2012-07-19 18:47:00

വിശ്വാസമൂല്യങ്ങള്‍ ചോര്‍ന്നു പോകുന്ന നാടുകള്‍
‘മിഷന്‍ മേഖലകളെ’ന്ന് കര്‍ദ്ദിനാള്‍ ഡോലന്‍


19 ജൂലൈ 2012, അറ്റലാണ്ട
വിശ്വാസമൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന അമേരിക്കയും അതുപോലുള്ള പാശ്ചാത്യ സമൂഹങ്ങളും ആധുനിക യുഗത്തിന്‍റെ ‘മിഷന്‍ മേഖലകളാ’ണെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ പ്രസ്താവിച്ചു. അമേരിക്കയിലെ അറ്റലാന്‍റയില്‍ ചേര്‍ന്ന വസന്തകാല ദേശീയ മെത്രാന്‍ സമിതി സമ്മേളനത്തിലാണ് ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ ഡോലന്‍ ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസികളുടെ എണ്ണത്തിലോ, പള്ളികളുടെ വലുപ്പത്തിലോ, പൂര്‍വ്വകാല പ്രശസ്തിയിലോ, പ്രൗഢിയിലോ ആശ്രയിക്കാനാവാത്ത വിധം മൂല്യച്ഛ്യുതിയും വിശ്വാസക്കുറവും പാശ്ചാത്യസമൂഹത്തെ കാര്‍ന്നു തിന്നിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ഡോലന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് സമൂഹത്തെ നിരാശപ്പെടുത്തുവാനോ, തളര്‍ത്തുവാനോ കാരണമാകരുതെന്നും, ഉണരാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനുമുള്ള വെല്ലുവിളിയായി ഇതിനെ സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ ഡോലന്‍ ഉദ്ബോധിപ്പിച്ചു.

അടുത്ത കാലത്ത് ന്യൂയോര്‍ക്ക് നഗരത്തിലെ തിരഞ്ഞെടുത്ത ഒരു സമൂഹത്തില്‍ നടത്തിയ അഭിപ്രായ രൂപീകരണ വോട്ടെടുപ്പില്‍ അമേരിക്കന്‍ ജനതയുടെ 44 ശതമാനം മാത്രമേ സഭയിലും സഭാ സംവിധാനങ്ങളിലും വിശ്വാസം അര്‍പ്പിക്കുന്നുള്ളൂ എന്ന് വെളിപ്പെടുന്നതായും കര്‍ദ്ദിനാള്‍ ഡോലന്‍
തന്‍റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി. പെന്തക്കൂസ്താ നാളില്‍ അപ്പസ്തോലന്മാരില്‍ കണ്ട ശുഷ്ക്കാന്തിയുമായി ബനഡിക്ട് 16-ാമന്‍ പാപ്പായോടൊപ്പം നവസുവിശേഷവത്ക്കരണ പാതയില്‍ മുന്നേറണമെന്നും കര്‍ദ്ദിനാള്‍ ഡോലന്‍ അമേരിക്കയിലെ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.