2012-06-23 20:44:41

സുവിശേഷപരിചിന്തനം
മലങ്കര റീത്ത്
24 ജൂണ്‍ 2012


പെന്തക്കുസ്തായ്ക്കുശേഷം നാലാം ഞായര്‍
വിശുദ്ധ ലൂക്കാ 6, 27-36.
RealAudioMP3
പുഴയോരത്തിരുന്ന് കുഞ്ഞു കരയുകയാണ്. അവന്‍റെ കളിവീട് ആരോ തകര്‍ത്തുകളഞ്ഞു. അതാണവന്‍റെ വേദന. ഞാന്‍ ആരുടേയും കളിവീടു തകര്‍ത്തിട്ടില്ലല്ലോ. എന്നിട്ടെന്തേ എന്‍റെ കളിവീടു തകര്‍ക്കപ്പെട്ടു?
ഇന്നു നമ്മുടെ ബന്ധങ്ങളില്‍ പൊള്ളലായി ഉയരുന്ന ചോദ്യമാണിത്. നാം ആരുടേയും മണ്‍വീടുകള്‍ തകര്‍ക്കാന്‍ ശ്രവിച്ചിട്ടില്ല. എന്നിട്ടും നമ്മുടെ മണ്‍വീടുകള്‍ എന്തുകൊണ്ടാണ് മറ്റുള്ളവരാല്‍ തകര്‍ക്കപ്പെടുന്നത്? ഒരുവന്‍ അപരനെ മുറിവേല്പിക്കുന്നത് എന്നതിന് വിശദീകരണമൊന്നും ഉണ്ടാകണമെന്നില്ല.

ജീവിതാഹ്ലാദത്തിന് മൂന്ന് അനിവാര്യതകളുണ്ട്. ഒന്ന്, നമ്മോടുതന്നെ പൊറുക്കാനുകുക. രണ്ട്, അപ്രിയമായ അനുഭങ്ങള്‍ ഉണ്ടായാലും അപരനോടു ക്ഷമിക്കാന്‍ കഴിയുക. മൂന്ന്, നമുക്ക് താത്പര്യമില്ലാത്ത ജീവാതാനുഭവങ്ങള്‍ക്കും വന്നുകൂടുന്ന സഹനങ്ങള്‍ക്കും ദൈവത്തോടും പരിഭവം ഇല്ലാതിരിക്കുക. ഈ വിധത്തില്‍, ആരോടും പരിഭവമില്ലാതിരിക്കുക എന്നതാണു പ്രധാനം.
ഒരു സഞ്ചാരിയുടെ ദൈവശാസ്ത്രം പോലെയാണിത്. അമിതഭാരങ്ങള്‍ യാത്രയുടെ കൗതുകത്തെ വല്ലാതെ നശിപ്പിച്ചുകളയുന്നു. നമ്മുടെ യാത്രയെ തീര്‍ത്ഥാടനമായി കാണാന്‍ കഴിയണമെങ്കില്‍ മനസ്സിലെ ഭാണ്ഡക്കെട്ടിലെ ഭാരമുള്ള കല്ലുകള്‍ എടുത്തു മാറ്റിയേ തീരൂ.

കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു പ്രാര്‍ത്ഥിച്ചു, “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇരോടു ക്ഷമിക്കണമേ.” ആരും ഒന്നും അറിയുന്നില്ല എന്നതാണു സ്ത്യം. നമ്മെ വേദനിപ്പിച്ചവന്‍ അറിയുന്നില്ല നമുക്ക് നല്കിയ ഉറക്കമില്ലാത്ത രാവുകളെപ്പറ്റി, അഥവാ മുടക്കിയ അത്താഴങ്ങളുടെ രുചിയെപ്പറ്റി. പ്രാര്‍ത്ഥനയില്‍ നമ്മള്‍ വീഴ്ത്തിയ കണ്ണീരിന്‍റെ അളവുകള്‍ നമ്മെ വേദനിപ്പിച്ചവന്‍ അറിയുന്നില്ല. ആരും ആരേയും മനസ്സിലാക്കാത്ത അവസ്ഥയാണ് ഇന്ന് ലോകത്ത്. മനുഷ്യര്‍ക്കു മനുഷ്യരെ മനസ്സിലാകും എന്നു പറയുന്നതു ഇന്ന് നമ്മുടെ വലിയ തെറ്റിദ്ധാരണകളില്‍ ഒന്നാണെന്ന് തോന്നുന്നു.

