2012-07-25 11:02:35

മാലിന്യ പ്രശ്നം സാംസ്ക്കാരിക പ്രശ്നം : കെ.സി.ബി.സി


24 ജൂലൈ 2012, കൊച്ചി

കേരളത്തിലെ മാലിന്യ പ്രശ്നം ദീര്‍ഘ വീക്ഷണത്തോടെ പരിഹരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി.). മാലിന്യ സംസ്ക്കരണം വ്യക്തിപരമായ ഉത്തരവാദിത്വമായി പരിഗണിച്ച് വ്യക്തികള്‍ അതിനായി മുന്നോട്ടു വരണമെന്നു മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കെ.സി.ബി.സി ഉത്ബോധിപ്പിച്ചു. മാലിന്യ പ്രശ്നം കേരളത്തില്‍ ആരോഗ്യപരവും സാമൂഹികവുമായ അടിയന്തര പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യ പ്രശ്നത്തില്‍ സര്‍ക്കാരിനേയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളേയും കുറ്റും പറഞ്ഞുകൊണ്ട് മാറിനില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മാലിന്യ പ്രശ്നം നമ്മുടെ ഒരോരുത്തരുടേയും പ്രശ്നമായിക്കണ്ട് പരിഹാരം തേടണം. താല്‍കാലിക നടപടികളല്ല, മറിച്ച് ദീര്‍ഘ വീക്ഷണത്തോടെയുള്ള ശാശ്വതമായ പരിഹാര മാര്‍ഗ്ഗങ്ങളാണ് അതിനാവശ്യമെന്നും കെ.സി.ബി.സി വ്യക്തമാക്കി.
മാലിന്യ സംസ്ക്കരണ രീതി സ്വഭവനങ്ങളില്‍ തന്നെആരംഭിക്കണം. കത്തോലിക്കാ സ്ഥാപനങ്ങള്‍ മാലിന്യ സംസ്ക്കരണത്തിന്‍റെ നവീന മാതൃക സമൂഹത്തിന് കാണിച്ചുകൊടുക്കണമെന്നും മെത്രാന്‍ സമിതി സഭാംഗങ്ങളോട് ആവശ്യപ്പെട്ടു. നാം വസിക്കുന്ന പ്രദേശത്തെ ശുചിത്വപൂര്‍ണ്ണമാക്കാനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി ഇടവകകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ശുചിത്വ സമിതികള്‍ രൂപീകരിക്കുവാനും കെ,സി.ബി.സി പ്രോത്സാഹനം പകര്‍ന്നു.










All the contents on this site are copyrighted ©.