2012-07-10 16:41:11

അക്രമം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സഹായം വേണമെന്ന് ആര്‍ച്ചുബിഷപ്പ് കയിഗ്മ


10 ജൂലൈ 2012, ജോസ്
പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ആവര്‍ത്തിക്കപ്പെടുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് നൈജീരിയായിലെ ജോസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തോസ് കയിഗ്മ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ സെന്‍ട്രല്‍ നൈജീരിയായിലെ ക്രൈസ്തവ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് ജൂലൈ 9ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ജീവന് തെല്ലും വില കല്‍പ്പിക്കാതെ ആക്രമണങ്ങള്‍ തുടരുന്നതില്‍ തന്‍റെ ദുഃഖവും വേദനയും പങ്കുവച്ച അദ്ദേഹം സാധാരണക്കാര്‍ മാത്രമല്ല മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടി കൊല്ലപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. പ്ലാത്തേയ്വോ സംസ്ഥാനത്തില്‍ ജോസ് നഗരത്തിനു സമീപമുള്ള ക്രൈസ്തവ ഗ്രാമങ്ങളില്‍ 7ാം തിയതി ശനിയാഴ്ച നടന്ന ആക്രമണങ്ങളില്‍ രണ്ട് പൗരപ്രതിനിധികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ ഫുലാനി ഗോത്രവര്‍ഗക്കാരാണെന്ന് ആരോപണമുയര്‍ന്നെങ്കിലും അവര്‍ അതു നിഷേധിച്ചു. പ്ലാത്തേയ്വോ സംസ്ഥാന ഗവര്‍ണറുമായി താന്‍ സംസാരിച്ചെന്നു വെളിപ്പെടുത്തിയ ആര്‍ച്ചുബിഷപ്പ് കയിഗ്മ, തദ്ദേശീയരായ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരല്ല, മറിച്ച് പുറത്തു നിന്ന് വന്ന അക്രമികളാണ് ആക്രമണം നടത്തിയതെന്നാണ് ഗവര്‍ണറുടെ നിഗമനമെന്നും പറഞ്ഞു.
സഭാധ്യക്ഷന്‍മാരുടേയും വൈദികരുടേയും വാക്കുകള്‍ ആദ്യമൊക്കെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നെങ്കിലും ആക്രമണങ്ങള്‍ ഒന്നിനു പുറകേ ഒന്നായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തീര്‍ത്തും നിരാശ്രയരും നിസ്സഹായരുമാണ്. ക്രൂരത അവസാനിപ്പിക്കാന്‍ ബൗദ്ധിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ അക്രമം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ആര്‍ച്ചുബിഷപ്പ് കയിഗ്മ പ്രസ്താവിച്ചു. അതിന് അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.