2012-06-29 17:35:44

ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം


29 ജൂണ്‍ 2012, വത്തിക്കാന്‍
ദൈവദാസന്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനു വത്തിക്കാന്‍റെ അംഗീകാരം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അധികാരപ്പെടുത്തിയതനുസരിച്ച് വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ സംഘം ദേവസഹായം പിള്ളയുടെ രക്ഷസാക്ഷിത്വം അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി ജൂണ്‍ 28ാം തിയതി വ്യാഴാഴ്ച പുറപ്പെടുവിച്ചു.
സഭാപാരമ്പര്യമനുസരിച്ച് പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ചത്. ഒരു ഹൈന്ദവ കുടുംബത്തില്‍ 1712 ഏപ്രില്‍ 23 ന് ജനിച്ച അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ക്രിസ്തു മതത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ബുട്ടാരി എന്ന ഈശോസഭാവൈദികനില്‍ നിന്ന് 1745 ല്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. മാമ്മോദീസാ സ്വീകരണസമയത്ത് ലാസറസ് എന്ന് പേര് സ്വീകരിച്ചുവെങ്കിലും വിശ്വാസികള്‍ എല്ലാവരും അദ്ദേഹത്തെ തമിഴ്‌ നാമമായ ദേവസഹായം എന്നുതന്നെയാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മതപരിവര്‍ത്തനം രാജാവിനെ അസ്വസ്ഥനാക്കി, മൂന്നുവര്‍ഷത്തെ പീഡനങ്ങള്‍ക്ക് ശേഷവും വിശ്വാസം ത്യജിക്കാന്‍ സന്നദ്ധനാകാതിരുന്ന അദ്ദേഹത്തെ 1752 ല്‍ മതദ്രോഹക്കുറ്റം ചുമത്തി കൊല്ലുകയായിരുന്നു എന്നാണ് ക്രൈസ്തവചരിത്രം പറയുന്നത്. ദേവസഹായം പിള്ള മരിച്ച സ്ഥലത്താണ് ഇന്ന് കോട്ടാര്‍ രൂപത സ്ഥിതി ചെയ്യുന്നത്. നാഗര്‍കോവില്‍ സെന്റ് സേവ്യേഴ്‌സ് കത്തീഡ്രലിലാണ് പിള്ളയുടെ കല്ലറയുള്ളത്. ദേവസഹായം പിള്ളയുടെ ജന്മസ്ഥലമായ കോട്ടാര്‍ രൂപത 1984 ല്‍ അദ്ദേഹത്തിന്‍റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചു. 1990 ല്‍ ഒരു ഹിന്ദു ബാലന് ദേവസഹായം പിള്ളയുടെ ദര്‍ശനം വഴിയായി കിട്ടിയ അത്ഭുതരോഗസൗഖ്യത്തിന്റെ വിവരങ്ങള്‍ റോമിലേക്ക് അയച്ചത് നാമകരണനടപടികള്‍ക്ക് വേഗത കൂട്ടി. ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികള്‍ ഇന്ന് ദേവസഹായം പിള്ളയുടെ കബറിടത്തിലെത്തി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.








All the contents on this site are copyrighted ©.