2012-07-16 18:36:57

സാക്ഷാത്ക്കരിക്കപ്പെടേണ്ട
ദൈവസ്നേഹത്തിന്‍റെ
അക്ഷയനിധിയാണ് ക്രിസ്തു


16 ജൂലൈ 2012, ക്യാസില്‍ ഗണ്ടോള്‍ഫോ
സഭാ പണ്ഡിതനും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പിന്‍ഗാമിയും ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സഭയുടെ പ്രഥമ പ്രിയോര്‍ മൈനറുമായിരുന്ന വിശുദ്ധ ബെനവഞ്ചറിന്‍റെ അനുസ്മരണമാണ് ഇന്ന് (ജൂലൈ 15). ഫ്രാന്‍സീസ് അസ്സീസിയുടെ ആദ്യ ജീവചരിത്രകാരനും വിശുദ്ധ ബെനവഞ്ചര്‍ തന്നെയാണ്. ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനായിരിക്കവേയാണ് അദ്ദേഹം മരണമടഞ്ഞത്.

“ആദിമ ക്രൈസ്തവരുടെ മൗലികമായ ജീവിതശൈലിയില്‍ ക്രമീകരിച്ച ഫ്രാന്‍സ്സിസിന്‍റെ ജീവിതമാണ് ഇത്രയേറെ അദ്ദേഹത്തെ സ്നേഹിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് ദൈവസമക്ഷം ഞാന്‍ ഏറ്റുപറയുന്നു,” എന്നാണ് വിശുദ്ധ ബെനവഞ്ചര്‍ സാക്ഷൃപ്പെടുത്തിയിരിക്കുന്നത് (Collected works of
St. Boneventure). തന്‍റെ ശിഷ്യന്മാര്‍ പന്ത്രണ്ടു പേരെയും ക്രിസ്തു ആദ്യമായി പ്രേഷിതവേലയ്ക്ക് അയക്കുന്ന രംഗം ചിത്രീകരിക്കുന്ന ഇന്നത്തെ സുവിശേഷ ഭാഗവുമായിട്ട് ഈ വാക്കുകള്‍ക്ക്
ഏറെ സമാനതയുണ്ട്. ക്രിസ്തു അവരെ അടുത്തു വിളിച്ചിട്ട് രണ്ടുപേരെവീതം പറഞ്ഞയച്ചു. അശുദ്ധാത്മാക്കളുടെമേല്‍ അവര്‍ക്ക് അധികാരവും നല്കി. എന്നിട്ട് അവിടുന്നു കല്പിച്ചു,
“യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും, അപ്പമോ സഞ്ചിയോ, അരപ്പട്ടയില്‍ പണമോ കരുതരുത്.
ചെരിപ്പു ധിരിക്കാം. രണ്ടു ഉടുപ്പു ധരിക്കരുത്” (മാര്‍ക്ക് 6, 7-9). തന്‍റെ മാനസാന്തരത്തിനുശേഷം
ഈ സുവിശേഷ സൂക്തം അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ
വിശ്വസ്ത സാക്ഷിയാത്തീര്‍ന്നത്, എന്ന് വിശുദ്ധ ബെനവഞ്ചര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അങ്ങനെ കുരിശിന്‍റെ ദിവ്യരഹസ്യവുമായി ഗാഢമായി ബന്ധിക്കപ്പെട്ട ഫ്രാന്‍സ്സിസാണ് മറ്റൊരു ക്രിസ്തുവായി മെല്ലെ രൂപാന്തരപ്പെട്ടതെന്ന് ഫ്രാന്‍സ്സിസിനെ ഏറ്റവും അടുത്തറിഞ്ഞ ബെനവഞ്ചര്‍ വെളിപ്പെടുത്തുന്നു.

