2012-07-23 16:37:39

മതസൗഹാര്‍ദത്തിന്‍റെ പുണ്യമാസം


23 ജൂലൈ 2012, റോം
റംസാന്‍ മതസൗഹാര്‍ദത്തിന്‍റേയും പാരസ്പര്യത്തിന്‍റേയും പുണ്യമാസമാണെന്ന് റോമിലെ മതാന്തര സംവാദ കേന്ദ്രം തേവരെ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ ഡയറക്ടര്‍ മുസ്തഫ സെനാപ്പ് അയിഡിന്‍. മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ട മാസം, നോമ്പിന്റെ വിശുദ്ധമാസം, മതസൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും മാസമാണ്. റംസാന്‍ വ്രതാനുഷ്ഠാനത്തിന് ഒരു സാമൂഹ്യമാനമുണ്ടെന്നും മുസ്തഫ സെനാപ്പ് അയിഡിന്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. പ്രാര്‍ത്ഥനയും ഉപവാസവും വഴിയായി മനസ്സും ആത്മാവും ശുദ്ധീകരിക്കാനുള്ള കഠിന പരിശീലനത്തിന്റെ കാലമാണിത്. മതസൗഹാര്‍ദവും മതാന്തര സംവാദവും പരിപോഷിപ്പിക്കാനുള്ള സമുചിതമായ കാലം കൂടിയാണത്. മുസ്ലീമുകള്‍ ഭൂരിപക്ഷമുള്ള തുര്‍ക്കി സ്വദേശിയായ തനിക്ക് ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള ഇറ്റലിയില്‍ നോമ്പാചരിക്കുന്നത് വേറിട്ടൊരു അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ, അകത്തോലിക്കാ, യഹൂദ സുഹൃത്തുക്കള്‍ തന്നെ ഇഫ്ത്താര്‍ വിരുന്നിനു ക്ഷണിക്കുന്നുണ്ടെന്നും, സൗഹൃദത്തിന്‍റേയും മതാന്തരസംവാദത്തിന്‍റേയും വ്യക്തിപരമായ അനുഭവമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.