2012-06-25 16:47:04

ദുരിത ഭൂമിയില്‍
സാന്ത്വനമായെത്തുന്ന പാപ്പ


25 ജൂണ്‍ 2012, വത്തിക്കാന്‍
ബനഡിക്‍ട് 16-ാമന്‍ പാപ്പ ജൂണ്‍ 26-ാം തിയതി ചൊവ്വഴ്ച മദ്ധ്യഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വത്തിക്കാനില്‍നിന്നും ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പുറുപ്പെടുന്ന പാപ്പ ഒരു മണിക്കൂറിലേറെ യാത്രചെയ്ത്, ദുരന്ത പ്രദേശത്തെ കാപ്രിയ സ്പോര്‍ട്സ് മൈതാനിയില്‍ ഇറങ്ങും. സ്ഥലത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ കാര്‍ലോ കഫാരാ
പാപ്പായെ സ്വീകരിക്കും. ഭൂകമ്പത്തിന്‍റെ കെടുതികള്‍ ഇനിയും അനുഭവിക്കുന്ന ഇടങ്ങളിലേയ്ക്ക് തുടര്‍ന്ന് മിലിറ്ററി വാഹനത്തില്‍ യാത്രചെയ്യുന്ന പാപ്പ, ഏറ്റവും കൂടുതല്‍ വേദനിക്കുന്ന ജനങ്ങളെയും ദുരന്തത്തില്‍പ്പെട്ട സ്ഥാപനങ്ങളും സന്ദര്‍ശിക്കും. അലക്സാന്ത്രിയായിലെ വിശുദ്ധ കത്രീനായുടെ തകര്‍ന്ന ദേവാലയം സന്ദര്‍ശിക്കുന്ന പാപ്പ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെ കൊല്ലപ്പെട്ട അവിടുത്തെ വികാരി, ഫാദര്‍ ഐവാന്‍ മര്‍ത്തീനിയെ സംസ്ക്കരിച്ചിരിക്കുന്ന കല്ലറ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കും. സ്ഥലത്തെ ഭരണാധികാരികളും, പൗരപ്രതിനിധികളുമായും മെത്രാന്മാര്‍, ഇടവക വികാരിമാര്‍, സന്ന്യസ്തര്‍ എന്നിവരുമായും കൂടിക്കഴ്ച നടത്തുന്ന പാപ്പ മദ്ധ്യാഹ്നത്തില്‍ ഒന്നര മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.

മെയ് 29-ാം തിയതി രാത്രിയിലാണ് മദ്ധ്യഇറ്റലിയുടെ ഏമീല്യാ-റൊമാഞ്ഞാ പ്രദേശത്ത് 6 റിക്കര്‍ സ്കെയില്‍ ശക്തിയില്‍ ആഞ്ഞുലച്ച ഭൂകമ്പം 20 പേരുടെ ജീവന്‍ അപഹരിക്കുകയും ആയിരങ്ങളെ മുറിപ്പെടുത്തുകയും പതിനായിരങ്ങളെ ഭവന രഹിതരാക്കുകയും ചെയ്തത്. മൂന്നു ദിവസത്തോളം തുടര്‍ന്ന ഭൂചലനം ആയിരക്കണക്കിന് ഭവനങ്ങളെയും ധാരാളം പുരാതന ദേവാലയങ്ങളെയും തകര്‍ക്കുകയുണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് അന്തര്‍ദേശിയ കുടുംബ സംഗമത്തിനായി മിലാനിലെത്തിയ പാപ്പ സാന്ത്വന സന്ദേശം അയക്കുക മാത്രമല്ല, അഞ്ചു ലക്ഷം യൂറോ, 80 ലക്ഷത്തോളം രൂപാ സാഹായധനം എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.








All the contents on this site are copyrighted ©.