2012-07-09 17:40:40

വൈദിക വിദ്യാര്‍ത്ഥികളുടെ ആത്മീയ വളര്‍ച്ചയ്ക്കു ഊന്നല്‍ നല്‍കുക: കര്‍ദിനാള്‍ ഫിലോണി


09 ജൂലൈ 2012, കിന്‍ഷാഷ
വൈദിക വിദ്യാര്‍ത്ഥികളുടെ ആത്മീയ വളര്‍ച്ചയ്ക്കു ഊന്നല്‍ നല്‍കണമെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി. ജൂണ്‍ 30ാം തിയതി മുതല്‍ ജൂലൈ 6ാം തിയതി വരെ കോംഗോയില്‍ സന്ദര്‍ശനം നടത്തിയ കര്‍ദിനാള്‍ 6ാം തിയതി വെള്ളിയാഴ്ച രാവിലെ സെമിനാരി വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. വൈദിക പരിശീലന കാലത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സെമിനാരി വിദ്യാര്‍ത്ഥികളോടു സംസാരിച്ച കര്‍ദിനാള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയും കൂദാശകളുടെ സ്വീകരണവും വഴിയായി ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ വളരാന്‍ അവര്‍ക്കു പ്രോത്സാഹനം പകര്‍ന്നു. ദൈവശാസ്ത്രപരമായ ആശയക്കുഴപ്പങ്ങളില്‍ വീണുപോകാതെ സാര്‍വ്വത്രിക സഭയുടെ പ്രബോധനങ്ങളില്‍ അടിയുറച്ചു നില്‍ക്കാന്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കു ഉത്തമമായ ദൈവശാസ്ത്ര പരിശീലനം നല്‍കണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. വൈദിക പരിശീലന കാലഘട്ടം ഏറ്റവും നന്നായി വിനിയോഗിക്കാന്‍ വൈദിക വിദ്യാര്‍ത്ഥികളെ ഉതബോധിപ്പിച്ച കര്‍ദിനാള്‍ ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാനും സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കാനും അവരോടാവശ്യപ്പെട്ടു. മാനവികതയുടെ വിദ്യാലയമായ സെമിനാരികളിലെ അധ്യാപകരും പരിശീലകരും വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തമ മാതൃകകളായിരിക്കണമെന്നും കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.