2012-07-19 18:30:55

സംഘര്‍ഷ ഭൂമിയില്‍ സമാധാനദായകമാകുന്ന
പാപ്പായുടെ സന്ദര്‍ശനം


19 ജൂലൈ 2012, ലെബനോണ്‍
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലബനോണ്‍ സന്ദര്‍ശനം മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനത്തിനു വഴിതെളിക്കുമെന്ന്, ഗ്രീക്ക് മെല്‍ക്കൈറ്റ് സഭയുടെ പാത്രിയര്‍ക്കിസ് ഗ്രിഗരി ലാഹാം ത്രിതീയന്‍ പ്രസ്താവിച്ചു. ജൂലൈ 17-ന് ഫീദെസ് ഏജന്‍സിക്കു നല്കിയ വാര്‍ത്താക്കുറിപ്പിലാണ് അന്തിയോക്യായിലെ മെല്‍ക്കൈറ്റ് കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൃന്‍, പാത്രിയര്‍ക്കിസ്
ലാഹാം ത്രിതിയന്‍ ഇപ്രകാരം പ്രസ്താവിച്ചത്.

സംവാദത്തിനും അനുരജ്ഞനത്തിനും എന്നും സന്നദ്ധമാകുന്ന സഭയുടെ പ്രതീകമാണ് ലെബനോനിലേയ്ക്ക് സെപ്റ്റംമ്പര്‍ 14, 15, 16 തിയതികളില്‍ പാപ്പാ നടത്തുവാന്‍ പോകുന്ന അപ്പസ്തോലിക സന്ദര്‍ശനമെന്നും, നിലയ്ക്കാത്ത സംഘര്‍ഷത്തിന്‍റെ ഭൂമിയായ സിറിയായിലും ഇതര മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങളിലും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വിത്തു പാകുവാന്‍ പാപ്പായുടെ സന്ദര്‍ശനം സഹായകമാകുമെന്നും പാത്രിയര്‍ക്കിസ് ലാഹാം പ്രത്യാശ പ്രകടിപ്പിച്ചു.

ലെബനോന്‍റെ തലസ്ഥാനമായ ബെയ്റൂട്ട്, ബാബ്ദാ, ബോമ്മാര്‍, ബെര്‍ക്കേ, ഷാര്‍ഫെ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പായുടെ ത്രിദിന പരിപാടികള്‍ ലഭ്യമാകുന്ന www.lbpapalvisit.com എന്ന സൈറ്റ് ലെബനോണിലെ സംഘാടകര്‍ പ്രകാശനംചെയ്തു. സൈറ്റ് കൂടാതെ ഫെയിസ് ബുക്ക്, ട്വീറ്റെര്‍, യൂ-ട്യൂബ് എന്നീ ചാനലുകളിലും സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.









All the contents on this site are copyrighted ©.