പലപ്പോഴും നമുക്കേറ്റവും അടുത്തയാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള അറിവു കടലിലെ മഞ്ഞുമലയ്ക്കു സദൃശമാണ്, എന്നാണ് മനഃശ്ശാസ്ത്രജ്ഞന്‍ പറയുന്നത്. മഞ്ഞുകട്ടയെപ്പോലെ, ഏഴിലൊന്നു മാത്രമേ വെളിപ്പെട്ടു കിട്ടുന്നുള്ളൂ. ആറുഭാഗവും ഏതൊക്കെയോ കടലിനു കീഴിലാണ്. പ്രഭാതത്തില്‍ ഒരാള്‍ എന്‍റെ വീടിന്‍റെ പൂന്തോട്ടത്തിലേയ്ക്കു കടന്നു വരുന്നു. പൂക്കളും ചെടികളും പുല്‍ത്തകിടികളും ചവിട്ടിമെതിച്ചാണ് ആയാള്‍ മുന്നോട്ടു നീങ്ങിയത്. കോപം വന്നു. ഓടിച്ചെന്ന് അയാളെ കഴുത്തിനു പിടിച്ച് വീടിന്‍റെ ഗെയ്റ്റിനു പുറത്താക്കി തള്ളിവിട്ടു. വീഴുവാന്‍ പോയ ആ മനുഷ്യന്‍റെ മുഖത്തു നോക്കയപ്പോഴാണ് മനസ്സിലായത്, തന്‍റെ തോട്ടത്തില്‍ കടന്നു ചെടികളും പൂക്കളും ചവിട്ടി മെതിച്ചവന്‍ അന്ധനായിരുന്നു. അറിയാതെ വിഴിതെറ്റി അയാള്‍ പൂന്തോട്ടത്തില്‍ പ്രവേശിച്ചതാണ്...... ദുഃഖിതനായ ഞാന്‍, എന്‍റെ മനസ്സല്‍ കുറിച്ചു. “നിങ്ങളുടെ തോട്ടങ്ങള്‍ നശിപ്പിക്കുന്നവരോടു വിദ്വേഷമരുത്. ഒരുപക്ഷേ അവര്‍ അന്ധരായിരിക്കാം.”

എന്‍റെ സത്പേരിന്‍റെ പൂന്തോട്ടങ്ങള്‍ നശിപ്പിക്കുന്നവരുണ്ട്. എത്രയോ പേരുടെ കൗമാര വിശുദ്ധിയുടെ പൂന്തോട്ടങ്ങള്‍ പിച്ചിചീന്തുന്നവര്‍? എന്‍റെ ഗാര്‍ഹിക സ്വപ്നങ്ങളുടെ തോട്ടം മലീമസമാക്കുന്നവര്‍? അവരോടു വിദ്വേഷമരുത്. അവര്‍ അന്ധരായിരിക്കാം!
മുറിവേറ്റവര്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം?
കാടിനെക്കുറിച്ചു പറയുമ്പോള്‍ അവിടുയുള്ള ഏറ്റവും ക്രൂരനായ മൃഗം ഏതാണ്? സിംഹമോ പുലിയോ കടുവയോ ഒന്നമല്ല, വേട്ടക്കാരന്‍റെ കെണിയില്‍നിന്നും മുറിവേറ്റ് രക്ഷപ്പെട്ട മൃഗമാണ് ഏറ്റവും ക്രൂരന്‍. അവന്‍റെ ഉള്ളിലെ ആദ്യ ചിന്ത പ്രതികാരമാണ്.

എന്‍റെ വ്രണിതാനുഭവങ്ങള്‍ക്ക് അതേ അളവില്‍, സ്വര്‍ണ്ണം തൂക്കുന്ന തുലാസില്‍ എന്നപോലെ തൂക്കി ഞാന്‍ മറുപടി നല്കുന്നു. ബൈബിളിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, മൃതനേക്കാള്‍ മരിച്ച അവസ്ഥയാണിത്.
വിശുദ്ധ റീത്തായുടെ ജീവിതം ഇവിടെ നമുക്ക് പാഠവും പ്രസക്തമായ കഥയുമാണ്. റീത്തായുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു. അയാളെ സംസ്കരിച്ചശേഷം സിമിത്തേരിയില്‍നിന്നു ദുഃഖത്തോടെ പുറത്തേയ്ക്കു വരുന്ന അവളെ ആശ്വസിപ്പിക്കുന്നു രണ്ടു കരുന്നുകള്‍ - റീത്തയുടെ ആണ്‍മക്കള്‍.
അവര്‍ പറയുന്നു, “അമ്മേ കരയരുത്. ഞങ്ങള്‍ വലുതായിക്കൊള്ളട്ടെ. ഇതിനൊക്കെ പ്രതികാരം
ഞങ്ങള്‍ ചെയ്തുകൊള്ളാം.” മക്കളുടെ ആശ്വാസ വാക്കുകള്‍ കേട്ട് റീത്ത അവിടെ മുട്ടിന്മേല്‍ വീണു പ്രാര്‍ത്ഥിച്ചത്രേ.

