2012-06-30 14:59:09

ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍


30 ജൂണ്‍ 2012, എടത്വ
പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍റെ ദൈവദാസ പ്രഖ്യാപനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജൂണ്‍ 29ാം തിയതി വെള്ളിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതയിലെ എടത്വ സെന്‍റ് ജോര്‍ജ്ജ് ദേവാലയ മൈതാനത്ത് നടന്ന ചടങ്ങില്‍വച്ച് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍റെ ദൈവദാസ പ്രഖ്യാപനം നടത്തിയത്. കേരള സഭയില്‍ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അല്‍മായനാണ് ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയുടെ സ്ഥാപകനും കേരള അസീസി എന്ന അപരനാമത്തില്‍ പ്രശസ്തനുമായ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍. നാമകരണനടപടികളുടെ പ്രഥമ പടിയാണ് ദൈവദാസ പദപ്രഖ്യാപനം.

വെള്ളിയാഴ്ച രാവിലെ 9.30ന് കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് തൊമ്മച്ചന്റെ കബറിടത്തില്‍ ഒപ്പീസ് നടന്നു. ദൈവദാസ പ്രഖ്യാപനത്തിനുള്ള പൊതുസമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. നാമകരണ നടപടിയുടെ വിശദീകരണം പോസ്റ്റുലേറ്റര്‍ ഫാ. സിബിച്ചന്‍ പുതിയിടം നടത്തി. തുടര്‍ന്ന് ട്രൈബ്യൂണല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ദൈവദാസ പ്രഖ്യാപനവും നടന്നു.


ക്രിസ്‌തുവിന്റെ വിളി സ്വീകരിച്ച പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍
ഫാ.സിബിച്ചന്‍ പുതിയിടം കപ്പൂച്ചിന്‍, പോസ്‌റ്റുലേറ്റര്‍

'നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിന്‍'- മര്‍ക്കോസ്‌ 16:15. തിരുസഭയുടെയും ഓരോ ക്രൈസ്‌തവന്റെയും വിളിയാണിത്‌. സകല പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അടിസ്‌ഥാനം ഈശോയുടെ ഈ വചനമാണ്‌.

സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹസന്ദേശത്തിന്‌ ഈശോ ഈ ഭൂമിയില്‍ മനുഷ്യരൂപം നല്‍കിയതുപോലെ, ദൈവസ്‌നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളാകാന്‍ വിളിയ്‌ക്കപ്പെട്ടവരാണ്‌ ക്രിസ്‌തുവിന്റെ പ്രേഷിതര്‍. മാമ്മോദീസയിലൂടെ സഭയിലെ അംഗങ്ങളാകുന്ന എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്ന സാര്‍വത്രിക വിളിയാണത്‌. ഈ വസ്‌തുത പൂര്‍ണതയില്‍ മനസിലാക്കി കേരള സഭയില്‍ പ്രകാശിച്ച ആത്മീയ തേജസായിരുന്നു കേരള അസീസി എന്ന നാമത്തിന്‌ യോഗ്യത നേടിയ പുണ്യശ്ലോകനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. ആത്മീയതയുടെ നിറവും പൂര്‍ണതയും ജീവിതവിശുദ്ധിയും പ്രത്യേകം ജീവിതം സമര്‍പ്പിച്ചിട്ടുള്ളവരുടേതാണെന്നും കുടുംബജീവിതക്കാരായ ആത്മായര്‍ക്ക്‌ എത്തിപിടിയ്‌ക്കാന്‍ പറ്റാത്തതുമാണെന്ന തെറ്റിദ്ധാരണ തിരുത്തിയ പുണ്യാത്മാവാണ്‌ അദ്ദേഹം. വിവാഹം കഴിച്ചാലും വിശുദ്ധി പ്രാപിക്കാം എന്നതിന്‌ ഏറ്റവും വലിയ തെളിവാണ്‌ തൊമ്മച്ചന്‍.

