2012-06-28 17:42:48

ക്രൈസ്തവ കൂട്ടായ്മ അപ്പസ്തോലന്മാരില്‍
വേരൂന്നിയതെന്ന് പാപ്പ


28 ജൂണ്‍ 2012, വത്തിക്കാന്‍
അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വത്തിലും അവരില്‍ ദൈവകൃപ വര്‍ഷിച്ച അത്ഭുത സംഭവങ്ങളിലുമാണ് ക്രൈസ്തവ കൂട്ടായ്മ വേരൂന്നി നില്ക്കുന്നതെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ പങ്കെടുക്കുവാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നും എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ പ്രതിനിധികളായി എത്തിയവരെ ജൂണ്‍ 28-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ സ്വീകരിച്ചുകൊണ്ടു നല്കിയ സൗഹൃദ പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസിന്‍റെ പ്രതിനിധികള്‍ പങ്കെടുത്തിട്ടുള്ള
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണിതെന്നും, ചരിത്രത്തിലാദ്യമായി സഭൈക്യ സംരംഭത്തിന് തുടക്കമിട്ട കൗണ്‍സിലായിരുന്നു അതെന്നും പാപ്പ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ഐക്യത്തിനായുള്ള തീവ്രമായ തീക്ഷ്ണതയാണ് കൗണ്‍സില്‍ പിതാക്കന്മാരായ ജോണ്‍ 23-ാംമന്‍,
പോള്‍ 6-ാമന്‍ എന്നീ പാപ്പാമാരെയും, എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ് അത്താനാഗോറസിനെയും അന്നാളില്‍ നയിച്ചതെന്ന് പാപ്പ കൂടിക്കാഴ്ചയില്‍ സമര്‍ത്ഥിച്ചു.

സഭയുടെ നെടുംതൂണുകളായ പത്രോസ് പൗലോസ് അപ്പസ്തോലന്മാരിലൂടെ സ്വീകരിച്ചിട്ടുള്ള നിരവധിയായ ദൈവിക നന്മകള്‍ക്കും,
ഇന്നും നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കും, “എന്‍റെകൂടെ കര്‍ത്താവിനെ വാഴ്ത്തുവിന്‍…” (സങ്കീ. 34, 4) എന്ന് സങ്കീര്‍ത്തകനോടൊപ്പം പാടിക്കൊണ്ട് നന്ദിപറയേണ്ട അവസരമാണിതെന്നും പാപ്പ കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.