2012-07-25 20:16:18

രാസായുധങ്ങളുടെ പ്രയോഗം
നിന്ദ്യവും മൃഗീയവുമെന്ന് ബാന്‍ കി മൂണ്‍


25 ജൂലൈ 2012, സിറിയ
‍രാസായുധങ്ങളുടെ പ്രയോഗം നിന്ദ്യവും മൃഗീയവുമാണെന്ന് ഐക്യ രാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. സിറിയയിലെ സംഘര്‍ഷ പൂര്‍ണ്ണമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സാദ്ധ്യതയുള്ള രാസായുധങ്ങളുടെ പ്രയോഗത്തെക്കുറിച്ച് ജൂലൈ 23-ാം തിയതി ന്യൂയോര്‍ക്കില്‍വച്ച് ലോക രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ബാന്‍ കി മൂണ്‍. സമൂല വിനാശത്തിന് കാരണമാകാവുന്ന രാസായുധങ്ങളുടെ പ്രയോഗത്തെക്കുറിച്ച് സിറിയയില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍തന്നെ അതു നിന്ദ്യവും മൃഗീയവുമാണെന്ന് ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.
സിറിയയുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്കെതിരെ രാസായുധങ്ങള്‍ ഉപയോഗിക്കുമെന്നുള്ള അവിടത്തെ മന്ത്രാലയത്തിന്‍റെ ഭീഷണിയെ തുടര്‍ന്നാണ്, ലോകരാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബാന്‍ കി മൂണ്‍ താക്കീതു നല്കിയത്.

പ്രസിഡന്‍റ് ബാഷാര്‍ അല്‍ ആസാദിന്‍റെ സ്വേച്ഛാഭരണത്തിന്‍റെ ക്രൂരതയില്‍ കഴിഞ്ഞ 16 മാസങ്ങള്‍ക്കിടയില്‍ മരണമടഞ്ഞവര്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തിലേറെയാണെന്നും മൂണ്‍ ഖേദപൂര്‍വ്വം പ്രസ്താവിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ ചിലത് ഇനിയും യുഎന്നിന്‍റെ രാസായുധ നിരോധന കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നും മൂണ്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.