2012-06-25 17:22:16

'പത്രോസിന്‍റെ ചില്ലിക്കാശ്’
നന്ദിയോടെ പാപ്പ


25 ജൂണ്‍ 2012, വത്തിക്കാന്‍
പത്രോസിന്‍റെ ചില്ലിക്കാശ്, Peter’s Pence എന്ന പേരില്‍ സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍ ആഗോളതലത്തില്‍ ശേഖരിക്കുന്ന ധനസഹായത്തിന് പാപ്പ നന്ദിപ്രകാശിപ്പിച്ചു.
ലോകത്തിന്‍റെ നാനാ ഭാഗത്തുമുള്ള കത്തോലിക്കര്‍ ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും നിര്‍ലോഭമായി നല്കുന്ന സാമ്പതിക സഹായത്തിനാണ്, ജൂണ്‍ 24-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥന പ്രഭാഷണമദ്ധ്യേ പാപ്പ പ്രത്യേകം നന്ദിപറഞ്ഞത്.
പാപ്പായുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരം (Peter’s Pence) ആഗോളസഭയില്‍ പതിവായി നടത്തുന്നത് ജൂണ്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ്.
മദ്ധ്യഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശമായ ഏമീല്യാ റൊമാഞ്ഞ ചൊവ്വാഴ്ച രാവിലെ താന്‍ സന്ദര്‍ശിക്കുകയാണെന്നും, മരണത്തിന്‍റെയും നാശനഷ്ടങ്ങളുടെയും വേദനയനുഭവിക്കുന്ന അവിടുത്തെ ജനങ്ങള്‍ക്കുവേണ്ടി തന്നൊടൊപ്പം പ്രാര്‍ത്ഥനയില്‍ അനുഗമിക്കണമെന്നും, വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കെത്തിയ ആയിരക്കണക്കിന് തീര്‍ത്ഥാടകരോട് പാപ്പ അഭ്യര്‍ത്ഥിച്ചു.

പാപ്പായുടെ സഹായധനത്തില്‍നിന്നും 80 ലക്ഷത്തോളം രൂപ ഭൂകമ്പബാധിത പ്രദേശങ്ങള്‍ക്കായി നല്കുകയുണ്ടായി. ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി നല്കിയ ഒന്നരക്കോടിയോളം രൂപാ കൂടാതെ, ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ജൂണ്‍ 24-ാം തിയതി ഞായറാഴ്ച ശേഖരിച്ച ധനസഹായവും എമീലിയ-റൊമാഞ്ഞ പ്രവിശ്യയില്‍ തകര്‍ന്ന ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനഃര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുമെന്നും പാപ്പാ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.