2012-06-29 17:35:53

ദൈവാന്വേഷണത്തിന്‍റെ സംഗീതം


29 ജൂണ്‍ 2012, വത്തിക്കാന്‍
കലയും സംഗീതവും ദൈവാന്വേഷണത്തിനായുള്ള ഉത്തമ മാര്‍ഗ്ഗങ്ങളാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണ. ഇംഗ്ലണ്ടിലെ വിഖ്യാതമായ വെസ്റ്റ് മിനിസ്റ്റര്‍ ആബി ഗായകസംഘവും സിസ്റ്റെന്‍ കപ്പേളയിലെ ഗായകസംഘവും സംയുക്തമായി ജൂണ്‍ 28ാം തിയതി വ്യാഴാഴ്ച വൈകീട്ട് സിസ്റ്റൈന്‍ കപ്പേളയില്‍ അവതരിപ്പിച്ച സംഗീത വിരുന്നില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐക്യവും കൂട്ടായ്മയും വളര്‍ത്താന്‍ സംഗീതത്തിനും സംസ്ക്കാരങ്ങള്‍ക്കും സാധിക്കുമെന്നതിന്‍റെ തെളിവാണ് വത്തിക്കാനില്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബി ഗായകത്തിന്‍റെ സാന്നിദ്ധ്യമെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ അഭിപ്രായപ്പെട്ടു. വെസ്റ്റ് മിനിസ്റ്റര്‍ ആബി ഗായകസംഘവും സിസ്റ്റെന്‍ കപ്പേളയിലെ ഗായകസംഘവും സംയുക്തമായി അവതരിപ്പിച്ച സംഗീതവിരുന്ന് സഭൈക്യ ചൈതന്യത്തിന്‍റെ പ്രകടമായ അടയാളവും മുന്നോടിയുമാണെന്ന് കര്‍ദിനാള്‍ വിശേഷിപ്പിച്ചു.

ജൂണ്‍ 29-ാം തിയതി വെള്ളിയാഴ്ച ബനഡിക്ട് 16-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കപ്പെട്ട പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിവ്യബലിയിലും അതിനു മുന്‍പു നടന്ന പാലിയം ഉത്തരീയ ദാനകര്‍മ്മത്തിലും വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായകസംഘവും വെസ്റ്റ് മിനിസ്റ്റര്‍ ഗായകസംഘവും ചേര്‍ന്ന് ഗാനാലാപനം നടത്തി.









All the contents on this site are copyrighted ©.