“ദൈവമേ, എന്‍റെ ഈ കുഞ്ഞുങ്ങളെ പകയില്‍നിന്നു മുക്തരാക്കി വളര്‍ത്താന്‍ എനിക്കായില്ലെങ്കില്‍, അവരുടെ ആയുസ്സിനെ അങ്ങ് ഒടുക്കിക്കൊള്ളുക.” രണ്ടു കുഞ്ഞുങ്ങളും രോഗബാധിതരായി മരണമടഞ്ഞു, എന്നാണ് ചരിത്രം. ഒരമ്മയും ഈ വിധം ക്രൂരയായിക്കൂടാ എന്നാണ്, ബാല്യത്തില്‍ ഇതുവായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്. പക്ഷേ, ഇന്നു കുറെക്കൂടി വെളിച്ചം ലഭിക്കുമ്പോള്‍ മനസ്സിലാകുന്നു, ഉള്ളില്‍ പക സൂക്ഷിക്കുന്നതിന്‍റെ അര്‍ത്ഥം മൃതനെക്കാള്‍ മൃതിയില്‍ ജീവിക്കുക എന്നാണെന്ന്.

പ്രതികാരത്തിന്‍റെ ഇര മുറിവേല്പച്ച വ്യക്തിയാകണമെന്നില്ല. പകരം പുതിയ ഇരയെ കണ്ടെത്തുന്ന മാനസീക അവസ്ഥയിലേയ്ക്കാണ് പലരും പ്രവേശിക്കുക. മുറിവേല്പിച്ച ബി-യെ അല്ല ഞാന്‍ മുറിപ്പെടുത്തുന്നത്. പകരം നിസ്സഹായനായ സി-യെയാണ്. വ്രണിതാനുഭവങ്ങള്‍ എന്‍റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും നിലപാടുകളെയും നെഗറ്റീവായി സ്വാധീനിക്കുമ്പോള്‍, പകരം പുതിയ ഇരയെ കണ്ടെത്തുകയാണു ഞാന്‍.

ഹിറ്റലര്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യനായി ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിലേ
അമ്മ നഷ്ടപ്പെട്ടപ്പോള്‍, ബാല്യം മുതല്‍ നായയെപ്പോലെ വളരെ ക്രൂരമായിട്ടാണ് പിതാവ് അവനെ വളര്‍ത്തിയത്. വീട്ടിലുണ്ടായിരുന്ന അമ്മായി ഭ്രാന്തിയുമായിരുന്നു. എപ്പോഴും അവന്‍റെ മുറിയില്‍ച്ചെന്ന് അവനെ അവര്‍ പീഡിപ്പിച്ചിരുന്നു. ഹിറ്റലര്‍ക്ക് ഭാവിയില്‍ അധികാരം കിട്ടിയപ്പോള്‍ ഉടനെ മറ്റുള്ളവരെ ആക്രമിക്കാനും പീഡിപ്പിക്കാനും തുടങ്ങുന്നു. തന്‍റെ നാട്ടില്‍ വൈകല്യമുള്ളവര്‍ ആരും ഉണ്ടാകാന്‍ പാടില്ല എന്നായി മറ്റൊരു നിഷ്ക്കര്‍ഷ. കോങ്കണ്ണുള്ളവരെ പോലും അയാള്‍ വകവരുത്തി.
തന്‍റെ വ്രണിതാനുഭവങ്ങള്‍ക്കു പകരം പുതിയ ഇരകളെ കണ്ടെത്തുകയാണ്.

ഇനി ഉദാത്തീകരണത്തിന്‍റെ, അനുരജ്ഞനത്തിന്‍റെ മനോഹരമായ തലത്തിലേയ്ക്കു നോക്കാം. ലഭിച്ച ദുഃഖാനുഭങ്ങള്‍ എന്‍റെ നിലപാടിനെ വിപരീതാത്മകമാക്കുന്നില്ല. അതേ സമയം എനിക്കൊരു ശാഠ്യമുണ്ട്. സമാനമായ ദുഃഖത്തിന്‍റെ അനുഭവങ്ങള്‍ ഞാനാര്‍ക്കും സമ്മാനിക്കില്ല.

