2012-07-23 20:17:49

അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കുന്ന
സമാധാനമാണ് സൗഖ്യദാനം


22 ജൂലൈ 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
‘ദൈവം മനുഷ്യകുലത്തിന്‍റെ നല്ലിടയന്‍’ എന്ന ചിന്ത എക്കാലത്തും ഏവരെയും പ്രചോദിപ്പിച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തിലെ ശ്രദ്ധേയമായ ഭാഗമാണ്. ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗമാണിത്.
പച്ചപ്പുല്‍പ്പുറങ്ങളിലേയ്ക്ക് ദൈവം തന്‍റെ ജനത്തെ ആനയിക്കുന്നു. അവിടുന്നു നമ്മെ പരിപാലിക്കുകയും, നമുക്ക് വിശ്രമ സങ്കേതം ഒരുക്കുകയും, നഷ്ടപ്പെട്ടു പോകാതെയും മരണഗര്‍ത്തത്തില്‍ വീഴാതെ കാത്തുപാലിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവന്‍റെ പൂര്‍ണ്ണിമയായ പരമ ലക്ഷൃത്തില്‍ മനുഷ്യന്‍ എത്തിച്ചേരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ജീവത നന്മയുടെയും സന്തോഷത്തിന്‍റെയും വിജയത്തിന്‍റെയും അനുഭവങ്ങളാണ് ഓരോ പിതാവും മാതാവും എപ്പോഴും അവരുടെ മക്കള്‍ക്കായി ആഗ്രഹിക്കുന്നത്. ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ നല്ലിടയനായിട്ടാണ് ക്രിസ്തു തന്നെത്തന്നെ ഇന്നത്തെ സുവിശേഷ ഭാഗത്ത് അവതരിപ്പിക്കുന്നത്. ഇടയന്‍ തന്‍റെ ആടുകളെ കാത്തുപാലിക്കുന്നതുപോലെ കര്‍ത്താവ് തന്‍റെ ജനത്തെ പരിപാലിക്കുന്നു. “ക്രിസ്തുവും ശിഷ്യന്മാരും വിശ്രമിക്കാനായി വഞ്ചിയില്‍ കയറി വിജനസ്ഥലത്തേയ്ക്കു പോയി.... അവിടുന്ന് കരയ്ക്കിറങ്ങിയപ്പോള്‍ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അവിടുത്തേയ്ക്ക് അവരോട് അനുകമ്പതോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍ പറ്റംപോലെ ആയിരുന്നു. അവിടുന്ന് അവരെ പല കാര്യങ്ങളും പഠിപ്പിക്കുവാന്‍ തുടങ്ങി” (മാര്‍ക്കോസ് 6, 34). ഇതാണ് ഇന്നത്തെ ആരാധനക്രമം നല്കുന്ന സുവിശേഷ ഭാഗം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് രോഗികള്‍ക്ക് സൗഖ്യം നല്ക്കുവാനും പാപികളെ മോചിപ്പിക്കുവാനും നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കുവാനുമാണെന്ന് (ലൂക്കാ 19, 10), ക്രിസ്തുവിന്‍റെ പ്രബോധനങ്ങളും പ്രവൃത്തികളും തെളിയിക്കുന്നു.

