2012-07-10 16:41:44

ദളിത് ക്രൈസ്തവ സംവരണം: ഡല്‍ഹിയില്‍ പ്രതിഷേധ ജാഥയും ധര്‍ണ്ണയും


10 ജൂലൈ 2012, ന്യൂഡല്‍ഹി
ദളിത് ക്രൈസ്തവരുടെ സംവരണാനുകൂല്യങ്ങള്‍ക്കുവേണ്ടി പ്രതിഷേധറാലിയും ധര്‍ണ്ണയും. ദേശീയ ദളിത് ക്രൈസ്തവ സമിതിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 1ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധപ്രകടനത്തിന് കത്തോലിക്കാ മെത്രാന്‍മാരുടെ ദേശീയ സമിതിയുടേയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയുടേയും പിന്തുണ്ണയുണ്ട്. സര്‍ക്കാര്‍ തങ്ങളോടു കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ലമെന്‍റിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതെന്ന് ദളിത് ക്രൈസ്തവ ദേശീയ സമിതി വക്താവ് ഫ്രാക്ലിന്‍ സീസര്‍ പ്രസ്താവിച്ചു. 1950ലെ ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യന്‍ ഭരണഘടനയുടെ 341വകുപ്പില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അനുവദിക്കുന്ന പ്രത്യേക അവകാശങ്ങളില്‍ നിന്നു ക്രൈസ്തവരും മുസ്ലീമുകളും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. പട്ടിക ജാതി സംവരണത്തില്‍ നിന്നു ക്രൈസ്തവരെ ഒഴിവാക്കുന്ന 341വകുപ്പിന്‍റെ മൂന്നാം ഖണ്ഡിക നിര്‍മാര്‍ജ്ജനം ചെയ്യണമെന്നതാണ് തങ്ങളുടെ മുഖ്യ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസവും പട്ടിക ജാതി സംവരണവും വേര്‍തിരിച്ചു കാണണമെന്ന രംഘനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ഫ്രാക്ലിന്‍ സീസര്‍ ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരുടെ സംവരണ പ്രശ്നം പരിഹരിക്കുമെന്ന് യു.പി.എ സര്‍ക്കാരിന്‍റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അത് ഇതുവരേയും പാലിക്കപ്പെട്ടിട്ടില്ലെന്ന് ദേശീയ ദളിത് ക്രൈസ്തവ സമിതി ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.