ഇവിടെ ക്രിസ്തുവിനെക്കുറിച്ച് പറയുന്ന പാരമ്പര്യ കഥതന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. കുരിശില്‍ കൊല്ലപ്പെട്ടിട്ടും ക്രിസ്തുവിനോടു പകതീരാത്ത ഒരു കണ്ണിന് കാഴ്ചയില്ലാതിരുന്ന അന്ധനായ പടയാളി കുന്തംകൊണ്ട് അവിടുത്തെ നെഞ്ചു കുത്തിപിളര്‍ന്നു. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്തത് എന്നു ചോദിക്കാം. കാരണം ക്രിസ്തു അവന് എതിരായി ഒരു ദ്രോഹവും ചെയ്തിട്ടില്ല. പക്ഷേ, കാഴ്ചയില്ലാതിരുന്ന അവന്‍റെ ലോകത്തില്‍ ക്രിസ്തുവിനു കാഴ്ചയുണ്ടായിരുന്നു എന്ന ചിന്തയില്‍ അന്ധന്‍ പകരം ഇരയെ കണ്ടെത്തിയതാകാം. എന്നാല്‍ ക്രിസ്തുവാകട്ടെ, തന്‍റെ നെഞ്ചില്‍നിന്നു വാര്‍ന്നു വീണ രക്തവും ജലവും കൊണ്ട് അന്ധന് കാഴ്ച നല്കുന്നു.
നീ എന്നെ മുറിപ്പെടുത്തി കൊള്ളുക. എനിക്കു വ്രണിതാനുഭവങ്ങള്‍ സമ്മാനിച്ചുകൊള്ളുക.
എന്‍റെ മുറിവുകള്‍കൊണ്ട് ഞാന്‍ നിന്നെ സൗഖ്യപ്പെടുത്താം. I can become a wounded healer. സമാനമായ അനുഭവങ്ങള്‍ ഭൂമിയിലെ ഒരു കുഞ്ഞുനുപോലും കൊടുക്കുകയില്ല, എന്ന സ്നേഹശാഠ്യം ഉയരുമ്പോള്‍ മനുഷ്യന്‍ അവന്‍റെ മുറിവുകള്‍ സുഖപ്പെടുത്തുകയാണ്. അങ്ങനെ മുറിവുകള്‍ തിരുമുറിവുകളായി രൂപാന്തരപ്പെടുകയാണ്.

സഹോദരങ്ങളാല്‍ വേട്ടയാടപ്പെടുന്ന പഴയ നിയമ ചരിത്രത്തിലെ കഥാപാത്രമാണു ജോസഫ്. സഹോദരങ്ങളാല്‍ ഏറെ ദുഃഖമനുഭവിക്കേണ്ടി വന്നവന്‍. സ്വപ്നം കണ്ടതിന്‍റെ പേലില്‍ ഒറ്റപ്പെടുന്നു. പിതാവിന്‍റെ ഇഷ്ടപുത്രനായിരുന്നതിനാല്‍ പൊട്ടക്കിണറ്റിലേയ്ക്കു വലിച്ചെറിയപ്പെടുന്നു. ഇരുപതു വെള്ളിക്കാശിനു വില്ക്കപ്പെടുകയും തടവുകാരനാക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിലെന്നും നന്മയുക്കുവേണ്ടി നിന്നവന്‍ എല്ലായ്പ്പോഴും പീഡിപ്പിക്കപ്പെടുകയാണ്. എന്നിട്ടും തന്‍റെ പ്രതാപകാലങ്ങളില്‍ ഈ മനുഷ്യന്‍ ഉപാധികളൊന്നുമില്ലാതെ തന്‍റെ സഹോദരങ്ങളോടു പൊറുത്തു. മാത്രമല്ല തനിക്കൊരു കുഞ്ഞു പിറന്നപ്പോള്‍ ജോസഫ് അവന് ഇങ്ങനെ പേരിട്ടു, മനാസ്സേ....!
നീ മറക്കണം, എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം.

ക്രൈസ്തവ ശിഷ്യത്വത്തിന്‍റെ മുഖമുദ്രയാണ് ക്ഷമിക്കുക, എന്നത്. നിങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പുത്രരാകുക. പിതാവ് കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക... ദൈവത്തിന്‍റെ പൂര്‍ണ്ണത അവിടുത്തെ കാരുണ്യമാണ്.
ശത്രുക്കളെ സ്നേഹിക്കുവാനും അവരോടു ക്ഷമിക്കുവാനും ഔദാര്യപൂര്‍വ്വകമായ ഈ ദൈവിക
കരുണ ആവശ്യമാണ്.








All the contents on this site are copyrighted ©.