2012-06-26 16:48:37

ഗ്രാമീണ ജീവിതപ്രശ്നങ്ങള്‍


26 ജൂണ്‍ 2012, റോം
ഗ്രാമ പ്രദേശങ്ങളിലെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് കത്തോലിക്കാ സഭ ആശങ്കാകുലയാണെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍. ഗ്രാമീണ ജീവിതത്തെക്കുറിച്ച് യു.എന്‍ ഭക്ഷൃ കാര്‍ഷിക സംഘടന (FAO) നടത്തിയ നാലാമത് ലോകസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍ ടര്‍ക്സണ്‍. ദാരിദ്ര്യവും അരക്ഷിതാവസ്ഥയും സ്രഷ്ടാവിനും സൃഷ്ടിക്കുമെതിരായ ഗുരുതരമായ തെറ്റാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ സമര്‍ത്ഥിച്ചു.
“കാരിത്താസ്‍ ഇന്‍ വേരിത്താത്തെ” (“സത്യത്തില്‍ സ്നേഹം”) എന്ന ചാക്രികലേഖനത്തിലൂടെ വികസനത്തെക്കുറിച്ചു പാപ്പ നല്‍കിയ ഉള്‍ക്കാഴ്ച്ചകള്‍ കര്‍ദിനാള്‍ ടര്‍ക്സണ്‍ സമ്മേളനത്തില്‍ പങ്കുവച്ചു. മാനവ സമൂഹത്തിന്‍റെ വികസനത്തിനു അമൂല്യ സംഭാവനകള്‍ നല്‍കുന്ന ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് വേണ്ത്ര പ്രാധാന്യം ലഭിക്കുന്നില്ല. തന്‍റെ ജന്‍മനാടായ ഘാനയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അനുസ്മരിച്ച കര്‍ദിനാള്‍ മാത്സര്യമേറിയ ആഗോളവല്‍ക്കരണ പ്രക്രിയയില്‍ മുറിവേറ്റ നിരവധി സമൂഹങ്ങള്‍ അന്നാട്ടിലുണ്ടെന്നു ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണ ഖനികള്‍ ഉണ്ടായിട്ടുകൂടി ഘാനയില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനമോ സുസ്ഥിരമായ വികസനമോ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവരുടേയും നന്‍മ ലക്ഷൃം വച്ചുകൊണ്ടുള്ള ഉത്തരവാദിത്വപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമഗ്രവികസനം സാധ്യമാകൂ എന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാമീണ ജീവിത നിലവാരം മെച്ചപ്പ‍െടുത്തുന്ന സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കര്‍ദിനാള്‍ ടര്‍ക്സണ്‍ ആഗോള സമൂഹത്തെ ക്ഷണിച്ചു.








All the contents on this site are copyrighted ©.