2012-06-27 20:19:41

സമാധാനത്തിന്‍റെ സ്രോതസ്സ്
സത്യമാണ്


27 ജൂണ്‍ 2012, റോം
ഭരണസംവിധാനത്തിലുള്ള നയതന്ത്ര നീക്കങ്ങള്‍ സത്യത്തെ മാനിക്കണെന്ന്,
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍ പ്രസ്താവിച്ചു. വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ അമ്പാസിഡറിന്‍റെ കാര്യാലയത്തില്‍ ജൂണ്‍ 26-ാം തിയതി ചൊവ്വാഴ്ച ചേര്‍ന്ന സാംസ്ക്കാരിക യോഗത്തില്‍, “നയതന്ത്രബന്ധങ്ങളും സത്യസന്ധതയും” എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ താവ്റാന്‍ ഇപ്രകാരം പ്രസ്താവിച്ചത്.
നല്ലൊരു നയതന്ത്രജ്ഞന്‍ സ്വന്തമായ ബോധ്യങ്ങളില്‍ മാത്രമല്ല
വസ്തുതകള്‍ കൈകാര്യം ചെയ്യേണ്ടത്, മറിച്ച് സത്യത്തിന്‍റെ വെളിച്ചത്തിലും സമാധാന പൂര്‍ണ്ണവുമായ ചര്‍ച്ചകളിലൂടെയാണെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ അഭിപ്രായപ്പെട്ടു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, ലോകരാഷ്ട്രങ്ങള്‍ക്കു ലഭിച്ച ബോധ്യത്തില്‍ നിന്നുമാണ്, നയതന്ത്രബന്ധങ്ങള്‍ സത്യത്തെ ആധാരമാക്കി ആയിരിക്കണമെന്ന ആശയം ഉയര്‍ന്നതെന്നും,
അതിന്‍റെ ഫലമായി മാനവകുലത്തിന്‍റെ നന്മയും സമാധാവും ലക്ഷൃമാക്കി ഐക്യരാഷ്ട്ര സംഘടനപോലുള്ള ലോകരാഷ്ട്രങ്ങളുടെ ആഗോളകൂട്ടായ്മ വളര്‍ന്നുവന്നതെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ വ്യക്തമാക്കി.
സത്യമാണ് സമാധാനത്തിന് പാതതുറക്കുന്നതും, എവിടെയും മാനുഷിക അസ്വാസ്ത്യങ്ങള്‍ ശമിപ്പിക്കുന്നതും, പ്രതിസന്ധികളുടെയും കലാപത്തിന്‍റെയും സാഹചര്യങ്ങള്‍ മനസ്സിലാക്കി അവ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം കാണിച്ചു തരുന്നതെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ പ്രസ്താവിച്ചു.

മനുഷ്യകുലം വിഭാവം ചെയ്യുന്ന ആഗോള ധാര്‍മ്മികത എന്നും ഏവരേയും നയിക്കേണ്ട സനാതന സത്യത്തെ ആധാരമാക്കി ആയിരിക്കണമെന്നും കര്‍ദ്ദിനാള്‍ താവ്റാന്‍ റോമില്‍ ചേര്‍ന്ന് സാംസ്ക്കാരിക വേദിയില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.