നല്ലിടയാനായ ക്രിസ്തു തിരികെ കൊണ്ടുവന്ന നഷ്ടപ്പെട്ട ആടുകളില്‍ ഒന്നാണ് ഗലീലിയാ തടാകക്കരിയിലെ മഗ്ദല എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന മേരി. ആഗോള സഭ മഗ്ദലയിലെ മേരിയുടെ അനുസ്മരണം (ജൂലൈ 22) ആചരിക്കുകയാണ്. ‘ഏഴു ദുഷ്ടാത്മാക്കളില്‍നിന്നും ക്രിസ്തുവിനാല്‍ മോചിപ്പിക്കപ്പെട്ടവള്‍,’ എന്നാണ് ലൂക്കായുടെ സുവിശേഷത്തില്‍ അവളെ വിശേഷിപ്പിച്ചിരിക്കുന്നത് (ലൂക്കാ 8, 2). ക്രിസ്തുവിലൂടെ ദൈവം പ്രവര്‍ത്തിക്കുന്ന ആഴമായ സൗഖ്യദാനം എന്താണ്?. ദൈവവുമായും മറ്റുള്ളവരുമായും ഈ ലോകത്തോടു തന്നെയുമുള്ള ബന്ധങ്ങളില്‍ അനുരജ്ഞനത്തിന്‍റെ ഫലമായി ഒരു വ്യക്തി ആര്‍ജ്ജിക്കുന്ന യാഥാര്‍ത്ഥമായ സമാധാനമാണ് ക്രിസ്തു നല്കുന്ന സൗഖ്യദാനം.
മനുഷ്യഹൃദയത്തിലും ശരീരത്തിലും ആത്മാവിലും, ദൈവമനുഷ്യ ബന്ധങ്ങള്‍ക്കിടയിലും, സാമൂഹ്യവും അന്തര്‍ദേശിയവുമായ ബന്ധങ്ങളിലും തിന്മയുടെ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യനും ഈ പ്രപഞ്ചത്തിനുമിടയ്ക്ക് തിന്മ വിതയക്കുവാന്‍ അശുദ്ധാത്മാവ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അശുദ്ധാത്മാവ് കലഹത്തിന്‍റെ കളവിതയ്ക്കുമ്പോള്‍, ദൈവം ഭൂമുഖത്ത് സമാധാനം വളര്‍ത്തുന്നു. പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ, ക്രിസ്തു നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്യുന്നു (എഫേസിയര്‍ 2, 14). നല്ലിടയനും ‘ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവകുഞ്ഞുടുമായ’ (യോഹ. 1, 29). ക്രിസ്തുവിലൂടെയാണ് ഒരിക്കല്‍ നന്മയില്‍നിന്നും വിദൂരസ്ഥരായിരുന്നവര്‍ മൗലികമായ അനുരഞ്ജനം പ്രാപിച്ച് തിരിച്ചെത്തിയത്. അങ്ങനെ സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ ക്രിസ്തുവില്‍ നിവര്‍ത്തിതമാകുന്നു. “അവിടുത്തെ നന്മയും കാരുണ്യവും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും. കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ ദീര്‍ഘകാലം വസിക്കും.” (സങ്കീ. 23, 6).

“പ്രിയ സ്നേഹിതരേ, മനുഷ്യജീവിതങ്ങള്‍ ദൈവിക ജീവനുവേണ്ടി, അതേ നിത്യജീവനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഹൃദയാന്തരാളത്തെ തട്ടിയുണര്‍ത്തുന്ന ഈ സങ്കീര്‍ത്തനം ഞങ്ങളെ പഠിപ്പിക്കുന്നു.” ജീവിതത്തില്‍ ദൈവാനുഭവവും അതിന്‍റെ സമാധാനവും കണ്ടെത്തിയ മഗ്ദലയിലെ മേരിയെപ്പോലുള്ളവരുടെ പ്രസ്താവമാണിത്. സ്വര്‍ഗ്ഗീയ മേച്ചില്‍പ്പുറത്ത്, ദിവ്യകുഞ്ഞാടും നല്ലിടയനുമായ ക്രിസ്തുവിന്‍റെ സന്നിധിയില്‍ വാഴുന്ന പരിശുദ്ധ കന്യകാ നാഥയുടെ അധരങ്ങളില്‍നിന്നും ഈ ഗീതം സത്യമായും മറ്റാരുടേതിനെക്കാളും കൂടുതലായി പ്രതിധ്വനിക്കുന്നുണ്ട്. സമാധാന രാജാവായ ക്രിസ്തുവിന്‍റെ അമ്മേ, കന്യകാ നാഥേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

Extract from the Angelus Message of the Holy Father on 22nd July 2012.








All the contents on this site are copyrighted ©.