2012-06-29 17:35:31

വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം


29 ജൂണ്‍ 2012, വത്തിക്കാന്‍
ഏകവും കാതോലികവുമായ കത്തോലിക്കാ സഭാകൂട്ടായ്മയില്‍ വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വിശ്വാസ സമൂഹത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. വിശുദ്ധ പത്രോസ്, പൗലോസ് അപ്പസ്തോലന്‍മാരുടെ തിരുന്നാള്‍ ദിനമായ ജൂണ്‍ 29ാം തിയതി വെള്ളിയാഴ്ച നല്‍കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ ആഹ്വാനം. ആദിമ സഭയുടെ നെടുംതൂണുകളായിരുന്നു അപ്പസ്തോലന്‍മാരായ വി.പത്രോസും വി.പൗലോസും. തങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ച് വിശ്വാസ പ്രഘോഷണം നടത്തിയ ഇരുവരും ദിവ്യഗുരുവിന്‍റെ മാതൃക പിന്തുടര്‍ന്ന് രക്ഷസാക്ഷിത്വം വരിച്ചു. വി.പത്രോസിന്‍റേയും വി.പൗലോസിന്‍റേയും തിരുന്നാള്‍ റോമില്‍ മാത്രമല്ല, ലോകമെമ്പാടും ക്രൈസ്തവര്‍ ആഘോഷിക്കുന്നു. ശ്ലീഹന്‍മാരുടെ സാക്ഷൃം ഓരോ കത്തോലിക്കാ വിശ്വാസിക്കും മാതൃകയും പ്രചോദനവുമാണ്. രക്ഷാകര ചരിത്രത്തിലൂടെ പ്രയാണം തുടരുന്ന ക്രൈസ്തവസഭാംഗങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാല്‍ ക്രിസ്തുവിനോടുള്ള വിശ്വസ്തതയില്‍ അടിയുറച്ചു നിന്നുകൊണ്ട് എക്കാലത്തും ലോകത്തില്‍ സുവിശേഷത്തിന്‍റെ സാക്ഷികളായിരിക്കണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. കത്തോലിക്കാ വിശ്വാസത്തില്‍ വളരാനും ഉത്സാഹത്തോടെ വിശ്വാസത്തിനു സാക്ഷൃം നല്‍കാനും മാര്‍പാപ്പ സഭാംഗങ്ങളെ ക്ഷണിച്ചു.








All the contents on this site are copyrighted ©.