2012-06-25 17:17:19

വത്തിക്കാനില്‍
പുതിയ മാധ്യമോപദേഷ്ടാവ്


22 ജൂണ്‍ 2012, വത്തിക്കാന്‍
വത്തിക്കാന്‍റെ മന്ത്രാലയം പുതിയ മാധ്യമ ഉപദേഷ്ടാവിനെ നിയോഗിച്ചു.
വത്തിക്കാനെക്കുറിച്ചും അതിന്‍റെ ഭരണ സംവിധാനങ്ങളെക്കുറിച്ചും അടുത്തകാലത്ത് ഉയര്‍ന്നുവന്ന മാധ്യമ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്, ആഗോള വാര്‍ത്താ ഏജെന്‍സികളുമായി നല്ല ബന്ധം സൃഷ്ടിക്കുന്നതിനും വത്തിക്കാന്‍റെ വാര്‍ത്തകള്‍ വളച്ചൊടിക്കാതെ ജനങ്ങളി‍ല്‍ എത്തിക്കുന്നതിനും വേണ്ടി ഈ പുതിയ നിയമനം നടത്തിയതെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്‍റെ വക്താവ് വെളിപ്പെടുത്തി.
പരിചയ സമ്പന്നനായ അമേരിക്കന്‍ വാര്‍ത്താ ലേഖകന്‍, ഗ്രെഗ് ബേര്‍ക്കിനെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് മാധ്യമ ഉപദേഷ്ടാവായി നിയോഗിച്ചിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ ഫോക്സ് ചാനലില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള 57-കാരനായ ഗ്രെഗ്, ടൈം മാഗസിന്‍റെ
വാര്‍ത്താ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കാലത്ത് വത്തിക്കാന്‍റെ മാധ്യമ മേധാവിയായിരുന്ന സ്പെയിന്‍കാരനായ ജൊവാക്കിം നവാരോ വാള്‍സിനെയാണ് മാധ്യമലോകം ഗ്രെഗ് ബേര്‍ക്കില്‍ പ്രതീക്ഷിക്കുന്നതെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് വെളിപ്പെടുത്തി.

ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക വക്താവായി തുടരുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അറിയിച്ചു.










All the contents on this site are copyrighted ©.