1836 ജൂലൈ എട്ടിന്‌ പുത്തന്‍പറമ്പില്‍ പീലിപ്പോസ്‌ - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി തൊമ്മച്ചന്‍ ജനിച്ചു. അദ്ദേഹത്തിനു രണ്ടര വയസുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആത്മീയതയുടെയും പുണ്യജീവിതത്തിന്റെയും വിത്ത്‌ വിതച്ചത്‌ അമ്മ ത്രേസ്യാമ്മയാണ്‌. ചെറുപ്രായത്തില്‍ തന്നെ എഴുത്തും വായനയും തുടര്‍ന്ന്‌ തമിഴ്‌ ഭാഷയും അദ്ദേഹം സ്വായത്തമാക്കി. സന്യാസിയായി പ്രേഷിത പ്രവര്‍ത്തനം നടത്താനായിരുന്ന ആഗ്രഹം. ഏകമകനെ സന്യാസത്തിനു വിടാന്‍ അമ്മയ്‌ക്കു പ്രയാസമായിരുന്നു. തുടര്‍ന്ന്‌ 20-ാം വയസില്‍ വിവാഹത്തിനു സമ്മതം മൂളി. 20-ാം വയസിലെ വിവാഹം അക്കാലത്തു വൈകിയുള്ള ഒന്നായിരുന്നു. കുടുംബജീവിതത്തിലേക്കു പ്രവേശിച്ചപ്പോഴും പുണ്യപൂര്‍ണത പ്രാപിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതിനു ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭ അദ്ദേഹത്തിനു സഹായമേകി.ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭ അഥവാ ഫ്രാന്‍സിസ്‌ക്കന്‍ അല്‍മായ സഭയില്‍ റോമന്‍ കത്തോലിക്കാസഭയുമായി ഐക്യത്തിലുള്ള എല്ലാ റീത്തിലുംപെട്ടവര്‍ക്കും അംഗമാകാം. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചൈതന്യം സ്വീകരിച്ചു ക്രിസ്‌തുവിനെ അനുഗമിക്കുന്ന സ്‌ത്രീപുരുഷന്‍മാരുടെ അത്മായ സമൂഹമാണ്‌ ഈ സഭ. ഡീക്കന്‍മാര്‍, സെക്കുലര്‍ വൈദീകര്‍, ബിഷപ്പുമാര്‍ തുടങ്ങിയവര്‍ക്കും ഇതിലംഗങ്ങളാകാം.

ഫ്രാന്‍സിസിന്റെയും, ആദ്യകാല അനുയായികളുടെയും ജീവിതവും പ്രസംഗവും അക്കാലത്തു സഭയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കുമായി ഫ്രാന്‍സിസ്‌ ഒന്നും രണ്ടും സന്യാസസഭകള്‍ സ്‌ഥാപിച്ചു.

ദാരിദ്ര്യത്തിലും സാഹോദര്യത്തിലുമൂന്നിയുള്ള ഫ്രാന്‍സിസിന്റെയും അനുയായികളുടെയും ജീവിതം എല്ലാ തുറകളിലുമുള്ളവരെയും സ്വാധീനിച്ചു. ലൗകീക ജീവിതത്തിന്റെ നശ്വരത ബോദ്ധ്യപ്പെട്ട പലരും തങ്ങളുടെ ദാമ്പത്യജീവിതം ഉപേക്ഷിച്ച്‌ ഒന്നും രണ്ടും സഭകളിലെ അംഗങ്ങളാകാന്‍ ആഗ്രഹിച്ചു. എന്നാല്‍ കുടുംബം ഉപേക്ഷിച്ചുകൊണ്ടുള്ള മാനസാന്തരത്തെ അദ്ദേഹം നിരസിച്ചു. ദൈവമാതാവിനോടും വലിയ ഭക്‌തിയുള്ള വൃക്‌തിയായിരുന്നു തൊമ്മച്ചന്‍. കൊന്ത നമസ്‌കാരം അദ്ദേഹം മുടക്കിയിരുന്നില്ല. മാതാവിന്റെ വണക്കമാസം ഭക്‌തിയോടെ ആചരിച്ചു. ത്രികാല ജപത്തോടുകൂടി വിശുദ്ധ ബര്‍ണ്ണാദോസിന്റെ ജപം ഭക്‌തിയോടുകൂടി ചൊല്ലിയിരുന്നു. ജീവിത വിശുദ്ധീകരണത്തിനു പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്‌ഥവും സഹായവും ഏറെ ആവശ്യമാണെന്ന്‌ തൊമ്മച്ചന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

