2012-07-16 17:42:06

46ാം ലോക സമാധാന ദിനാചരണത്തിന്‍റെ പ്രമേയം: "സമാധാന സ്ഥാപകര്‍ ഭാഗ്യവാന്‍മാര്‍”


16 ജൂലൈ 2012, വത്തിക്കാന്‍
"സമാധാന സ്ഥാപകര്‍ ഭാഗ്യവാന്‍മാര്‍” എന്ന തിരുവചനം മാര്‍പാപ്പ 46ാം ലോക സമാധാന ദിനാചരണത്തിന്‍റെ പ്രമേയമായി തിരഞ്ഞെടുത്തു. നീതി-സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുവര്‍ഷം ജനുവരി ഒന്നാം തിയതി കത്തോലിക്കാസഭ ലോക സമാധാന ദിനമായി ആചരിക്കുന്നു. 2013 ജനുവരി ഒന്നാം തിയതിയാണ് 46ാം ലോക സമാധാന ദിനാചരണം.
സമകാലിക ലോകത്തിലെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ സമാധാനസ്ഥാപനത്തിനു എല്ലാവര്‍ക്കുമുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ലോക സമാധാന ദിന സന്ദേശത്തില്‍ മാര്‍പാപ്പ പരാമര്‍ശിക്കുമെന്നും നീതി-സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സമാധാനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍, ആന്തരീക സമാധാനം, സുഖലോലുപതാവാദത്തിന്‍റെ സ്വഭാവം, അടിസ്ഥാന മനുഷ്യാവകാശങ്ങള്‍, മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിങ്ങനെ സമാധാനവുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളെക്കുറിച്ച് 46ാം ലോക സമാധാന ദിന സന്ദേശം പ്രതിപാദിക്കുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.








All the contents on this site are copyrighted ©.