2012-07-25 20:22:20

നോര്‍ഡിക് രാജ്യങ്ങളിലെ സുവിശേഷ തരംഗം
ഫാദര്‍ ലാര്‍സ് റൂത്ത് അന്തരിച്ചു


25 ജൂലൈ 2012, സ്വീഡന്‍
വത്തിക്കാന്‍ റേഡിയോ സ്ക്കാന്‍ഡിനേവിയന്‍ വിഭാഗത്തിന്‍റെ ഉപജ്ഞാതാവ്, ഫാദര്‍ ലാര്‍സ് റൂത്ത് അന്തരിച്ചു. ഈശോ സഭാ വൈദികനായ ഫാദര്‍ റൂത്ത് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് ജൂലൈ 21-ന്, 90-ാമത്തെ വയസ്സില്‍ സ്വീഡനിലെ ഊപ്സാലയില്‍ അന്തരിച്ചത്. പാപ്പായുടെ റേഡിയോയ്ക്കുവേണ്ടി 35 വര്‍ഷക്കാലം അദ്ദേഹം സേവനംചെയ്തിട്ടുണ്ട്. അറുപതുകളില്‍ സ്വീഡനിലെ ഊപ്സാലയിലെ ഈശോ സഭാ സ്ഥാപനത്തില്‍നിന്നും പ്രക്ഷേപണത്തിനായി ‘സ്പൂളുകള്‍’ വത്തിക്കാനിലേയ്ക്ക് അയച്ചു തുടങ്ങിയ ഫാദര്‍ റൂത്തിന്‍റെ പരിപാടികള്‍ക്ക് ശ്രോതാക്കള്‍ വര്‍ദ്ധിച്ചപ്പോഴാണ്, 1981-മുതല്‍ റോമിലെ വത്തിക്കാന്‍ റേഡിയോ ഓഫിസ്സീല്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്.

ഹ്രസ്വ-ദീര്‍ഘ തരംഗങ്ങളായി അഞ്ച് നോര്‍ഡിക്ക് രാജ്യങ്ങളിലെത്തുന്ന വത്തിക്കാന്‍ റേഡിയോ പരിപാടികള്‍ക്ക് 50 വര്‍ഷത്തെ പഴക്കമുണ്ട്. അവിടങ്ങളിലെ അനേകരെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ആനയിക്കാന്‍ പാപ്പായുടെ റേഡിയോ പ്രക്ഷേപണങ്ങള്‍ക്കായിട്ടുണ്ടെന്ന്
വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവുമായ ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, ഫാദര്‍ റൂത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രസ്താവിച്ചു.









All the contents on this site are copyrighted ©.