വിശ്വാസം പ്രവര്‍ത്തിയിലൂടെ വെളിപ്പെടുത്തിയ വ്യക്‌തിയായിരുന്നു തൊമ്മച്ചന്‍. ഭക്‌താഭ്യാസങ്ങളും പ്രവൃത്തിയും ഒരുപോലെ അദ്ദേഹം സമന്വയിപ്പിച്ചു. ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുകയും അതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. വീട്ടില്‍ ആയിരിക്കുമ്പോള്‍ സല്‍ഗ്രന്ഥ പാരായണം നടത്തുക, കുടുംബകലഹങ്ങള്‍ പറഞ്ഞവസാനിപ്പിക്കുക, മതപഠനക്ലാസുകള്‍ നടത്തുക എന്നിവ ചെയ്‌തു പോന്നു. ഒരു മണിക്കൂര്‍ ആരാധന, ശുദ്ധീകരണാത്മാക്കളോടുള്ള ഭക്‌തി, പീഢാനുഭവ ധ്യാനം, മനുഷ്യന്റെ അന്ത്യത്തെപ്പറ്റിയുള്ള ധ്യാനം, വ്യാകുലഭക്‌തി മുതലായ എടത്വാ പള്ളിയില്‍ തുടക്കം കുറിച്ചത്‌ തൊമ്മച്ചനാണെന്നു വിശ്വസിക്കുന്നു.

ദിവസവും ഉച്ചകഴിഞ്ഞു മൂന്നുമണിക്കു പള്ളിയില്‍ പോയി സക്രാരിയില്‍ എഴുന്നെള്ളിയിരിക്കുന്ന ഈശോയ്‌ക്കു മുമ്പില്‍ ആരാധന നടത്തുക പതിവായിരുന്നു. നോമ്പു കാലത്തു ദിവസങ്ങളോളം ഭക്ഷണം വര്‍ജിച്ചു മലമുകളിലും കാടുകളിലും തപസ്‌ അനുഷ്‌ഠിച്ചു. മരക്കുരിശുമേന്തി കര്‍ത്താവിന്റെ കുരിശിന്റെ വഴിയെ അനുസ്‌മരിച്ചു പരിഹാര പ്രദിക്ഷിണം നടത്തുകയും ചെയ്‌തിരുന്നു. കുട്ടനാട്ടില്‍ വസൂരി, കോളറ എന്നിവ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രോഗികളെ സഹായിക്കുവാന്‍ തൊമ്മച്ചന്‍ തയാറായി.

ആത്മായരുടെ ദൗത്യത്തെക്കുറിച്ച്‌ താരതമ്യേന ബാലിശമായ ധാരണകള്‍ പുലര്‍ത്തിയിരുന്ന സമൂഹത്തില്‍ പ്രവാചക സഹജമായ ധീരതയോടും സന്യാസോചിതമായ പരിത്യാഗബുദ്ധിയോടും കൂടി സഭാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വ്യക്‌തിയാണ്‌ തൊമ്മച്ചന്‍.

താന്‍ കേരളത്തില്‍ ആരംഭിച്ച ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ വിവിധ രൂപതകളിലായി ഏകദേശം 50 ഇടവകകളിലെക്കു വളര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ഭാര്യയും രണ്ട്‌ പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെട്ട കുടുംബത്തിന്റെ തലവന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ക്കു പുറമെയാണു സഭാത്മകമായ ചുമതലകള്‍ അദ്ദേഹം നിറവേറ്റിയത്‌. വലിയ പാണ്ഡിത്യമോ, പഠനമോ ഇല്ലത്ത ഈ കുട്ടനാടന്‍ കര്‍ഷകന്‍ തന്റെ ജീവിതത്തിലൂടെ വിശ്വാസത്തിനു സാക്ഷൃമായി.








All the contents on this site are copyrighted ©.