇറ്റലിയിലെ അസ്സീസിയില്‍ നടക്കുന്ന സമ്മേളനത്തിന് മാര്‍പാപ്പയുടെ സന്ദേശമയച്ചത്.
സമൂഹമധ്യത്തില്‍ ക്രിസ്തു കേന്ദ്രീകൃതമായ സമര്‍പ്പണ ജീവിതം നയിക്കുന്ന അല്‍മായ സമര്‍പ്പിതരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍പാപ്പ പ്രോത്സാഹനം പകര്‍ന്നു. ‘ചരിത്ര വഴികളിലൂടെ ദൈവസ്വരം ശ്രവിച്ചുകൊണ്ട്’ എന്ന പ്രമേയത്തോടെ നടക്കുന്ന സമ്മേളനത്തിന്‍റെ മുഖ്യചിന്താവിഷയം അല്‍മായര്‍ സമര്‍പ്പിതരോടു സംസാരിക്കുന്നു എന്നതാണ്. ആന്തരീക സ്വാതന്ത്ര്യവും വ്രതാനുഷ്ഠാനത്തില്‍ നിന്നുല്‍ഭവിക്കുന്ന സന്തോഷപൂര്‍ണ്ണതയും വഴിയായി ലോകത്തിനു മുന്നില്‍ തങ്ങളുടെ സമര്‍പ്പിത ജീവിതത്തിന്‍റെ തനിമ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ക്കു സാധിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. സഭയില്‍ അല്‍മായ സമര്‍പ്പിതരുടെ ദൗത്യം സുപ്രധാനമാണ്. ലോകത്തില്‍ സ്വന്തം അസ്തിത്വം എന്താണെന്നു തിരിച്ചറിയാന്‍ അവര്‍ സഭയെ സഹായിക്കുന്നു. അല്‍മായ സമര്‍പ്പിതസമൂഹങ്ങളുടെ ആഗോള സമ്മേളനം ശ്രദ്ധകേന്ദ്രീകരിക്കുന്ന മൂന്നു മേഖലകളായ സമ്പൂര്‍ണ്ണ സമര്‍പ്പണം, ആത്മീയ ജീവിതം, നിരന്തരമായ പരിശീലനം എന്നിവയ‍െക്കുറിച്ചും മാര്‍പാപ്പ സന്ദേശത്തില്‍ പ്രതിപാദിച്ചു.








All the contents on this site are copyrighted ©.