2012-07-25 11:05:33

നിരായുധീകരണം ലോകസമാധാനത്തിന് അനിവാര്യം: ഏഷ്യന്‍ മെത്രാന്‍മാര്‍


17 ജൂലൈ 2012, ബാങ്കോക്ക്
ആഗോള സമാധാനത്തിന് ലോക രാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്ന് ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതി(എഫ്.എ.ബി.സി). ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ആയുധ വ്യാപര ഉടമ്പടിയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ലോകസമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഏഷ്യന്‍ മെത്രാന്‍മാര്‍ രാഷ്ട്ര നേതാക്കളോട് അഭ്യര്‍ത്ഥിച്ചത്.
നിരായുധീകരണത്തിലൂടെ സമാധാന സ്ഥാപന ശ്രമങ്ങള്‍ക്കു ശക്തിപകരണമെന്ന ആവശ്യവുമായി ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു നിവേദനം സമര്‍പ്പിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കാ സഭാധ്യക്ഷന്‍മാര്‍ക്കു പുറമേ അന്യമതസ്ഥരായ 5,000 പേരും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
സമാധാനത്തിന്‍റെ സംസ്ക്കാരം പ്രചരിപ്പിക്കാന്‍ കത്തോലിക്കാ സഭ നടത്തുന്ന പ്രയത്നങ്ങളിലൊന്നാണ് ഈ നിവേദനമെന്ന് എഫ്.എ.ബി.സിയുടെ മാനവ വികസന കാര്യാലയത്തിന്‍റെ കാര്യദര്‍ശി ഫാ. നിത്യ സഹായം പ്രസ്താവിച്ചു. ആയുധ വ്യാപാരവും മത്സരവും രാഷ്ട്രങ്ങളെ യുദ്ധത്തിലേക്കു നയിക്കുന്ന മുഖ്യകാരണങ്ങളിലൊന്നാണ്. ജനങ്ങളില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷവും സൃഷ്ടിക്കാനും, വികസനം മന്ദഗതിയിലാകാനും അതു കാരണമാകുന്നു. അങ്ങനെ അക്രമത്തിന്‍റേയും കുറ്റകൃത്യങ്ങളുടേയും സംസ്ക്കാരം വളരും. അക്രമവും, കൊലപാതകവും, വംശീയ ഉന്മൂലനവുമൊക്കെ ഒഴിവാക്കാന്‍ നിരായുധീകരണം അനിവാര്യമാണെന്നും ഫാ. നിത്യസഹായം വിശദീകരിച്ചു








All the contents on this site are copyrighted ©.