2012-07-17 16:22:59

ലിബിയയില്‍ മിതവാദികളുടെ മുന്നേറ്റം പ്രതീക്ഷാജനകം: ആര്‍ച്ചുബിഷപ്പ് മാര്‍ത്തിനെല്ലി


17 ജൂലൈ 2012, ട്രിപ്പോളി
ലിബിയയില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടമായ നാഷനല്‍ അസംബ്ളി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രിയുടെ മുന്നേറ്റം പ്രതീക്ഷാജനകമെന്ന് ട്രിപ്പോളിയിലെ അപ്പസ്തോലിക വികാരി ആര്‍ച്ചുബിഷപ്പ് ജൊവാന്നി ഇന്നൊച്ചെന്‍സൊ മാര്‍ത്തിനെല്ലി. 42 വര്‍ഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിനുശേഷം ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ത്തിനെല്ലി പ്രസ്താവിച്ചു. മഹ്മൂദ് ജിബ്രിയുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യത്തിന് (നാഷനല്‍ ഫോഴ്സസ് അലയന്‍സ്) ഭൂരിപക്ഷം ലഭിച്ചെങ്കിലും നാഷണല്‍ അസംബ്ലിയില്‍ മിതവാദികള്‍ മാത്രമല്ല ഉണ്ടായിരിക്കുക. ഏങ്കിലും നീതിയുക്തവും സന്തുലിതവുമായ രീതിയില്‍ ഭരണനേതൃത്വത്തെ നയിക്കാന്‍ ജിബ്രിക്കു സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ത്തിനെല്ലി പ്രത്യാശ പ്രകടിപ്പിച്ചു. കത്തോലിക്കാ സഭയോടു പൊതുവേ തുറന്ന മനോഭാവമാണ് ലിബിയന്‍ ജനതയ്ക്കുള്ളത്. രാജ്യത്തിന്‍റെ വികസനത്തിന് സഭ നല്‍കുന്ന സംഭാവനകള്‍ അവര്‍ വിലമതിക്കുന്നു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം ലിബിയയില്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ജൊവാന്നി ഇന്നൊച്ചെന്‍സൊ മാര്‍ത്തിനെല്ലി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.