വിശുദ്ധ ബെനവഞ്ചറിന്‍റെ ജീവിതത്തിന്‍റെയും ദൈവശാസ്ത്ര ചിന്തകളുടെയും കേന്ദ്രബിന്ദു ക്രിസ്തുവാണ്. ഇന്നത്തെ രണ്ടാം വായനയില്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ എഫേസിയര്‍ക്കെഴുതിയ ലേഖന ഭാഗത്ത്, ക്രിസ്തുവിന് ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട പ്രഥമസ്ഥാനത്തെക്കുറിച്ച് പഠിപ്പിക്കുന്നു. ഇങ്ങനെയാണ് അത് ആരംഭിക്കുന്നത്, “സ്വര്‍ഗ്ഗീയവും ആത്മീയവുമായ എല്ലാ വരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ! എന്നിട്ട് നാലു ഘട്ടങ്ങളായി ക്രിസ്തുവിലുള്ള കേന്ദ്രസ്ഥാനം പൗലോസ്ലീഹാ തന്‍റെ ലേഖനത്തിന്‍റെ ആമുഖത്തില്‍ വിപുലീകരിക്കുന്നു: ലോക സ്ഥാപനത്തിനു മുന്‍പുതന്നെ ദൈവം നമ്മെ ക്രിസ്തുവില്‍ തിരഞ്ഞെടുത്തു, എന്നതാണ് ആദ്യഘട്ടം (എഫേ. 1, 4). രണ്ടാമതായി, ക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന് തന്‍റെ ഹിതവും ലക്ഷൃവുമനുസരിച്ച് അവിടുന്നു മുന്‍കൂട്ടി തീരുമാനിച്ചു (എഫേ. 1, 5). മൂന്നാമതായി ക്രിസ്തുവിലൂടെയാണ് പാപമോചനവും അവിടുത്തെ തിരുരക്തത്താല്‍ രക്ഷയും നമുക്ക് കൈവന്നിരിക്കുന്നത് (എഫേ. 1, 7). അവസാനമായി, രക്ഷയുടെ സദ്വാര്‍ത്തയായ സത്യത്തിന്‍റെ വചനം ശ്രവിക്കുകയും ക്രിസ്തുവില്‍ വിശ്വസിക്കുകയും ചെയ്ത നിങ്ങള്‍ വാഗ്ദാനംചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ മുദ്രിതരായിരിക്കുന്നു (എഫേ. 1, 13).

ലേഖനത്തിന്‍റെ ആമുഖഗീതിയില്‍ പൗലോസ്ലീഹാ ചിത്രീകരിക്കുന്ന ക്രിസ്തു കേന്ദ്രീകൃതവും കാലാകാലങ്ങളില്‍ നവീകരിക്കപ്പെടുകയും പുനരാവിഷ്ക്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള രക്ഷകര ചരിത്ര ദര്‍ശനം തന്നെയാണ് വിശുദ്ധ ബെനവഞ്ചര്‍ സഭയില്‍ പ്രചരിപ്പിച്ചിട്ടുള്ളത്. ക്രിസ്തുവിലൂടെയാണ് ദൈവം നമ്മോടു സംസാരിച്ചിട്ടുള്ളതും നമുക്കായി എല്ലാം നല്കിയിട്ടുള്ളതും. കാരണം പരിശുദ്ധാത്മാവ് നിരന്തരമായി വെളിപ്പെടുത്തി തരികയും ഈ ലോകത്ത് സാക്ഷാത്ക്കരിക്കുകയും ചെയ്യേണ്ട ദൈവികരഹസ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അക്ഷയ നിധിയാണ് ക്രിസ്തു. ആകയാല്‍ ക്രിസ്തുവിന്‍റെ പദ്ധതികളോ അവിടുത്തെ സഭയോ ഒരിക്കലും പിന്നോട്ടു പോവുകയില്ല, മറിച്ച് മുന്നേറുകയേയുള്ളൂ.

രക്ഷയുടെ സുവിശേഷം പ്രഘോഷിക്കുവാനുള്ള ദൈവത്തിന്‍റെ വിളിയോട് വാക്കാലും, സര്‍വ്വാപരി അവരുടെ പ്രവൃത്തിയാലും വിശുദ്ധരായ ഫ്രാന്‍സിസ്സും ബെനവഞ്ചറും ഉദാരമായി പ്രതികരിച്ചു. നമ്മുടെ ഓരോരുത്തരുടെയും ജീവിത വിളിയോട് അവരെപ്പോലെ പ്രത്യുത്തരിക്കാന്‍ സഹായിക്കണമേ എന്ന് പരിശുദ്ധ കര്‍മ്മല നാഥയോടു ഈ ദിനങ്ങളില്‍ നമുക്കു പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.