2012-07-04 17:27:15

സമാധാന ദൂതുമായി
പാപ്പ ദേവദാരുക്കളുടെ നാട്ടിലേയ്ക്ക്


4 ജൂലൈ 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പ ദേവദാരുക്കളുടെ നാട്ടില്‍ മൂന്നു ദിവസം ചെലവഴിക്കും. സെപ്റ്റംമ്പര്‍ 14, 15, 16 തിയതികളിലാണ് പാപ്പ മദ്ധ്യപൂര്‍വ്വ ദേശത്തുള്ളതും പഴയ നിയമകാലം മുതല്‍ക്കേ ദേവദാരു വൃക്ഷങ്ങള്‍ക്ക് പ്രശസ്തവുമായ ലെബനോനിലേയ്ക്ക് അപ്പസ്തോലിക യാത്ര നടത്തുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. സെപ്റ്റംമ്പര്‍ 14-ാം തിയതി പ്രാദേശിക സമയം രാവിലെ 9.30-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പ, മദ്ധ്യാഹ്നത്തില്‍ 1.45-ന് ലെബനോന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീക്ക് ഹരീരി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇറങ്ങും. ഔദ്യോഗിക സ്വീകരച്ചടങ്ങുകള്‍ക്കു ശേഷം ഹരീസ്സായിലുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ബസിലിക്കായില്‍വച്ച് 2010 ഒക്ടോബറില്‍ ചേര്‍ന്ന മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രമാണരേഖയില്‍ പാപ്പ ഒപ്പുവയ്ക്കും. സെപ്റ്റംമ്പര്‍ 15-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബാബ്ഡായിലുള്ള ലെബനോണിന്‍റെ പ്രസിഡന്‍റ്, പ്രധാനമന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നിവരുമായി പാപ്പാ അനൗപചാരികമായ കൂടിക്കാഴ്ച നടത്തും.

അന്നു രാവിലെ തന്നെ ലെബനോനിലെ ഇസ്ലാം മതപ്രതിനിധികളുമായി സംവിദിക്കുന്ന പാപ്പാ, രാഷ്ട്രത്തിന്‍റെ നയതന്ത്ര പ്രതിനിധികള്‍,
മത-സാംസ്ക്കാരിക മേഖലകളിലെ പ്രമുഖകര്‍, ഭരണകൂടത്തിന്‍റെ നേതാക്കന്മാര്‍, പൊതുസ്ഥാപനങ്ങളുടെ തലവന്മാര്‍ എന്നിവരുമായി ബാബ്ഡായിലുള്ള പ്രസിഡന്‍റിന്‍റെ മന്ദരത്തില്‍വച്ച് കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന്, മദ്ധ്യപൂര്‍വ്വ ദേശ സിനഡ് സമ്മേളനത്തിലെ മെത്രാന്മാര്‍, ലെബനോനിലെ ദേശീയ മെത്രാന്‍ സമിതി അംഗങ്ങള്‍, പാപ്പായുടെ സഹയാത്രികര്‍ എന്നിവര്‍ സൊമ്മാറിലെ അര്‍മേനിയന്‍ കത്തോലിക്കാ പാത്രീയാര്‍ക്കീസിന്‍റെ മന്ദിരത്തില്‍വച്ച് പാപ്പായ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ബെര്‍ക്കേയിലെ മാരൊനൈറ്റ് പാത്രിയര്‍ക്കേറ്റില്‍വച്ചു നടത്തപ്പെടുന്ന യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയോടെയാണ് പാപ്പായുടെ ലെബനോനിലെ രണ്ടാം ദിവസം സമാപിക്കുന്നത്.

സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം ഞായറാഴ്ച രാവിലെ 10 മണിക്ക് ബെയ്റൂട്ട് നഗരമദ്ധ്യത്തിലുള്ള നദീതട മൈതാനിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേയാണ് മദ്ധ്യപൂര്‍വ്വദേശ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രമാണരേഖകള്‍ പാപ്പ പ്രകാശനംചെയ്യുന്നത്. ദിവ്യബലിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പാപ്പ ത്രികാലപ്രാര്‍ത്ഥനയും ചെല്ലും. ഹരീസ്സായിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന പാപ്പ, വൈകുന്നേരം 5.15-നുള്ള സഭൈക്യ സമ്മേളനത്തില്‍ പങ്കെടുത്ത് സന്ദേശം നല്കും. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പാപ്പാ റോമിലേയ്ക്ക് യാത്രതിരിക്കും.








All the contents on this site are copyrighted ©.