2012-06-27 20:14:54

സൗഖ്യദാനത്തിന്‍റെ നിഗൂഢതകളിലേയ്ക്ക്
വിത്തുകോശ ഗവേഷണം


27 ജൂണ്‍ 2012, വത്തിക്കാന്‍
വളര്‍ച്ചയെത്തിയ വിത്തു കോശ ഗവേഷണത്തെ സംബന്ധിച്ച പുസ്തകം ബനഡിക്ട് 16-ാമന്‍ പാപ്പ പ്രകാശനംചെയ്തു. സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും
Stem for Life foundation New York-ഉം സംയുക്തമായൊരുക്കിയ, “പക്വമായ വിത്തുകോശ ഗവേഷണം, ജീവന്‍റെയും സൗഖ്യാദാനത്തിന്‍റെയും നിഗൂഢതകള്‍”, (Adult Stem Cell Research – The Mystery of Life and Secrets of healing) എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനമാണ്, ജൂണ്‍ 27-ാം തിയതി ബുധനാഴ്ച രാവിലെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തില്‍ പാപ്പാ നിര്‍വ്വഹിച്ചതെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് തോംസ് ത്രാഫ്നി പ്രസ്താവനയിലൂടെ അറിയിച്ചു. ആരോഗ്യ പരിപാലന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ധാര്‍മ്മികതയുള്ള വിത്തു കോശ ചികിത്സയെ സംബന്ധിച്ച് 2011-ല്‍ വത്തിക്കാന്‍ സംഘടിപ്പിച്ച പ്രഥമ അന്തര്‍ദേശിയ സമ്മേളനത്തിന്‍റെ ചര്‍ച്ചകളും, രോഗഗ്രസ്തമായ മനുഷ്യാവയവങ്ങളുടെ പുനരുല്പാദന ശേഷിയുള്ള ഗവേഷണത്തിലൂടെ ആര്‍ജ്ജിച്ചെടുത്തിട്ടുള്ളതുമായ ഔഷധങ്ങളെക്കുറിച്ചുമാണ് ഗ്രന്ഥം പ്രതിപാദിക്കുന്നതെന്നും വത്തിക്കാന്‍റെ വക്താവ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

ശരീരാവയവങ്ങളുടെ പ്രവര്‍ത്തനശേഷി നശിപ്പിക്കുന്ന ക്യാന്‍സര്‍, മറവിരോഗം, ഹൃദ്രോഗം, പ്രമേഹം എന്നിവയില്‍നിന്നും മോചനം നേടാന്‍ പക്വമായ അല്ലെങ്കില്‍ വളര്‍ച്ചയെത്തിയ വിത്തുകോശ ചികിത്സാ സമ്പ്രദായത്തിനു സാധിക്കുമെന്നും Stem for Life foundation New York-ന്‍റെ വക്താവ് ഡോക്ടര്‍ റോബിന്‍ സ്മിത്തും പ്രസ്താവനയില്‍ വ്യക്തമാക്കി.










All the contents on this site are copyrighted ©.